24.1 C
Kottayam
Monday, November 18, 2024
test1
test1

ഞാൻ കണ്ട കോടിയേരി, കണ്ണുനനയിച്ച് ബിനീഷിന്‍റെ കുറിപ്പ്

Must read

കണ്ണൂർ: കേരളത്തെ ഏറെ വേദനപ്പിച്ചതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ അപ്രതീക്ഷിത വിയോഗം. അത്രമേൽ കണ്ണീരോടെയും വേദനയോടെയുമായിരുന്നു മലയാളക്കാര കോടിയേരിക്ക് യാത്രാമൊഴി ഏകിയത്. ജനങ്ങളുടെ ഒപ്പം നിന്ന് പ്രവർത്തിച്ച കോടിയേരി രാഷ്ട്രീയ എതിരാളികൾക്ക് പോലും അത്രമേൽ പ്രിയപ്പെട്ട നേതാവായിരുന്നു.

കോടിയേരിയുടെ വിയോഗം കേരള ജനതക്ക് എത്രമേൽ ശൂന്യത ഉണ്ടാക്കിയോ അതിലും എത്രയേറെ ശൂന്യതയാകും കുടുംബത്തിന് ഉണ്ടാക്കിയത് എന്നത് ആർക്കും ഊഹിക്കാവുന്നതാണ്. ഇപ്പോഴിതാ മകൻ ബിനീഷ് കോടിയേരി, അച്ഛന്‍റെ വിയോഗത്തിലെ വേദന പങ്കുവച്ചുകൊണ്ടുള്ള വൈകാരികമായ കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. കേരള ജനത അച്ഛനെ എത്രതോളം സ്നേഹിച്ചിരുന്നു എന്നത് ഓരോ അനുഭവങ്ങളിലൂടെയും ബിനിഷ് കൃത്യമായി പങ്കുവച്ചിട്ടുണ്ട്.

കൂത്തുപറമ്പിൽ വെടിയേറ്റ പുഷ്പനും കോടിയേരിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് ബിനീഷ് ആദ്യം കുറിച്ചത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാര്യം പറയുമ്പോൾ, ‘കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണ്ണമാകില്ല’ എന്നാണ് കുറിച്ചത്. ഉമ്മൻ ചാണ്ടി, എം എ യൂസഫലി, കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രൻ തുടങ്ങി നിരവധി പേരുടെയും അനുഭവങ്ങൾ ബിനീഷ് കുറിച്ചിട്ടുണ്ട്.

ബിനീഷിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

ഞങ്ങളെ  ആശ്വസിപ്പിച്ച , ആശ്വസിപ്പിക്കുന്ന അച്ഛനെ അറിയുന്ന അച്ഛനെ സ്നേഹിച്ച എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും ആദ്യമേ പറയട്ടെ,
എന്ത് എഴുതണം, എങ്ങനെ പറയണം എന്നൊന്നും മനസ്സിലാവുന്നില്ല.
ജീവിതത്തിൽ എപ്പോഴെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുന്നതിനെ കുറിച്ചു നമ്മൾ ആലോചിക്കാറില്ലലോ.
കോടിയേരി എന്ന മനുഷ്യൻ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നും
ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനങ്ങളുടെ ഹൃദയങ്ങളിൽ എങ്ങനെയാണ് അടയാളപ്പെട്ടത് എന്നും  കോടിയേരിയുടെ വിയോഗത്തോടെയാണ് മനസ്സിലാവുന്നത് .
അത്രയേറെ ജനങ്ങളാൽ അല്ലെങ്കിൽ ജനങ്ങളോട് ചേർന്നു നിന്നിരുന്നു അച്ഛൻ.
കോടിയേരിയെ പറ്റി നിരവധിയായ ആളുകൾ എഴുതുകയും പറയുകയും ചെയ്യുന്നു ഇപ്പോഴും, അതിൽ തന്നെ, ഞാൻ ഏറ്റവും ശ്രദ്ധിച്ച ഒന്ന് എല്ലാവരും എഴുതുന്നത് കേട്ടറിഞ്ഞ കോടിയേരിയെ പറ്റിയല്ല, അവരുടെയൊക്കെ ജീവിതത്തിൽ നേരിട്ട് കോടിയേരിയിൽ നിന്നുണ്ടായ അനുഭവങ്ങളാണ്. ഇത്രയും സഖാക്കളോട് അല്ലെങ്കിൽ ജനങ്ങളോട് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടാകുക എങ്ങനെയാണ്  എന്നുള്ളത് ചിന്തിക്കുമ്പോൾ, യഥാർത്ഥത്തിൽ  ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്തായിരിക്കണം എന്നതിന്റെ തന്നെ പാഠപുസ്തകമാകുകയായിരുന്നു സ്വജീവിതം കൊണ്ട് അച്ഛൻ എന്ന് ഞാൻ തിരിച്ചറിയുന്നു.
 എന്റെ ജീവിതത്തിൽ അച്ഛൻ  എന്തായിരുന്നു എന്നുള്ളത് ഒരു കുറിപ്പിലൂടെ മാത്രം എഴുതി തീർക്കാവുന്ന ഒന്നല്ല, അത് എഴുതിത്തന്നെ തീർക്കാനാവുമോ എന്നും എനിക്കറിയില്ല…
മകൻ എന്ന രീതിയിലും ഒരു സഖാവ് എന്ന നിലയിലും നോക്കിക്കാണുമ്പോൾ ഞാൻ കണ്ട കോടിയേരി,  അല്ലെങ്കിൽ അച്ഛനെ അറിയുന്ന ആളുകൾ പറഞ്ഞ അനുഭവങ്ങൾ ആണ് ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നത്.
അച്ഛനെക്കുറിച്ചിങ്ങനെ എഴുതുമ്പോൾ 
പ്രധാനമായും ചിന്തയിൽ വരുന്ന ഒരു കാര്യം ജീവിതത്തിൽ ഇന്നേവരെ ഇന്നതാവണം, ഇന്ന നിലയിൽ ഉള്ളവരോടെ സംസാരിക്കാവൂ, ഇന്നനിലയിൽ ഉള്ളവരോടെ ബന്ധപ്പെടാവു എന്നൊന്നും ഒരിക്കലും   ഞങ്ങളുടെ അടുത്ത്  അച്ഛൻ  പറഞ്ഞിട്ടില്ല എന്നതാണ്. സ്വന്തമായി ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നു.
ഓരോരുത്തരുടെയും ജീവിതത്തിൽ അച്ഛൻ ഏതേതെല്ലാം തരത്തിൽ സ്വാധീനം ചെലുത്തിയിരുന്നു എന്ന് ഞങ്ങൾ അറിയുന്നു. സാധാരണ പല നേതാക്കൾക്കും ഒരു സ്ഥലത്ത് ചെന്ന് കഴിഞ്ഞാൽ അവിടെയുള്ള എല്ലാവരോടും ബന്ധം ഉണ്ടാകണമെന്നില്ല, അച്ഛനെ സംബന്ധിച്ച് അച്ഛൻ ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെയുള്ള ഓരോരുത്തരുടെയും ജീവിതത്തിൽ ഒരു അനുഭവം, അല്ലെങ്കിൽ ഓർത്തുവയ്ക്കാനാവുന്ന ഒരു സംഭവം സമ്മാനിച്ചേ മടങ്ങിയിരുന്നുള്ളു എന്നുള്ളത് മരണശേഷമാണ് ഇത്രയേറെ ആഴത്തിലറിയുന്നത്. 
അച്ഛനെക്കുറിച്ചുള്ള ചിന്തകൾ, എന്‍റെ അച്ഛൻ എന്ന ഒരു കാഴ്ചപ്പാടിലേക്കത് മാറിയേക്കാം എങ്കിലും അങ്ങനെ മാത്രമല്ല നോക്കിക്കാണേണ്ടത് എന്ന ശക്തമായ തിരിച്ചറിവ് നൽകുന്ന അനുഭവങ്ങളാണ് അച്ഛന്‍റെ മരണശേഷം ഞങ്ങൾക്ക് ഉണ്ടായത്. ഇന്നിപ്പോൾ അച്ഛൻ മടങ്ങിയിട്ട്  ദിവസങ്ങളായി. ഇപ്പോഴും ഞങ്ങളെ കാണാനെത്തിക്കൊണ്ടിരിക്കുന്നവർ അത്രയേറെയാണ്.
മരണശേഷം അച്ഛനെ കാണാൻ വന്ന ആളുകൾ,  ഞങ്ങളെ കാണാൻ വന്ന ആളുകൾ, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ആളുകൾ എല്ലാം, അച്ഛനിലേക്കുള്ള പടിക്കെട്ടുകൾ ഇനിയും ധാരാളം അവശേഷിക്കുന്നു എന്ന തിരിച്ചറിവാണ് എനിക്ക് നൽകുന്നത്.  ദൂരെ ദിക്കിൽ നിന്നുമുള്ള അവശത അനുഭവിക്കുന്ന ആളുകൾ പോലും വന്നുകൊണ്ടിരിക്കുന്നു, വലിയ ഒരു വിഭാഗം  കിടപ്പുരോഗികൾ ആതുര ചികത്സ നേടുന്നവർ ആയിട്ടുള്ളവരാണ് എന്നത് ഏറെ അതിശയിപ്പിക്കുന്നു. അത്രയും അവശത അനുഭവിക്കുന്ന ആളുകൾക്ക്  ഇത്രയും ബുദ്ധിമുട്ട് സഹിച്ചുവന്ന് ഞങ്ങളെ കാണേണ്ട ആവശ്യം ഇല്ലല്ലോ, എന്നിട്ടും അവർ വരുന്നു., ഒന്നിനും വേണ്ടി അല്ല പയ്യാമ്പലത് ആ സ്ഥലം ഒന്നു കാണാൻ അച്ഛനെ കാണാനായി അവർ പോകുന്നു , അവർക്ക് അച്ഛനാരായിരുന്നു എന്ന്, എന്തായിരുന്നു എന്ന്  ഞങ്ങൾ  മനസ്സിലാക്കുകയാണ്. അവരുടെയൊക്കെ ജീവിതത്തിൽ എത്രമാത്രം ആണ് അച്ഛൻ  സ്നേഹ സാന്ത്വനങ്ങൾ  കൊടുത്തിട്ടുള്ളത് എന്നറിയുകയാണ്. രണ്ടും മൂന്നും പേർ താങ്ങിയെടുത്തുകൊണ്ടുതന്നെ വന്നവർ നിരവധിയാണ് ,തീരെ വയ്യാത്ത ആളുകൾ.
