ന്യൂഡല്‍ഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനവുമായി ബന്ധപെട്ട് ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്മാരായ അജയ് രസ്‌തോഗി, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി ചേമ്പറില്‍ പരിഗണിച്ച് തള്ളിയത്.
മോചനം ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി മെയ് 13 ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനം സംബന്ധിച്ച തീരുമാനം എടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് തള്ളിയത്.
കേസിന്റെ വിചാരണ മഹാരാഷ്ട്രയില്‍ നടന്നതിനാല്‍, ഗുജറാത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനം സംബന്ധിച്ച തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്നാണ് ബില്‍ക്കിസ് ബാനു പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മഹാരാഷ്ട്ര സര്‍ക്കാരാണ് മോചന അപേക്ഷയില്‍ തീരുമാനം എടുക്കേണ്ടത് എന്നും പുനഃപരിശോധന ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. അതേസമയം കേസിലെ പതിനൊന്ന് പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ബില്‍ക്കിസ് ബാനു നല്‍കിയ റിട്ട് ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഗുജറാത്തിലെ 2002-ലെ ഗോധ്രകൂട്ടക്കൊലയുടെ തുടര്‍ച്ചയായുണ്ടായ കലാപത്തില്‍, അന്ന് ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് മുഖ്യ കേസ് ഇതില്‍ 11 പ്രതികളെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പ്രതികളുടെ ശിക്ഷ 2017-ല്‍ ബോംബെ ഹൈക്കോടതിയും ശരിവെച്ചു.