ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷംരൂപ നഷ്ടപരിഹാരം, മകന് സർക്കാർ ജോലി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെട്ടിടം തകര്‍ന്നുവീണു മരിച്ച ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യുവാനും തീരുമാനിച്ചു.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം വൈകിയതാണ് ബിന്ദുവിന്റെ മരണത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് മന്ത്രിമാര്‍ ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.

കോട്ടയം മെഡിക്കല്‍ കോളേജ് ഫണ്ടില്‍നിന്ന് 50000 രൂപ പ്രാഥമിക ധനസഹായം നല്‍കിയ സര്‍ക്കാര്‍ മകന് താത്കാലിക ജോലി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സ്ഥിര ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. മകളുടെ ചികിത്സയും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു.

ജൂലായ് മൂന്നിന് രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നുവീണ് ബിന്ദു മരിച്ചത്. കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. മകൾ നവമിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയതായിരുന്നു ബിന്ദു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News