സഖാക്കൾക്കും, ജനങ്ങൾക്കും  മറ്റു രാഷ്ട്രീയ പ്രവർത്തകർക്കും ഏറ്റവും പ്രിയപ്പെട്ടതായിരുന്നു അച്ഛൻ , 
സഖാവ് പുഷ്‌പേട്ടനും അച്ഛനും തമ്മിലുണ്ടായിരുന്ന ആത്മബന്ധം എന്തായിരുന്നു എന്ന് ഞാൻ നേരിട്ട് ജീവിതത്തിൽ കണ്ടിട്ടുള്ളതാണ് , മരണശേഷം പുഷ്‌പേട്ടൻ അച്ഛനെ കാണാൻ വന്ന വൈകാരികമായ ആ കാഴ്ചയിലൂടെ ലോകവും കണ്ടു…
അതുപോലെ തന്നെയാണ്‌ വിജയേട്ടനുമായുള്ള ബന്ധം അദ്ദേഹത്തിന് എന്തായിരുന്നു കോടിയേരി എന്ന് ഇനി ഒരു വരച്ചു കാട്ടലോ പറയലോ ആവശ്യമായിട്ടുണ്ട് എന്ന് തോന്നുന്നില്ല. 
കാരണം കേരളത്തിന്റെ രാഷ്ട്രീയ വിഹായസ്സിൽ പിണറായിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നത് എന്ന് അന്ന് കേരളം കണ്ടു .
കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണ്ണമാകില്ല .
മറ്റൊന്ന് ഉമ്മൻചാണ്ടി അങ്കിൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നതാണ്, ആ വരവ്, അദ്ദേഹവും അച്ചനും തമ്മിലുണ്ടയിരുന്ന ദൃഢമായ ബന്ധം മനസ്സിലാക്കിത്തന്നു,  അന്ന്‌ വീട്ടിൽ വന്നപ്പോൾ സ്‌പീക്കർ ഷംസീർ, അങ്കിളിനോട് പറഞ്ഞു ‘സർ ഈ സമയത്തും ഇവിടെ വരും എന്ന് ഞങ്ങൾ കരുതിയില്ല , എനിക്ക് അറിയാം സാറും ബാലകൃഷ്‌ണേട്ടനുമായുള്ള ബന്ധം.’ അപ്പോൾ അങ്കിൾ പറഞ്ഞത് ഇത് എന്റെ കൂടി കുടുംബമാണ് ഇവിടെ വരാതെ ഇരിക്കാൻ എനിക്കാവില്ലലോ എന്നാണ് …
സഖാവ് കാനം പറഞ്ഞത് ഏകദേശം 42 വർഷത്തോളമായുള്ള കോടിയേരിയുമായുള്ള ബന്ധത്തെ പറ്റിയാണ് . 
ഏതു കാര്യവും കൃത്യമായി കേൾക്കുകയും മുന്നണി ബന്ധത്തെ ഇത്രയേറെ ഊട്ടിഉറപ്പിച്ച മറ്റൊരു സെക്രട്ടറി ഇല്ലായിരുന്നു എന്നും , എല്ലാ ആഴ്ചയും ഞങ്ങൾ തമ്മിൽ ആശയ വിനിമയം നടത്തുമായിരുന്നതിനെയും , ഭരണപരമായ കാര്യങ്ങൾ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ അതിനെ പരിഹരിച്ചു മുന്നോട്ട് പോകുമായിരുന്ന കോടിയേരിയുടെ അനതിസാധാരണമായ ഇടപെടലായിരുന്നെനും , ഇടതുപക്ഷ ഐക്യത്തെ ഇത്രമേൽ ശക്തിപ്പെടുത്തി ഒരു കാലം വേറെ ഉണ്ടായിട്ടില്ല എന്നും , കോടിയേരി എന്റെ വയസ്സിനു ഇളയതാണ് വ്യക്തിപരമായി ഒരു സഹോദര ബന്ധം ആണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് എന്നാണ് ..
കുഞ്ഞാലിക്കുട്ടി സാഹിബ് അച്ചനുമായുള്ള ബന്ധത്തെയോർത്തെടുത്തതും ഓർമ്മയിൽ വരുന്നു. അപ്പോളോയിൽ ഉള്ളപ്പോഴും, മരണശേഷം ഞങ്ങളെ കാണാൻ വന്നപ്പോഴും അച്ചനൊപ്പമുള്ള ഓർമ്മകളും ബന്ധവും പറഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തിന് അച്ഛൻ എത്ര പ്രിയപ്പെട്ടതായിരുന്നു എന്നും ഞങ്ങൾ മനസിലാക്കുന്നു ..
എം എ യൂസഫലി മരണശേഷവും ഞങ്ങളുടെ കുടുംബത്തിനെ ആശ്വസിപ്പിക്കുകയും , ചേർത്തു നിർത്തുകയും ചെയ്യുന്നു , കേരളത്തിൽ ആദ്യമായി ഒരു മാൾ തുടങ്ങണം എന്നും അതിനായി അച്ഛൻ ഇടപെട്ടിരുന്ന കാലത്തെ കുറിച്ചുമെല്ലാം യൂസഫലിക്ക പറഞ്ഞു , ഒരിക്കലും തീരാത്ത ബന്ധമാണ് ബാലേട്ടനോട് എനിക്കുള്ളത് എന്നാണദ്ദേഹം പറഞ്ഞത് .
എങ്ങനെയായിരുന്നു സഖാക്കളോടുണ്ടായിരുന്ന അച്ഛന്റെ ബന്ധം, മറ്റ് പാർട്ടിക്കാരുമായുള്ള സമീപനം വ്യക്തികളോടുള്ള ബന്ധം എന്നത് ഇതിൽ കൂടുതൽ പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ല.
മരണത്തിനു  ശേഷം ആയിരിക്കും ആളുകൾ കൂടുതൽ അംഗീകരിക്കപ്പെടുന്നത് എന്ന് നമ്മൾ പൊതുവെ പറയുന്നുണ്ടെങ്കിലും, അച്ഛൻ ജീവിതത്തിൽ ഇത്രമാത്രം ആളുകൾക്ക് ഇത്രയും പ്രിയപ്പെട്ടതായി നിന്ന ഒരാളായിരുന്നു എന്നുള്ളത് ഈ  ദിവസങ്ങൾ കൊണ്ടാണ് ഇത്രയേറെ ആഴത്തിൽ മനസ്സിലായത്. ആ ദിവസത്തെ ടിവിയിലെ കുറച്ചു കുറച്ചു ക്ലിപ്പുകൾ അതും ചിലതൊക്കെയേ കാണാൻ കഴിഞ്ഞുള്ളു മുഴുവനായും കാണുവാനുള്ള മാനസിക നില ഇപ്പോഴും കൈവന്നിട്ടില്ല .എങ്കിലും തിരിച്ചറിയുന്നു, അച്ഛൻ എന്ന മനുഷ്യൻ എത്രമാത്രം പടർന്നു പന്തലിച്ച ഒന്നായിരുന്നു എന്ന സത്യം. അത് മനസ്സിലാക്കിത്തീരാൻ തന്നെ ഞാൻ കാലങ്ങൾ എടുത്തേക്കും എന്നും തിരിച്ചറിയുന്നുണ്ട്.
അച്ഛൻ മറ്റുള്ളവർക്ക് ആരായിരുന്നു എന്നതിന്‍റെ ഒരു വലിയ വ്യാപ്തിയിലുള്ള തിരിച്ചറിവിലാണ് ഞങ്ങൾ. അച്ഛൻ എന്ന മനുഷ്യൻ എന്തായിരുന്നു എന്നും കൂടുതലറിയുകയാണ്.
സ്വന്തം ജീവിതത്തിലുടെയാണ് നമ്മൾ പഠിച്ചുകൊള്ളേണ്ടത് എന്നും എങ്കിൽ മാത്രമേ പ്രതിസന്ധികളെ ഒറ്റയ്ക്കു തരണം ചെയ്യുവാനുള്ള കരുത്ത് നമുക്കുണ്ടാവുക ഉള്ളു എന്നും വീഴ്ചകൾ സംഭവിച്ചാൽ  സ്വയം തിരുത്താനും സ്വയം വിമർശിക്കാനും ഉള്ള മനോബലം ഉണ്ടാകണം എന്നും  സമൂഹവുമായും സാമൂഹ്യ ഇടപെടലും ഉണ്ടായിരിക്കണം എന്നും ഇതൊന്നും ആരും പറഞ്ഞതുകൊണ്ട് മാത്രം ഉണ്ടാവില്ല എന്നും ആണ്  അച്ഛൻ കാണിച്ചു തന്നത്. ചിന്തിക്കുവാനും തീരുമാനിക്കുവാനും പൂർണ്ണ സ്വതന്ത്ര്യം ഞങ്ങൾക്കു നൽകിയിരുന്നു എന്നതാണ് അച്ഛനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത്.
ഒരു മനുഷ്യൻ എന്ന നിലയിൽ സഹജീവികളോട് എങ്ങനെ പെരുമാറണം, ഒരാൾ ഒരു വിഷമം പറയുമ്പോൾ അത് നമ്മുടെ കൂടെ വിഷമമായി മാറുന്ന തലത്തിലേക്ക് നമ്മുടെ ബോധ്യങ്ങൾ മാറണം എന്നും സംഘടനയിലോ പാർട്ടിയിലോ ഒക്കെ എങ്ങനെ പെരുമാറണം , ആളുകളോട് എങ്ങനെ പെരുമാറണം , സാമൂഹ്യബന്ധം ഉണ്ടാവേണ്ടത് എന്തുകൊണ്ട് , എങ്ങനെ എന്നതിനൊക്കെയും അച്ഛനിൽ നിന്നു മാത്യകാപരമായ രൂപീകരണം ബാല്യം മുതലേ ലഭിച്ചിട്ടുണ്ട്.  ഒരു ഓർമ്മ മാത്രം പറയട്ടെ (പങ്കുവെക്കുവാനുള്ള നിരവധി ഓർമ്മകൾ ഒരു എഴുത്തിലൂടെ മാത്രം തീരുന്നതല്ലാത്തത് കൊണ്ട് തന്നെ ..)
