KeralaNews

ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയോ? വിശദീകരണവുമായി: ബിന്ദു കൃഷ്ണ

കോട്ടയം: ബിജെപി സംസഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തനിക്കുനേരെ ഉന്നയിച്ച ആരോപണം പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പ്രതികരിച്ചു. പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തുവെന്ന് ആരോപിച്ച വ്യക്തി മുന്‍പ് ബിജെപിയില്‍ ചേരാന്‍ സമീപിച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. പൊതുവായി ബിജെപി നേതാക്കളോട് സംസാരിക്കും എന്നല്ലാതെ ഇങ്ങനെയൊരു ആവശ്യവുമായി താന്‍ ആരെയും കണ്ടിട്ടില്ലെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.

”ഞാന്‍ സിപിഎം നേതാക്കളോടും സംസാരിക്കാറുണ്ട്. പക്ഷേ എന്നും അടിയുറച്ച കോണ്‍ഗ്രസുകാരിയാണ്. ഈ നിമിഷം വരെ പാര്‍ട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് കാണിക്കാന്‍ വെറുതേ പുകമറ സൃഷ്ടിക്കാനാണ് സുരേന്ദ്രന്റെ ശ്രമം” – ബിന്ദുകൃഷ്ണ പറഞ്ഞു.

”പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തുവെന്നുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ അറിഞ്ഞ കാര്യമാണ് ഞാന്‍ പറഞ്ഞത്. എന്തിനാണ് ചോദ്യം ചെയ്തത് എന്ന് എനിക്കറിയില്ല. അതു സംബന്ധിച്ച തെളിവുകളും എന്റെ പക്കലില്ല. ബിജെപിയിലേക്ക് പോകുമെന്ന വിവരം അറിഞ്ഞ ഉടന്‍ പത്മജയെ വിളിച്ചിരുന്നു. പക്ഷേ ഫോണ്‍ എടുത്തില്ല. ബിജെപിയിലേക്ക് പോകുമെന്ന ഒരു സൂചനയും പത്മജ നല്‍കിയിരുന്നില്ല. ഈ വാര്‍ത്ത സത്യമാകരുതേയെന്നാണ് ഇന്നു രാവിലെയും ഞാന്‍ പ്രാര്‍ഥിച്ചത്” – ബിന്ദു കൃഷ്ണ പറഞ്ഞു.

പത്മജയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) പേടിയാണെന്നും അതുകൊണ്ടാണു ബിജെപിയിലേക്കു പോകുന്നതെന്നുമായിരുന്നു രാവിലെ ബിന്ദു കൃഷ്ണ ഉന്നയിച്ച ആരോപണം. പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നെന്നും അവര്‍ ബിജെപിയില്‍ ചേരുന്നതു നിര്‍ഭാഗ്യകരമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ഇതിനുപിന്നാലെ മാധ്യമങ്ങളെ കണ്ട കെ.സുരേന്ദ്രന്‍, പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തുവെന്ന് ആരോപിച്ച വ്യക്തി മുന്‍പ് ബിജെപിയില്‍ ചേരാന്‍ സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു.

”ഇ.ഡിയെ കണ്ട് ഭയന്നിട്ടാണ് പത്മജ ബിജെപിയിലേക്കു പോകുന്നതെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുന്‍പ് ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുള്ളവരാണ്. എന്റെ മാന്യതയ്ക്ക് അനുസരിച്ച് ഞാന്‍ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊക്കെ വെറുതേ ആളുകളെ കബളിപ്പിക്കാന്‍ പറയുന്നതാണ്” – ഇതായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button