തിരുവനന്തപുരം : ഗവർണർക്കെതിരെ സർക്കാരിന്റെ തുടർ നീക്കങ്ങളുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുക്കും.ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ട് വരാന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും.ഡിസംബര്‍ ആദ്യവാരം മുതല്‍ 15 വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് ആലോചന.
മിൽമ പാലിന്റെ വില വർധന സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെങ്കിലും ഇന്നത്തെ മന്ത്രിസഭയോഗം അത് പരിഗണിച്ചേക്കില്ല.
എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളുണ്ട്. 25,000 പേരാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത്. ബാക്കി ജനം തനിക്കൊപ്പമെന്നും ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാല്‍ രാജിവെക്കുമെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. സര്‍ക്കാരിന്‍റെ കാര്യങ്ങളില്‍ ഇപ്പോള്‍ ഇടപെടില്ല. ഭരണഘടനാ തകര്‍ച്ചയുണ്ടായാല്‍ ഇടപെടും. ഭാഗ്യവശാല്‍ കേരളത്തില്‍ ഇപ്പോള്‍ അത്തരം സാഹചര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവർണര്‍ക്കെതിരായ തർക്കത്തിൽ പുതിയ പോർമുഖം തുറന്നാണ് എൽഡിഎഫ് ഇന്ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. ഗവർണറുമായി ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് പ്രഖ്യാപിച്ചാണ് ഭരിക്കുന്ന മുന്നണി തന്നെ രാജ്ഭവനിലേക്കുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ സ്ത്രീകളടക്കമുള്ള പ്രവർത്തകർ പത്തരയോടെ മ്യൂസിയം ജംഗ്ഷനില്‍ നിന്നും പ്രകടനമായി രാജ്ഭവനിലേക്ക് എത്തി.
രാജ്ഭവനിൽ ഗവർണര്‍ ഉണ്ടായിരുന്നില്ലെങ്കിലും ആരിഫ് മുഹമ്മദ് ഖാനെതിരെ മുദ്രാവാക്യം വിളികള്‍ കടുത്തു. രാജ്ഭവന് മുന്നിൽ തയ്യാറാക്കിയ താൽക്കാലിക വേദിയിൽ സീതാറാം യെച്ചൂരി, കാനം രാജേന്ദ്രൻ, എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ സമരത്തിന് നേതൃത്വം നൽകി.