അച്ഛന്‍റെ കൈപിടിച്ചാണ് ആദ്യമായി വായനശാലയിലേക്ക് പോകുന്നത്, ഈങ്ങയിൽ പീടികയിൽ ഉള്ള സഖാവ് പി പി അനന്തൻ സ്മാരക വായനശാല. അന്ന് അവിടെ പോകുമ്പോൾ സ്വാഭാവികമായും ഒരു പ്രതലം എന്നിൽ രൂപപെടുകയാണ് , ആരാണ് പി പി അനന്തൻ?  എന്തായിരുന്നു ചെറുകല്ലായി സമരം?, ചെറുകല്ലായി രക്തസാക്ഷികൾ ആരൊക്കെ? രക്തസാക്ഷിത്വം എന്ത്?, എന്തുകൊണ്ടാണ് രക്തസാക്ഷിത്വത്തിലേക്ക് അവർ പോകേണ്ടി വന്നത്?, രക്തസാക്ഷിത്വം വരിച്ചവരെ എങ്ങനെയാണു നാട് സ്മരിക്കുന്നത്? ഇതല്ലാം നമ്മളറിയുകയാണ്. സ്വാഭാവികമായും നമ്മടെ ഉള്ളിൽ ഒരു പൊതുസമൂഹത്തോട് ചേർന്ന് നിൽക്കേണ്ടതിന്റെയും ,സഹജീവികൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കേണ്ടി വന്നാലും അതിൽ നിന്നും പിന്മാറാതെ എന്തുകൊണ്ട് ഇവർ നിന്നു എന്നതിന്റെയും അതിനു അവരെ പ്രേരിപ്പിച്ച അടിസ്ഥാനം എന്തായിരുന്നു എന്നതിനേയും ഒക്കെക്കുറിച്ച് മനസ്സിൽ അറിയാതെ ചോദ്യങ്ങളായി വരികയാണ്, ആ  ചോദ്യങ്ങളാണ് ആശയത്തിലേക്ക് നടന്ന ആദ്യ വഴി …
അത് ഞാൻ അറിയാതെ തന്നെ എന്നിലേക്കു സന്നിവേശിപ്പിക്കുകയാണ് ഉണ്ടായത് . അവിടെ നിന്നാണ് ബാലസംഘത്തിൽ പ്രവർത്തനം തുടങ്ങിയത് ബാലസംഘത്തിൽ ചേർക്കാനായി അച്ഛൻ കൊണ്ടുപോകുന്നതല്ല, സ്വാഭാവികമായി അതിലേക്ക് മാനസികമായി എത്തിക്കുകയാണ് അച്ഛൻ ചെയ്തിട്ടുള്ളത്.  മനുഷ്യൻ മനുഷ്യനോട് എങ്ങനെയാവണം ഇടപെടേണ്ടത് എന്ന കാര്യത്തിലേ അച്ഛൻ നിർദ്ദേശങ്ങളോ സ്നേഹോപദേശങ്ങളോ നൽകിയിട്ടുള്ളു. ആ തിരിച്ചറിവ്, സ്വാഭാവികമായും എന്നെ പാർട്ടി പ്രവർത്തനത്തിലോ സംഘടനാ പ്രവർത്തനത്തിലോ എത്തിക്കുകയായിരുന്നു. അച്ഛൻ പറയാതെതന്നെ എന്നെ സ്വയം അതിലേക്ക് എത്തിക്കുകയായിരുന്നു.
മറ്റൊരാളേ കേൾക്കാനുള്ള സഹിഷ്ണുതയാണ് അച്ഛൻ പ്രധാനമായും വളർത്തിയത്. ഒരേ കാര്യം തന്നെ പലർ പറഞ്ഞാലും ക്ഷമയോടെ കേൾക്കണമെന്ന് അച്ഛൻ പറയുമായിരുന്നു. 
അത് പറയാൻ അവർ നമ്മളെയാണ് തിരഞ്ഞെടുത്തത് എന്ന് ചിന്തിക്കണമെന്നും അതത്ര നിസ്സാരമായ കാര്യമല്ല എന്നും എപ്പോഴും പറയുമായിരുന്നു. നമ്മളൊരു മനഷ്യനായി അവർക്ക് അനുഭവപ്പെടുന്നതുകൊണ്ടാണ് അവർ നമ്മളെ തിരഞ്ഞെടുക്കുന്നത് , ആ കേൾക്കൽ ഒന്നാന്തരം ഒരു രാഷ്ട്രീയപ്രവർത്തനമാണ് എന്നും  പറഞ്ഞു തന്നു.  
ആരോടും ഒരു മുൻവിധിയോടെയും സമീപിക്കില്ല , ഒരു വിഷയത്തിൽ രണ്ടു അഭിപ്രായം ഉണ്ടെങ്കിൽ ആദ്യം വന്നു പറഞ്ഞ ആൾ പറയുന്ന കാര്യം വെച്ചുകൊണ്ട് ആ വിഷയത്തിൽ രണ്ടാമത് വന്നു പറയുന്ന ആളിനെ ആ വിഷയത്തിൽ അളന്നു കൊണ്ട് സംസാരിക്കില്ല , രണ്ടു പേരെയും മുഴുവനായും കൃത്യമായി കേൾക്കും . 
സി. പി. ഐ. എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനരികിൽ, എന്തുകൊണ്ടാണ് ആൾക്കാർ രാഷ്ട്രീയാതീതമായി പ്രശ്നങ്ങൾ  സംസാരിക്കാനായി എത്തിയത് എന്ന് ചിന്തിക്കുമ്പോൾ എനിക്ക് മനസ്സിലായത് അച്ഛൻ ഒരു നല്ല കേൾവിക്കാരനായതുകൊണ്ടുതന്നെയാണ് എന്നതാണ്. ജനങ്ങൾക്ക് മനസിലാവുന്ന ജനങ്ങൾ പറയുന്ന ഭാഷയാണ് കോടിയേരി സംസാരിച്ചിരുന്നത് . 
കോടിയേരിയോട് എന്തും തുറന്ന് പറയാം എന്ന് അനുഭവത്തിൽ നിന്ന് ആൾക്കാർ മനസ്സിലാക്കിയിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കൾ വരികയും അവർക്ക് അച്ഛനോടുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് പറയുമ്പോളാണ് ഇത്രയേറെ മറ്റു പാർട്ടിയിലുള്ളവരോടും അച്ഛന് ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ടായിരുന്നു എന്ന് മനസിലായത് . സി പി ഐ ലെയും കോൺഗ്രസിന്റെയും മുസ്ലിം ലീഗിലേയും ഉൾപ്പെടെയുള്ള, എൽ ഡി എഫിലെയും യു ഡി എഫിലെയും മറ്റു ഘടകകഷികളിലെയും മറ്റു പാർട്ടിയിലെയും നേതാക്കൾക്കും പ്രവർത്തകർക്കും വരെ അച്ഛനോട് ഉണ്ടായിരുന്ന സ്നേഹം അവർ ഞങ്ങളെ നേരിട്ട് അറിയിച്ചു.
അവർക്കൊക്കെയും എന്ത് പ്രശ്‍നം സി പി എം മായി രാഷ്ട്രീയമായിട്ടുണ്ടാകുമ്പോഴും ‘നമുക്ക് കാര്യങ്ങൾ പറയാൻ കോടിയേരി അവിടെ ഉണ്ടല്ലോ എന്നതായിരുന്നു ഞങ്ങൾക്ക് എല്ലാം ഒരു ആശ്വാസം ആയിരുന്നത് ‘ എന്ന് വന്നു കണ്ട മറ്റു പാർട്ടികളിലെ മുഴുവൻ പേരും ഒരേ പോലെ പറഞ്ഞ ഒരു കാര്യമായിരുന്നു . 
ഒരിക്കൽ പരിചയപ്പെടുന്ന ഒരാളെ പിന്നീടൊരിക്കലും മറക്കുമായിരുന്നില്ല കോടിയേരി. ഒരിക്കൽ മാത്രം പോലും കണ്ടു പരിചയപ്പെട്ട ഏതൊരാളെയും പിന്നീട് വർഷങ്ങൾക്കുശേഷം  കണ്ടാൽ ആ ആളിന്‍റെ പേരും സംസാരിച്ച വിഷയവും സഹിതം കോടിയേരി ഓർക്കുമായിരുന്നു. ഏതു കൂട്ടത്തിലിരുന്നാലും ആ കൂട്ടത്തിലൊരാൾ മാത്രമായേ കോടിയേരി ഇടപെട്ടിരുന്നുള്ളു, അല്ലാതെ ഒരു രാഷ്ട്രീയ നേതാവായോ പാർട്ടി സെക്രട്ടറിയായോ ഒന്നുമായിട്ടായിരുന്നില്ല കോടിയേരിയുടെ ഇടപെടൽ. ആ നിലപാട്, അച്ഛനോടിടപെടുന്ന ആൾക്കാരെ എപ്പോഴും ഒരു കംഫർട്ട് സോണിലാക്കിയിരുന്നു. പാർട്ടിയുടെ നയങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാതെതന്നെ, തന്നെ സമീപിക്കുന്ന ഓരോ ആളിനെയും കൈകാര്യം ചെയ്യാനുള്ള പാടവം കോടിയേരിയ്ക്കുണ്ടായിരുന്നു. അതൊരു കല തന്നെയായിരുന്നു. ആരേയും അദ്ദേഹം മാനസികമായി മുറിവേൽപ്പിച്ച് പറഞ്ഞയക്കുമായിരുന്നില്ല.
