ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കുകയായിരുന്നു. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബില്‍ അവതരിപ്പിച്ചത്.
മൂന്നു നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രം അവതരിപ്പിച്ചത് ഒറ്റ ബില്ലാണ്. ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കനത്ത ബഹളമാണ് സഭയിലുണ്ടായത്.
രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി കേന്ദ്രം ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. കര്‍ഷകരെ ദ്രോഹിക്കാനാണ് സര്‍ക്കാര്‍ വിവാദ നിയമം പാസാക്കിയതെന്നും ചൗധരി വിമര്‍ശിച്ചു.