ബെംഗളൂരു:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. അറസ്റ്റിലായി ഒരുവർഷത്തിന് ശേഷമാണ് ബിനീഷിന്റെ ജയിൽ മോചനം.
സത്യം ജയിക്കുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്ക് അറിയേണ്ടത്. കേരളത്തിൽ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവർ പറയുന്നതുപോലെ പറയാൻ തയ്യാറാകാത്തതാണ് തന്നെ കേസിൽ പെടുത്താൻ കാരണമെന്നും ബിനീഷ് ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞുതന്ന കാര്യങ്ങൾ അതുപോലെ പറഞ്ഞിരുന്നെങ്കിൽ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നു. കേസ് കെട്ടിച്ചമച്ചതാണ്. ഇന്ത്യയിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ഇതിനുപിന്നിൽ. ഗൂഢാലോചന ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും കേരളത്തിൽ എത്തിയശേഷം വിശദീകരിക്കുമെന്നും ബിനീഷ് പറഞ്ഞു.
സഹോദരൻ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ജയിലിന് പുറത്ത് ബിനീഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു. ഞായറാഴ്ച ബിനീഷ് കേരളത്തിൽ എത്തും. വ്യാഴാഴ്ചയാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം നൽകിയത്. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജാമ്യക്കാർ പിന്മാറുകയും പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോൾ സമയം വൈകുകയും ചെയ്തതാണ് ബിനീഷിന്റെ ജയിൽമോചനം ശനിയാഴ്ചയിലേക്ക് നീളാൻ കാരണം.