പ്രതിസന്ധികളെ സംയമനത്തോടെ നേരിടാനുള്ള കോടിയേരിയുടെ കഴിവാണ് എടുത്തു പറയേണ്ടത് , പ്രശ്നത്തിൻ്റെ സങ്കീർണ്ണതകളെ വേഗത്തിൽ തന്നെ അച്ഛൻ ലഘൂകരിച്ചിരുന്നു. കലുഷിതമായ രാഷ്ട്രീയ പ്രശ്നങ്ങൾ വരുമ്പോൾ കോടിയേരിയുടെ ഒരു വാർത്താ സമ്മേളനത്തിനായാണ് ഞങൾ കാത്തിരിക്കാറുള്ളത് , കോടിയേരിയുടെ വാർത്താ സമ്മേളനം കഴിഞ്ഞാൽ ആ രാഷ്ട്രീയ വിഷയത്തെ സംബന്ധിച്ച പാർട്ടി നിലപാടിനെ കുറിച് അശേഷം സംശയമില്ലാതെ നമുക് മുന്നോട്ട് പോകുവാനും മറുപടി പറയുവാനും സാധിക്കുമായിരുന്നു എന്നാണ് . ചരിത്ര സംഭവങ്ങളെ ഓർത്തെടുക്കുവാനും അത് സംസാരിക്കുവാനും കോടിയേരിക്ക് വർത്തമാന കാല സംഭവങ്ങളെ അതിനോട് ചേർത്തു വെച്ചു അവതരിപ്പിക്കുവാനും ഉള്ള കോടിയേരിയുടെ മിടുക്കിനെ കുറിച്ചും ഒക്കെ , 
പ്രതിസന്ധികളുടെ നാളുകളിലെ വിഷയ ലഘൂകരണം എന്നത് എങ്ങനെയായിരിക്കണം എന്നത് കോടിയേരി ഒരു പഠനോപാധിയാണ് .
രണ്ടു നേതാക്കൻമാരോ രണ്ടു പാർട്ടികളോ ഒക്കെ തമ്മിലുള്ള അസ്വാരസ്യങ്ങളെ നീക്കിക്കളയാനുപയോഗിക്കാവുന്ന ഒരു പാലമായിരുന്നു എന്നും കോടിയേരി. സമവായത്തിനായി കൊടുക്കുന്ന ഉറപ്പുകൾ അക്ഷരാർത്ഥത്തിൽ പാലിക്കുന്നതിനും അദ്ദേഹം കൃത്യമായി ശ്രദ്ധിച്ചിരുന്നു. 
വിദ്യാർത്ഥികളിലേതാണങ്കിലും യുവജന സംഘടനകളിലേതാണങ്കിലും മഹിളാ അസോസിയേഷന്റെയോ സർവീസ് സംഘടനകളിലേതോ പാർട്ടിയിലേതോ ആണങ്കിലും ഒക്കെ കേഡറുകളെ കളെക്കുറിച്ച് അച്ഛന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഓരോരുത്തരുടെയും ബലവും ബലഹീനതയും അറിയാമായിരുന്നു. 
യുവനിരയെ പാർട്ടിയുടെ നേതൃനിരയിൽ കൊണ്ടുവരാനും ഭരണതലത്തിൽ ഉൾപെടുത്താനും അവരെ വളർത്തിയെടുക്കുന്നതിലും കോടിയേരി കാണിച്ച നേതൃപരമായ ഇടപെടലാണ് വരുന്ന കാലങ്ങളിൽ ഈ പാർട്ടിയെ മുന്നോട്ട് നയിക്കുന്നതിൽ ഏറ്റവും പ്രധാനമാവാൻ പോകുന്നത് , പാർലമെന്ററി രംഗത്തു യുവജനങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ടുവന്നു , പാർട്ടിയിൽ കൃത്യമായി വർക്ക് ചെയ്യുന്നവരെ മനസ്സിലാക്കി അവർക്ക് അവസരങ്ങൾ നൽകിക്കൊണ്ടിരുന്നു .
ഓരോരുത്തരെയും എവിടെയെല്ലാം ഉപയോഗിക്കാമെന്നും എങ്ങനെയെല്ലാം അവരുടെ കഴിവുകളെ ഏതു രീതിയിൽ ബലപ്പെടുത്താം എന്നും കൃത്യമായി അറിയാമായിരുന്നു. കൃത്യമായി എല്ലാ ജില്ലകളിലുമുള്ള സഖാക്കളെയും നേരിട്ട് പേരെടുത്തു അറിയുകയും അവരവരുടേതായ ഉത്തരവാദിത്തങ്ങൾ നൽകി ഉയർത്തിക്കൊണ്ടുവരാൻ കോടിയേരി പ്രത്യേകം ശ്രദ്ധ പുലർത്തി.
പ്രായോഗിക രാഷ്ട്രീയം എന്ത് എന്നതും, പ്രയോഗിക രാഷ്ട്രീയത്തിൽ ഉള്ള ഇടപടലുകൾ എന്തായിരിക്കണം എന്നതിന്റെയും ഒരു പുസ്തകമാണ് കോടിയേരി …
അവസരം ലഭിക്കാത്തതിനാൽ മാറിനിന്നവരെയും, കൃത്യമായ സാഹചര്യം വരുമ്പോൾ കൂട്ടിച്ചേർക്കാൻ ശ്രദ്ധിച്ചിരുന്നു..അഞ്ചോ ആറോ വർഷങ്ങൾക്കു മുൻപ് കണ്ട ഒരു ബ്രാഞ്ചു കമ്മറ്റി പ്രവർത്തകനെ പോലും പിന്നീടു കാണുമ്പോൾ പേരെടുത്തുവിളിച്ച് അന്നു സംസാരിച്ച വിഷയവും ഇപ്പോഴത്തെ കാര്യങ്ങളും ഒക്കെ ചോദിക്കുന്ന തരത്തിലുള്ള ആ  മാജിക്കൽ അപ്രോച്ചിനെക്കുറിച്ച് പലരും പറഞ്ഞു. ശരിയാണ് അതൊരു കോടിയേരി മാജിക്ക് തന്നെയായിരുന്നു. കോടിയേരി ജനങ്ങൾക്കിടയിലാണ് ഉണ്ടായിരുന്നത് അല്ലാതെ സമൂഹിക മാധ്യമങ്ങളിൽ അല്ല . 
കോടിയേരി നടന്നു പോയത് പയ്യാമ്പലത്തേക്കല്ല ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. ഏതൊരു സ്ഥലത്തു പോയാലും അവരോട് വിശേഷങ്ങൾ ചോദിക്കുകയും ആദ്യം കാണുന്നവരോട് പോലും അവർ സംസാരിക്കുവാൻ മടിച്ചു നിൽക്കുമ്പോൾ അവരോട് അങ്ങോട്ട് കാര്യങ്ങൾ ചോദിച്ച് അവരെ കംഫർട്ട് ആക്കും .
 ഗൾഫിൽ ജോലിയുള്ള,  സൂപ്പർ മാർക്കറ്റിലും കഫെറ്റീരിയിലും  മറ്റും ജോലി ചെയ്തിരുന്ന കുറച്ചു പേർ അച്ഛൻ്റെ മരണശേഷം വന്നിരുന്നു , അവരിൽ ചിലർ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ബാക്കിയുള്ളവരെല്ലാം വേറെ പാർട്ടിയിൽ ഉള്ളവരാണ്, അവർ അച്ഛൻ്റെ വാർത്ത അറിഞ്ഞപ്പോൾ, അവരുടെ ആവശ്യത്തിന് വേണ്ടി നീക്കി വെച്ചിരുന്ന ലീവ് അച്ഛനെ കാണാൻ വേണ്ടി എടുക്കുകയും, അച്ഛനെ കാണുവാൻ വരികയും ചെയ്തു. പിന്നീട് ഞങ്ങളെയും കാണാൻ വന്നു. അതിൽ ചിലർക്ക് ഈ ലീവ് ഉപയോഗിച്ചാൽ ഇനി ഒന്നോ രണ്ടോ വർഷം കഴിഞ്ഞേ ലീവ് കിട്ടുകയുള്ളു. വീട്ടിലെ ആവശ്യങ്ങൾക്കായി അവർ മാറ്റി വെച്ചിരുന്ന ലീവാണ്. ഞാൻ അത് അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് കോടിയേരി സഖാവിനെ ഇനി ഞങ്ങൾക്ക് കാണാൻ പറ്റില്ലലോ വളരെ ചെറിയ തലത്തിൽ ജീവിക്കുന്ന ഞങ്ങളോട് പോലും അവിടെ വന്നപ്പോൾ ഞങ്ങളെ ചേർത്ത് നിർത്തിയാണ് ബാലകൃഷ്‌ണേട്ടൻ സംസാരിക്കാറുളളത് , ഞങ്ങൾക്ക് അത് എത്രമാത്രം വലുതായിരുന്നു എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല വീട്ടിലെ ആവശ്യങ്ങൾ ഒക്കെ നടന്നോളും എന്നാണ്.
ഇടനിലക്കാരില്ലാതെ ആർക്കും സമീപിക്കാവുന്ന ഒരു നേതാവായിരുന്നു കോടിയേരി. 
ഇതുപോലൊരു ചരമോപചാരം കേരളത്തിൽ മറ്റൊരു നേതാവിനും കിട്ടിയിട്ടില്ല എന്ന് ഞങ്ങളെ വന്ന് കണ്ടവർ എല്ലാവരും പറയുന്നു…
ജയിലിൽ ഉള്ള വിവിധ കേസുകളിൽ പെട്ട സഖാക്കൾ  പുറത്തു വന്നപ്പോൾ  പറഞ്ഞതും അവരോടുള്ള അച്ഛൻ്റെ സമീപനത്തെക്കുറിച്ചാണ്, അവരുടെ കേസുകളിൽ, അവരുടെ പരോൾ കാര്യങ്ങളിൽ എല്ലാം ഉള്ള അച്ചന്റെ ഇടപെടലുകൾ, വാർത്ത അറിഞ്ഞപ്പോൾ ജയിലിനകത്തുള്ള സഖാക്കൾ അനുഭവിച്ച മാനസിക സങ്കടങ്ങൾ , അച്ഛൻ എല്ലാവർക്കും ഒരു താങ്ങായിരുന്നു .
വികസനത്തിനോടുള്ള കാഴ്‌ചപ്പാടിനെ കുറിച്ചു നിരവധിയായ ആളുകൾ വന്നു പറഞ്ഞ കാര്യം പുതിയ ഒരു കാര്യം പറയുമ്പോൾ അല്ലെങ്കിൽ ഒരു സംരംഭത്തെക്കുറിച്ചു പറയുമ്പോൾ അവർക്കു നൽകുന്ന കോൺഫിഡൻസ്, അവർക്ക് ഇവിടെ വന്ന് ഒരു സംരംഭം തുടങ്ങിയാൽ  പാർട്ടി 
നിക്ഷേപകർ എന്ന രീതിയിൽ അവരെ പരിഗണിക്കുന്നത് 
പാർട്ടി എന്ന രീതിയിൽ കൊടുക്കുന്ന ഉറപ്പുകൾ, 
പറഞ്ഞതെല്ലാം തന്നെ നടപ്പാക്കി കൊടുത്തത്. സംരംഭകരെ അകറ്റി നിർത്തിക്കൊണ്ടിരുന്ന സാഹചര്യങ്ങൾ കേരളത്തിൽ മാറ്റികൊണ്ടുവന്നതിന് ഒരു പ്രധാന കാരണം കോടിയേരി ആയിരുന്നു എന്നും , സംരംഭം തുടങ്ങുമ്പോൾ എല്ലാവരും ഉണ്ടാകും അതിൽ പ്രശ്‍നം വന്നു കഴിഞ്ഞാൽ പിന്നീട് ആരും തിരിഞ്ഞു നോക്കില്ല അതിൽ നിന്നും വ്യത്യസ്തനായിരുന്നു കോടിയേരി എന്നും. ഒരു പ്രശനം വന്നു പെട്ടാൽ അത് സംസാരിക്കുമ്പോൾ മനസിലാക്കാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു, അത് മനസിലാക്കി അത് പരിഹരിച്ചു കൊടുത്തിരുന്നു.
അച്ഛന്‍റെ മരണശേഷം ഞങ്ങളെക്കാണാനെത്തിയ പല മാദ്ധ്യമപ്രവർത്തകരും പറഞ്ഞ  കാര്യം ഏതെല്ലാം രീതിയിൽ മാദ്ധ്യമങ്ങളിൽ വാർത്ത വന്നാലും കോടിയേരി ഒരിക്കലും ഞങ്ങളോട് മോശമായി പെരുമാറിയിട്ടേയില്ല , ‘മാത്രമല്ല ഒരിക്കലും ഒരു കാര്യവും തെറ്റിദ്ധാരണയുണ്ടാകുന്ന രീതിയിൽ കോടിയേരി മാദ്ധ്യമങ്ങളോട് സംസാരിച്ചിട്ടില്ല, വ്യക്തമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണങ്ങൾ എപ്പോഴും. പാർട്ടിക്കെതിരായി ഉപയോഗിക്കാനാവുന്ന എന്തെങ്കിലും അദ്ദേഹത്തിൽ നിന്നു കിട്ടുമെന്ന് കരുതി ശ്രമിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും അദ്ദേഹത്തിൽ നിന്ന് ഒരു വാക്കും  ഞങ്ങൾക്ക് കിട്ടിയിട്ടില്ല’ . 
നിരന്തരമായി കുടുംബങ്ങളെ കുറിച്ചുള്ള വാർത്തകൾ വരുമ്പോഴും 
അച്ഛൻ ഒരിക്കലും മാദ്ധ്യമങ്ങളോട് തന്‍റെ കുടുംബാംഗങ്ങളെ കുറിച്ച് എന്തിന് തെറ്റായ വാർത്ത കൊടുത്തു എന്ന് ചോദിക്കുകയോ, അല്ലങ്കിൽ എന്തെങ്കിലും വാർത്ത കൊടുക്കരുത് എന്ന് പറഞ്ഞു  അവരുടെ സഹായം തേടുകയോ ചെയ്തിട്ടേയില്ല എന്നതും അവരെ വ്യത്യസ്തമായി കണ്ട ഒന്നായിരുന്നു എന്നും , പല പാർട്ടി നേതാക്കളും ചില മാദ്ധ്യമങ്ങളിൽ നിന്ന് ഒരു അകലം സൂക്ഷിക്കാറുണ്ടായിരുന്നു, എന്തെങ്കിലും പറഞ്ഞ് അബദ്ധത്തിൽ വീഴണ്ടാ എന്നു വിചാരിച്ചാവാം. പക്ഷേ കോടിയേരിക്കൊരിക്കലും അങ്ങനെയൊരു ഭയമേ ഉണ്ടായിരുന്നില്ല. അബദ്ധമായി ഒന്നും തന്നിൽ നിന്ന് വീഴുകില്ലന്നും പാർട്ടിക്ക് വേണ്ടി അവരെ പ്രതിരോധിക്കാൻ തനിക്ക് കഴിയുമെന്നുമുള്ള ആത്മവിശ്വാസത്തിന് ഒരിക്കലും കുറവ് വന്നിട്ടേയില്ല. ഒരിക്കൽ അങ്ങനെയൊരു ചോദ്യമുണ്ടായപ്പോൾ അച്ഛൻ പറഞ്ഞു പോലും ‘നിങ്ങളാണ് എൻ്റെ പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്, അതിനാൽ നിങ്ങളുടെ ഫ്ലോറിൽ വന്നിരുന്നു തന്നെ അത് ശരിയല്ല എന്ന എന്റെ പാർട്ടിയുടെ നിലപാട് ഞാൻ പറയും , എന്റെ പാർട്ടിക്ക് വേണ്ടി ഞാൻ പ്രതിരോധിക്കും അതെൻ്റെ ഉത്തരവാദിത്തമാണ്.’ വ്യക്തിപരമായി ഇത്രയേറെ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള മറ്റൊരു രാഷ്ട്രീയ നേതാവും ഇല്ല എന്നു തന്നെ പറയാം. ‘യഥാർത്ഥത്തിൽ കോടിയേരിയെ വ്യക്തിപരമായി ആക്രമിക്കേണ്ട അവസരങ്ങളിലും കോടിയേരി ഞങ്ങളോട് മുഷിഞ്ഞു സംസാരിച്ചിട്ടേയില്ല’, പല മാദ്ധ്യമ സുഹൃത്തുക്കളും ഞങ്ങളോടിതിപ്പോൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. 
ഭരണതലത്തിലെ കോടിയേരിയുടെ പാടവത്തെക്കുറിച്ചും അച്ഛൻ്റെ മരണശേഷം പലരും തുറന്നു പറയുമ്പോഴാണ്  കൂടുതൽ മനസ്സിലാക്കുന്നത്. ജേക്കബ് പുന്നൂസ് സാർ തന്നെ പറഞ്ഞ ഒരു കാര്യം കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നത് ഏകദേശം 250  ആഴ്ചകൾ ആണ് അതിൽ 240 ഓളം പ്രോഗ്രാമുകൾ , ഓരോ ആഴ്ചയും കേരള പോലീസിന് ആവശ്യമുള്ള ജനങ്ങളുട ജീവിത നിലവാരം ഉയർത്തുന്ന, പോലീസിന്റെ ആത്മാഭിമാനം ഉയർത്തുന്ന വലിയ കാര്യങ്ങൾ ചെയ്തിരുന്നു എന്നും അതിന്‍റെ ആശയങ്ങൾ, ലക്ഷ്യങ്ങൾ, അത് ആഭ്യന്തര വകുപ്പിൽ ഉണ്ടാക്കിയ നവീകരണങ്ങൾ, കെട്ടുറപ്പുകൾ എന്നിവയെക്കുറിച്ചും. ഇതെല്ലാം ചെയ്‌തിട്ടും കോടിയേരി ഒരിക്കലും ഒരു അവകാശവാദവും ഉന്നയിച്ചു കേട്ടിട്ടില്ല. പാർട്ടി തന്നിലേൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവ്വഹിക്കുക എന്നതിലപ്പുറം അത് തന്‍റെ മേന്മയായി ഒരു നിമിഷത്തിലും കരുതിയിട്ടേയില്ല. അതിനെ പെരുപ്പിച്ചു കാണിച്ചു ഞാൻ ആണ് ഇതെല്ലം ചെയ്തത് എന്ന രീതിയിൽ ഉള്ള ഒരു പ്രചാരണവും അദ്ദേഹം നടത്തിയിരുന്നില്ല എന്നാണ് ..
കോടിയേരിക്ക് എല്ലാം പാർട്ടിയായിരുന്നു പാർട്ടിയ്ക്കപ്പുറത്തേക്ക് ഒരു പേര് ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചില്ല. പാർട്ടിക്ക് ലഭിക്കാത്തത് ഒന്നും തനിക്കും ആവശ്യമില്ല എന്നും ഉറപ്പിച്ചിരുന്ന ആളാണ് കോടിയേരി. 
തലശ്ശേരിയെ സംബന്ധിച്ചടത്തോളം കോടിയേരി സ്പർശിക്കാതെ ഒരു വികസന പ്രവർത്തനങ്ങളും ഇല്ല , എല്ലാ മേഖലയിലെയും കോടിയേരിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് , സർവ്വതല സ്പർശിയായ വികസന കാഴ്ചപ്പാടായിരുന്നു കോടിയേരിയുടേത് , ഇനി വരും കാലങ്ങളിലെ പ്രവർത്തനങ്ങൾക്കും അടിസ്ഥാനം കോടിയേരി തുടങ്ങി വെച്ച കാര്യങ്ങളാണ് .
ഇതെല്ലാം തന്നെ ഞങളെ കാണാൻ വന്നവർ അച്ഛനെ കുറിച്ചും അവർക്ക് അച്ഛൻ ആരായിരുന്നെന്നും ഞങ്ങളോട് പറയുകയാണ് ,
അച്ഛനിൽ നിന്നും കോടിയേരിയിലേക്ക് ഒരു പാട് ദൂരം ഇനിയും ഉണ്ട് …
അച്ഛന് എന്നും എല്ലാറ്റിലും വലുത് പാർട്ടിയായിരുന്നു. ഞങ്ങളെക്കാളും അച്ഛൻ സ്നേഹിച്ചത് പാർട്ടിയെയാണ്. ഞങ്ങളെക്കാളും ഇഷ്ടം അച്ഛന് പാർട്ടിയോടായിരുന്നു . 
കോടിയേരി ബാലകൃഷ്ണൻ എന്ന എൻ്റെ അച്ഛൻ അടിമുടി ഒരു പാർട്ടിക്കാരനായിരുന്നു, അച്ഛന് ജീവനും ജീവിതവും പാർട്ടി മാത്രമായിരുന്നു. 
ഒരാൾ നമ്മൾ പറഞ്ഞത് കേട്ടില്ല എന്നത് കൊണ്ട് അവരോട് വിദ്വേഷം വെച്ചുകൊണ്ട് പെരുമാറരുത്, അവരെയും ചേർത്ത് നിർത്തി നമ്മുടെ ഒപ്പം സഞ്ചരിക്കുവാൻ ഉള്ള തരത്തിൽ അവരെ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്. വൈരാഗ്യ ബുദ്ധിയോടെ ഒരിക്കലും പാർട്ടിയിലെ ഒരു വിമർശനത്തെ സമീപിക്കരുത് 
എന്ന് നിരവധി അനുഭവങ്ങളിലൂടെ കാണിച്ചു തന്നു,
കോടിയേരി ബാലകൃഷ്ണൻ എല്ലാക്കാലത്തും പാർട്ടിയോട് നീതി പുലർത്തിയിട്ടേ ഉള്ളു… അത് മരണശേഷം പയ്യാമ്പലത്തേക്ക് എത്തുംവരെയും അങ്ങനെതന്നെയായിരുന്നു. 
കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി നേതാവിന്‍റെ കുടുംബാംഗങ്ങളായതുകൊണ്ടുമാത്രം ധാരാളം ആരോപണങ്ങളെ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ് സത്യം. ഞങ്ങൾ കോടിയേരിയുടെ മക്കൾ ജന്മനാതന്നെ അത് അനുഭവിക്കേണ്ടവർ തന്നെയായിരുന്നു. കാരണം ഒരിക്കലും ഇന്നേ വരെ കോടിയേരിയെ കുറിച്ചു നേരിട്ട് ഒന്നും തന്നെ ആർക്കും പറയാനുണ്ടായിരുന്നില്ല എന്നത്കൊണ്ട് കൂടിയാണത്. എങ്കിൽ ഇങ്ങനെ അദ്ദേഹത്തെ ആക്രമിക്കാം എന്നതായിരുന്നല്ലോ രീതി. 
ഞങ്ങളെക്കുറിച്ച് എന്ത് ആരോപണങ്ങൾ ഉണ്ടാകുമ്പോഴും അച്ഛന് കൃത്യമായ നിലപാടുണ്ടായിരുന്നു. അവർ 18 വയസ്സു കഴിഞ്ഞവരാണ് സ്വന്തം കുടുംബമായി കഴിയുന്നവരാണ് അതുകൊണ്ട് തന്നെ അവർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ പ്രവർത്തികൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവർ മാത്രമാണ് അതിന്റെ ഉത്തരവാദികൾ എന്നും , അച്ഛൻ സംശയലേശമന്യേ പറഞ്ഞിരുന്നു. കാരണം പാർട്ടിക്ക് കേടുപാടുണ്ടാക്കുന്ന ഒന്നും അച്ഛൻ ചെയ്യുമായിരുന്നില്ല, ഒരിടപെടലും ഞങ്ങൾക്കു വേണ്ടി നടത്തുമായിരുന്നില്ല. ഞങ്ങളുടെ ഭാഗം ശരിയാണങ്കിലും തെറ്റാണങ്കിലും അതു ഞങ്ങൾ തന്നെ അതിജീവിക്കണമായിരുന്നു. ഒരു ന്യായീകരണവും ഞങ്ങൾക്ക് വേണ്ടി നടത്തിയിട്ടില്ല കാരണം പാർട്ടിക്ക് കേടുണ്ടാക്കുന്ന ഒരിടപെടലും ഒരിക്കലും നടത്തില്ല എന്ന്  അച്ഛൻ കൃത്യമായി പറയുകയും അങ്ങനെയേ പ്രവർത്തിക്കുകയും ചെയ്യുമായിരുന്നുള്ളു. ഇന്നേ വരെ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ നിരന്തരമായി ആക്രമിച്ചപ്പോഴും മറ്റു പാർട്ടിയിലെ ഒരു കുടുംബത്തെയും വ്യക്തിപരമായി അച്ഛൻ പറഞ്ഞില്ല.
ഒരു അവസരത്തിൽ മറ്റൊരു നേതാവിന്റെ മകനെ കുറിച്ച് ഒരു ആക്ഷേപം വന്നപ്പോൾ പത്രക്കാർ അച്ഛനോട് ചോദിച്ചു അദ്ദേഹം താങ്കളുടെ മകനെ കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ ഈ വിഷയത്തിൽ എന്താണ് താങ്കളുടെ നിലപാട് എന്ന്, എന്റെ മകനെ കുറിച്ച് അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെ മകനെ കുറിച്ച് ഞാൻ പറയില്ല കാരണം രാഷ്ട്രീയം വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ഒന്നല്ല , കുടുംബങ്ങളുടെ പേരിൽ നിങ്ങൾ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം അല്ല രാഷ്ട്രീയം, രാഷ്ട്രീയത്തിൽ ഇപ്പോഴും എപ്പോഴും ആശയവും നിലപാടുകളും ആണ് ചർച്ച ചെയ്യേണ്ടത് അല്ലതെ കുടുംബത്തിലെ അംഗങ്ങളെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടാവരുത് എന്നായിരുന്നു അച്ഛൻ പറഞ്ഞത്…
പാർട്ടി എല്ലാക്കാലവും ബലവത്തായി തുടരണമെന്ന് അച്ഛൻ ചിന്തിച്ചിരുന്നു. അച്ഛൻ പ്രധാനമായും പാർട്ടിയെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങൾ അൻപതു ശതമാനത്തിലധികം ജനങ്ങളുടെ പിന്തുണയുള്ള പാർട്ടിയായി സി. പി. ഐ. എം നെ മാറ്റണം എന്നതായിരുന്നു ഇനിയും ആൾക്കാരെ ഇതിലേക്ക് കൊണ്ടു വരാനായി പ്രാദേശികമായ വിഷയങ്ങളെ അഡ്രസ്സ് ചെയ്യേണ്ടതിൻ്റെ ആവശ്യകത അച്ഛൻ പറയുമായിരുന്നു.  ഓരോ പ്രദേശത്തിനനുസരിച്ചു രാഷ്ട്രീയത്തെ രൂപപ്പെടുത്തി എടുക്കാൻ സാധിക്കണം എന്ന് പറയുമായിരുന്നു . നമ്മൾ മാറ്റി നിർത്തിയിരിക്കുന്ന വ്യ്കതികളെയും കൂട്ടങ്ങളെയും നമ്മളെ മാറ്റിനിർത്തിയിരിക്കുന്നവരെയും എല്ലാം ചേർത്തുപിടിച്ചുകൊണ്ട് ഒരു വിശാലമായ കാഴ്ചപ്പാടിലേക്ക് പാർട്ടി മാറണം എന്നും പറയുമായിരുന്നു. എനിക്ക്  വ്യക്തിപരമായി ഒരു അസ്വാരസ്യം ഉണ്ട് അതുകൊണ്ട് ഞാൻ സംസാരിക്കില്ല അവരോട് എന്ന നിലപാട് അല്ല രഷ്ട്രീയത്തിൽ വേണ്ടത് എന്നും പാർട്ടിക്ക് അടിത്തറ വിപുലീകരിക്കാൻ 
നമ്മൾ വിചാരിച്ചാൽ അവരോട് ഇടപെട്ടുകൊണ്ട് അവരെ ഇതിലേക്കു കൊണ്ടുവരാൻ പറ്റുമെങ്കിൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചുകൊണ്ട് അത് ചെയ്യണം എന്നും , പ്രകൃതിയോടു ചേർന്നു നിന്ന് രാഷ്ട്രീയ പ്രവർത്തനം കൂടുതലായി ഏർപ്പെടണമെന്നും , നീരുറവകൾ , പുഴകൾ , കുളങ്ങൾ , കിണറുകൾ സംരക്ഷിക്കുകയും വീണ്ടെക്കുകയും തുടങ്ങി നിരവധിയായി പ്രവർത്തനങ്ങൾ  ഇപ്പോൾ പാർട്ടി നടത്തുന്നതിനെ കൂടുതൽ ശക്തിപ്പെടുത്തണം അത്തരത്തിലുള്ള പ്രവർത്തനത്തിൽ നിഷ്പക്ഷരായി നിൽക്കുന്നവരെ കൂടുതൽ പാർട്ടിയോട് ചേർത്തു നിർത്തണം.
ദേശാഭിമാനി പത്രം പത്തുലക്ഷത്തിലധികം വാർഷിക  വരിക്കാരുള്ള നിലയിലേക്ക് വളരണം എന്നും ആഗ്രഹിച്ചിരുന്നു. ദേശാഭിമാനി പത്രത്തിൻ്റെ ഘടനയിൽ വ്യത്യാസം വരുത്തണം പൊതുവാർത്തകൾ കൂടി കൂടുതൽ ഉൾപ്പെടുത്തണം , പാർട്ടിപ്രവർത്തകരെല്ലാം തന്നെ ജീവകാരുണ്യ പ്രവർത്തനം പാർട്ടി പ്രവർത്തനത്തിൻ്റെ ഭാഗമായി തന്നെ കാണണമെന്നും അച്ഛൻ ആഗ്രഹിച്ചിരുന്നു, അവസാനത്തെ പ്രസംഗത്തിലും അത് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. അങ്ങനെ സർവ്വതലങ്ങളെയും സ്പർശിക്കുന്ന ഒരു പാർട്ടിയായി സി പി എം മാറണമെന്നും, ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ  ബഹുജനങ്ങളേ പാർട്ടിയോട് ചേർത്തു നിർത്തി ഒരു കേരളാ ബദൽ അങ്ങനെയേ സാധ്യമാകൂ എന്നും പറയുമായിരുന്നു.
അവസാന നാളുകളിൽ കേരളത്തെക്കുറിച്ച് പറയുമായിരുന്നത് പ്രധാനമായും ഇനി കേരളത്തെ ശ്വാസംമുട്ടിക്കാൻ സാദ്ധ്യതയുള്ള ചില കാര്യങ്ങളെക്കുറിച്ചായിരുന്നു. സഹകരണമേഖല, യൂണിവേഴ്സിറ്റികൾ, വികസന പ്രവർത്തനങ്ങൾക്കുള്ള പൊതുകടം ഉയർത്താതിരിക്കുകയും വിഹിതം തരാതിരിക്കുകയും ചെയ്യുന്നത് ഇവ വലിയ രാഷ്ട്രീയ പ്രശ്നങ്ങളായി മാറാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞു. ഇതിനെ മറികടക്കാൻ ജനങ്ങളുടെ ശക്തമായ പിന്തുണ ആവശ്യമായി വരും എന്നും .
യു ഡി എഫ് നകത്തുള്ള ഏറ്റവും പ്രബലമായ ഒരു രാഷ്ട്രീയ പാർട്ടിക്ക് അധികകാലം ഇങ്ങനെ യു ഡി എഫിൽ തുടരാനാവില്ല എന്നും  കോൺഗ്രസിന് ആർ എസ് എസ് നിലപാടുകളെ പ്രതിരോധിക്കാൻ പറ്റാത്ത അവസ്ഥയിലേക് രഷ്ട്രീയം മാറുകയാണ് എന്നും, ആ പാർട്ടിയ്ക്ക് കോൺഗ്രസ്സിനോട് ചേർന്ന് നിന്ന് പോകുവാൻ സാധിക്കാത്ത സാഹചര്യം വരും എന്നും എൽ ഡി എഫ് ന്‍റെ മതനിരപേക്ഷ നിലപാടുകളോടും എൽ ഡി എഫിന്‍റെ പരിപാടികളോടും ഒത്തു നിൽക്കാൻ തയ്യാറായാൽ ഭാവിയിൽ  ചേർന്ന് നിന്നുകൊണ്ട് പോകാൻ കഴിയുന്ന ഒരു പൊളിറ്റിക്സ് കേരളത്തിൽ രൂപപ്പെടും എന്നും അച്ഛൻ പറയുമായിരുന്നു .
രക്തസാക്ഷി കുടുംബങ്ങളെ സദാസമയവും ചേർത്തു പിടിക്കണമെന്നത് അച്ഛന് നിർബന്ധമായിരുന്നു. അവർക്കിനി ഒന്നുമില്ല, നമ്മൾ അവരോടൊപ്പം ഉണ്ട് എന്ന് സദാസമയവും അവരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണമെന്ന് പറയുമായിരുന്നു.  രണ്ടാമതും ഭരണം ലഭിച്ചപ്പോൾ പറഞ്ഞ ഒരു കാര്യവുമോർക്കുന്നു, നമ്മുടെ ഇരുപത്തിരണ്ടോളം പ്രവർത്തകരെയാണ് കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ കൊലപ്പെടുത്തിയിട്ടുള്ളത്. സി. പി. ഐ. എം ഇതിനെല്ലാം ഒരു പ്രത്യാക്രമണം നടത്തി ക്രമസമാധാന നില തകർത്തില്ല എന്നത് ന്യൂട്രൽ ആയി നിൽക്കുന്ന ഒരു വിഭാഗം ജനങ്ങൾ കണക്കിലെടുത്ത കാര്യമാണ് ഇലക്ഷനിൽ എന്ന് അച്ഛൻ പറഞ്ഞു. ഇതിലെ കൊലയ്ക്കെല്ലാം പാർട്ടി പകരം വീട്ടിയിരുന്നു എങ്കിൽ മാദ്ധ്യമങ്ങൾ അതിനെ പെരുപ്പിക്കുകയും ന്യൂട്രൽ ആയി നിൽക്കുന്ന ജനങ്ങൾക്കിടയിൽ നമ്മളോട് അവമതിപ്പ് ഉണ്ടാകുകയും ചെയ്യുമായിരുന്നു. അക്രമങ്ങളോടുള്ള ജനങ്ങളുടെ വിരക്തിയാണ് നമ്മളെ വീണ്ടും അധികാരത്തിലേറ്റാൻ ജനങ്ങൾ മനസ്സ് വച്ചതിൻ്റെ ഒരു പ്രധാന കാരണം. വളരെ നിശബ്ദമായി ഈ കാര്യങ്ങൾ എല്ലാം നോക്കിക്കാണുന്ന വലിയ ഒരു ജനവിഭാഗം എൽ ഡി എഫ് നൊപ്പം നിന്നത് അക്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരുന്നത് കൊണ്ടാണ്. നമ്മുടെ അനതിസാധാരണമായ സംയമനത്തിന്റെ രാഷ്ട്രീയ വിജയം കൂടിയായിരുന്നു രണ്ടാം പിണറായി സർക്കാർ .
അതുകൊണ്ടുകൂടി രക്തസാക്ഷി കുടുബങ്ങൾക്ക്  നമ്മൾ സദാ താങ്ങാവണം, അവരെ ഒരു നിമിഷത്തിലും മറക്കരുത് എന്ന് എപ്പോഴും പറഞ്ഞിരുന്നു.  
രക്തസാക്ഷി കുടുംബങ്ങൾ മിക്കവാറും എല്ലാവരും തന്നെ ഞങ്ങളെ വന്നു കണ്ടു ..
അച്ഛനെതിരെ  എന്തെങ്കിലും പ്രചാരണങ്ങൾ വരുമ്പോൾ ,പ്രസ്താവനകൾ വിവാദമാകുമ്പോൾ ഒക്കെ അതിനെതിരെ സമൂഹ മാധ്യമങ്ങളിൾ നിരന്തരമായി ഇടപെടുന്നത് കൊണ്ട് ഒരു വിശദീകരണമോ ഒരു എഴുത്തോ എഴുതട്ടെ എന്ന് ചോദിക്കുമ്പോൾ എപ്പോഴും എന്നെ നിരുത്സാഹപ്പെടുത്തും , എനിക്കെതിരെ ഒരു പ്രചരണം വന്നാൽ അതിനെ പ്രതിരോധിക്കേണ്ടത് നീയല്ല അത്‌ ഈ പാർട്ടിക് വേണ്ടി ഞാൻ പറഞ്ഞ നിലപാടുകൾ ആണ് അതിനെ പാർട്ടി നോക്കിക്കോളും , ബന്ധുക്കൾ അല്ലെങ്കിൽ മകൻ എന്ന രീതിയിൽ അല്ല ഇതിനെ ഒന്നും കാണേണ്ടത് , മകൻ അല്ല ഈ പ്രചാരണം നടത്തേണ്ടതും വിശദീകരണം നടത്തേണ്ടതും , അതൊന്നും പാർട്ടി രീതിയല്ല എന്നാണ് . 
ആദ്യമായാണ് ഞാൻ അച്ഛനെ കുറിച് ഒരു എഴുത്തു എഴുതുന്നത് ….
ഞാൻ ജയിലിൽ പോയി വന്നതിനു ശേഷം എന്നോട് ധാരാളം കാര്യങ്ങൾ ആഴത്തിൽ സംസാരിച്ചിരുന്നു. ഒറ്റയ്ക്കായിപ്പോയപ്പോഴും അതിജീവിച്ചു വന്നു എന്നത് ജീവിതത്തിലെ ഒരു വലിയ അനുഭവം ആയി എടുക്കണം എന്നു പറഞ്ഞു. ആരും ഒപ്പം നിന്നില്ല എന്നതിൽ ഒരിക്കലും ആരോടും വിരോധം തോന്നരുത് , ഇതിലൊന്നും പതറിപ്പോകരുത് , ഇതെല്ലാം മുന്നോട്ടുള്ള ജീവിതത്തിൽ നിനക്കു ഏറ്റവും വലിയ കരുത്തായി മാറും എന്നും എല്ലാം അതിജീവിക്കാനായുള്ള കരുത്തുണ്ടായത് ഈ  പ്രസ്ഥാനത്തോടൊപ്പം നീ സഞ്ചരിച്ചത് കൊണ്ടാണ് എന്ന് ചിന്തിക്കണം എന്നും ഓർമ്മപ്പെടുത്തിയിരുന്നു, ആ വാക്കുകൾക്ക്‌ എത്രമാത്രം വലിയ അർത്ഥങ്ങൾ ഉണ്ടെന്നു ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു…
ഹോസ്പിറ്റലിൽ വച്ച് എല്ലാ ദിവസവും ഞാൻ ന്യൂസ് കാണിച്ചു കൊടുക്കുമായിരുന്നു. അസുഖത്തിൻ്റെ തീവ്രതയിലെത്തിയ അവസാന നാളുകളിലും  പാർട്ടിയുമായി ബന്ധപ്പെട്ട പത്ര സമ്മേളനങ്ങൾ, അച്ഛന്‍റെ പഴയ പ്രസംഗങ്ങൾ ഒക്കെ കാണുമ്പോൾ അച്ഛനിൽ നല്ല ഉത്സാഹം കാണാമായിരുന്നു. കൊച്ചുമക്കളുടെ വീഡിയോ കാണുമ്പോഴും ചിരിക്കുമായിരുന്നു. എപ്പോഴും പാർട്ടിയുടെ കാര്യങ്ങൾ കേട്ടുകൊണ്ടിരിക്കുക എന്നത് അച്ഛൻ ആഗ്രഹിക്കുന്നതായി എനിക്കു മനസ്സിലായി. അവസാന കാലങ്ങളിൽ പോലും പാർട്ടി പ്രവത്തനത്തിൽ നിന്നും അച്ഛൻ മാറിനിന്നില്ല  എന്ന് മാത്രമല്ല എന്റെ പാർട്ടിക്ക് വേണ്ടി അവസാനം വരെയും ഞാൻ പ്രതിരോധിക്കും , എനിക്ക് എന്റെ പാർട്ടി തന്ന ഉത്തരവാദിത്തങ്ങൾ ഞാൻ തന്നെ നിറവേറ്റും എന്നും പറയും.
കോടിയേരിക്ക് അവസാന ശ്വാസം വരെയും മുഖ്യമായിരുന്നത് പാർട്ടി മാത്രമായിരുന്നു പാർട്ടിയാണ് എല്ലാം …
അപ്പോളോ ഹോസ്പിറ്റലിലെ ട്രീറ്റുമെൻ്റിലൂടെ ഒരു ഘട്ടത്തിൽ പെട്ടെന്ന് തന്നെ അച്ഛന് പുരോഗതിയുണ്ടായിത്തുടങ്ങിയിരുന്നു. നല്ല മാറ്റം വന്നിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് ഒരു ഇൻഫക്ഷൻ വരുന്നത്, അതാണ് പ്രതീക്ഷകളെയെല്ലാം തകർത്തത്. 
വളരെ തീവ്രമായ ഒരു അസുഖം തന്നെയായിരുന്നു അച്ഛനെ ബാധിച്ചത്. സാധാരണഗതിയിൽ അതു ബാധിച്ച ഒരാൾക്ക് ആറുമാസത്തിലധികം അതിജീവനം സാദ്ധ്യമായിരുന്നില്ല എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു , ചികിത്സ നൽകിയ ഡോക്ടർമാർ അച്ഛന്റെ രോഗത്തോടുള്ള സമീപനത്തെ വരുന്ന കാലത്തെ ഇത്തരത്തിൽ രോഗം പിടിപെട്ടവർക്ക് മുന്നോട്ടു പോകാനുള്ള ഒരു പ്രചോദനമാണ് എന്ന് പറയുന്നു .
അച്ഛൻ കീമോ ഒക്കെ കഴിഞ്ഞ് വന്നിരിക്കുമ്പോൾ പോലും വേദനയുണ്ടോ അച്ഛാ എന്ന് ചോദിച്ചാൽ ചെറുതായിട്ടേ ഉള്ളു എന്ന് അച്ഛൻ പറയുമായിരുന്നു. അസുഖത്തിന്റ കാഠിന്യത്തെ സംബന്ധിച്ചുള്ള ആകുലത ഒന്നും തന്നെ മറ്റുള്ളവരിലേക്ക് അച്ഛൻ പകർന്നില്ല , മോഡേൺ മെഡിസിനിൽ എന്തിനും മരുന്നുണ്ട് ഇതൊക്കെ വേഗം സുഖമാകും എന്ന് പറഞ്ഞ് ഞങ്ങളെ സമാധാനിപ്പിക്കുമായിരുന്നു. കുടുംബാഗങ്ങളിൽ ആരെയും തന്നെ തന്‍റെ രോഗം അസ്വസ്ഥപ്പെടുത്തരുതെന്നും ഞങ്ങളുടെ ആരുടെയും ഒരു പ്രവർത്തനവും തടസ്സപ്പെടരുത് എന്നും അച്ഛൻ വല്ലാതെ ശ്രദ്ധിച്ചിരുന്നു. ശരിയാണ്, അച്ഛൻ മൂലം ഒരിക്കലും ഞങ്ങൾക്കാർക്കും ഒരു  വിഷമവും ഉണ്ടാവരുതെന്നു ഒരു നിർബന്ധമുള്ളത് പോലെയായിരുന്നു അച്ഛന്റെ സമീപനം, ആശുപത്രിയിൽ അച്ഛനെ സന്ദർശിച്ച ഒരാളേയും വിഷമിപ്പിക്കാതെയേ അച്ഛൻ കാര്യങ്ങൾ സംസാരിച്ചിട്ടുള്ളു. എല്ലാവരോടും അവരുടെ വിശേഷങ്ങൾ കൂടുതൽ ചോദിച്ചറിഞ്ഞുകൊണ്ട് അവരെ വളരെ റീലാക്സ്സ്ഡാക്കുമായിരുന്നു അച്ഛൻ .
അച്ഛന്‍റെ അപാര മന:ശ്ശക്തിയിൽ മൂന്നു വർഷം അതിജീവിച്ചു എന്നതാണ് സത്യം. അമ്മയാണ് അതിനൊരു കാരണം , നിഴലുപോലെ അമ്മ സദാസമയവും അച്ഛനെ പരിചരിച്ചു. എല്ലാ അർത്ഥത്തിലും അച്ഛന്‍റെ കൂടെ തന്നെ നിന്ന് കൊണ്ട് അച്ഛനെ നോക്കി. അസുഖത്തിന്‍റെ തീവ്രതയിൽ നീറി നിൽക്കുമ്പോഴും അമ്മ ഞങ്ങളെ വിഷമിപ്പിക്കാതിരിക്കാൻ അത് ലഘുകരിച്ചേ പറയുമായിരുന്നുള്ളു. ഏറ്റവും വലിയ വേദനയിൽ നിന്നും ഇപ്പോഴും ഇതിന്റെ ആഘാതത്തിൽ നിന്നും അമ്മയും ഞങ്ങളും മോചിതരായിട്ടില്ല .. ഇനി എത്ര കാലം എടുക്കും എന്നും അറിയില്ല ….
ഞങ്ങളോട് സംസാരിക്കുന്നവരെല്ലാം ഒരു പോലെ പറഞ്ഞ മറ്റൊന്ന് ഈ നഷ്ട്ടം ഞങ്ങൾക്കുപോലും ഇപ്പാഴും ഉൾകൊള്ളാനായിട്ടില്ല  എന്നാണ് , ഇത്ര പെട്ടെന്ന് സഖാവ് ഞങളെ വിട്ടു പോകും എന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല , ആ നോവിന്റെ ആഴം എന്നത് അത്രമാത്രമാണ് , എന്ത് മാത്രം വലിയ ഒരു വിടവ് ആണ് സഖാവിന്റെ വിയോഗത്തോടെ ഉണ്ടായിട്ടുള്ളത് എന്നത് പറഞ്ഞറിക്കാൻ പറ്റാത്ത ഒന്നാണ് ,  ഇനി ഒരു കാര്യം ഹൃദയം തുറന്നു ഒരു ആകുലതയുമില്ലാതെ ഞങ്ങൾക്ക് പറയുവാനും അത് കേൾക്കുവാനും ഒരാളില്ല , ആലങ്കാരികമായി പലരുടെയും വിയോഗത്തെ കുറിച്ചു ഇങ്ങനെ പറയാറുണ്ടെങ്കിലും ഇത്‌ അക്ഷരാത്ഥത്തിൽ ഏറ്റവും വലിയ നഷ്ടമാണ് എന്നാണ് ..
അച്ഛനില്ലാത്ത എ.കെ.ജി സെൻർ ലും ഫ്ലാറ്റിലും കഴിഞ്ഞദിവസം ആണ് വന്നത്, അച്ഛന് ഏറ്റവും പ്രിയപ്പെട്ടിടം .
എന്തല്ലാടാ… എപ്പോ വന്നൂ…വാ … ചിരിച്ചുകൊണ്ടിരുന്ന് അച്ഛൻ പറയുംപോലെ… അവിടെയെല്ലാം അച്ഛന്‍റെ ശബ്ദം കേൾക്കുന്നത് പോലെ , അച്ഛന്‍റെ മുറിയിൽ കേൾക്കുന്ന ചിരി, എല്ലാവരെയും നിറഞ്ഞ ചിരിയോടെ മാത്രം വരവേറ്റിരുന്ന കോടിയേരിയുടെ മുറി … 
ഫ്ലാളാറ്റിലെ എല്ലാ മുറികളിലും അച്ഛന്‍റെ ശബ്ദവും സാമീപ്യവും , അച്ഛൻ ഇരുന്ന കസേര അതിൽ വലത്തെ കൈ ചെറുതായി ഒന്ന് പിറകോട്ട് വെച്ചു അച്ഛൻ ഇരിക്കുന്നത് പോലെ ..
അവിടെ നിന്നപ്പോൾ എന്റെ കരളറ്റു പോകുന്നത് പോലെ , കണ്ണ് നിറഞ്ഞു തൊണ്ടയിൽ കനം കൂടുന്നത് പോലെയുള്ള അനുഭവം , 
അച്ഛന്റെ ജീവിതത്തിലെ ഏറ്റവും അധികം ഭാഗം ചിലവിട്ട എ കെ ജി സെന്ററും ഫ്ലാറ്റും ..
നിൽക്കാനാവുന്നില്ലവിടെനിക്ക് .
എ.കെ.ജി സെന്‍റർ ഫ്ലാറ്റിലേക്കുള്ള വഴിയിൽ, എ. കെ.ജി സെൻറർ ഫ്ലാറ്റിൽ എല്ലായിടത്തും അച്ഛന്‍റെ സാമിപ്യം തീവ്രമായി അനുഭവവേദ്യമാകുകയായിരുന്നു. 
ആരവങ്ങൾക്കിടയിൽ വേറിട്ട ശബ്ദമായി, ഒറ്റപ്പെടലിൽ ഒരു സ്നേഹകാഹളമായി അച്ഛൻ ജീവിതത്തിന്‍റെ ഓരോ പരമാണുവിലും സ്വാധീനിച്ചിരുന്നു എന്ന് എ കെ ജി സെന്‍ററിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഞാൻ അനുഭവിക്കുന്നു ..
അച്ഛനില്ലാത്ത വർത്തമാന കാലത്തിൽ ആണ് ഇനി ജീവിക്കേണ്ടത് ,ഒരു പുതിയ തുടക്കമാവാം എന്ന തിരിച്ചറിവിന്റെ മുറിവും വേദനയും ശരിയായി വരാൻ സമയമെടുത്തേക്കാം ..
എങ്കിലും അച്ഛൻ തന്ന കരുത്തോടെ തന്നെ മരണം വരെയും ഈ പാർട്ടിയോടൊപ്പം സഞ്ചരിക്കും…
സഖാവ് കോടിയേരി എന്‍റെ അച്ഛൻ അത്രയും നിറഞ്ഞ ഒരു സ്നേഹ പെയ്ത്തായിരുന്നു …

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അപേക്ഷയാണ്, സ്പീക്കറൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്ത് വെക്കണം;പുഷ്പ 2 റിലീസിൽ തിയേറ്ററുകാരോട് പൂക്കുട്ടി

കൊച്ചി:മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം അല്ലു അർജുൻനായകനായ പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. അടുത്തമാസം 5-നാണ് സിനിമയുട റിലീസ്. ഇതിന് മുന്നോടിയായി വന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ്...

പരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ആലപ്പുഴയിൽ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അദ്ധ്യാപകൻ പിടിയില്‍. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ്എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) യാണ് അറസ്റ്റ്...

'തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ ​വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു': കോൺഗ്രസിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർ​ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർ​ഗീയ ശക്തികളുടെ...

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊച്ചി:കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ വലിയ കുളത്തിലാണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. കടവന്ത്ര സ്വദേശി ഡിയോ (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത് കണ്ട് മറ്റു...

കൊച്ചിയിൽ ഞാനിനി ഇല്ല, ആരോടും പരിഭവവുമില്ല: ബാല

കൊച്ചി: നഗരത്തിൽ നിന്നും താമസം മാറിയതായി അറിയിച്ച് നടന്‍ ബാല. കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് തന്‍റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.