NationalNews

പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി നിയമവിരുദ്ധം; ഒരാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് കോടതി

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതികൾ ഒരാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കേസിൽ പതിനൊന്ന് പ്രതികളേയും വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു പ്രതികൾ ഒരാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.

സമീപകാലത്ത് ഏറ്റവും ദൈർഘ്യമേറിയ വിധിപ്രസ്താവമാണ് സുപ്രീം കോടതിയിൽ ജസ്റ്റിസ് ബി.വി. നാഗരത്ന നടത്തിയത്. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ പരാമർശിച്ചുകൊണ്ട്, 55 മിനിറ്റ് നീണ്ടുനിന്ന വിശദമായ വിധിപ്രസ്താവമാണ് ഇന്നുണ്ടായിരിക്കുന്നത്. കേസിൽ നൽകിയ ഹർജിയുടെ നിലനിൽപ്പ് മുതൽ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദ് ചെയ്ത സാഹചര്യത്തിൽ ഇവരെ എന്തുചെയ്യണം എന്നതുൾപ്പെടെ ഏഴുവിഷയങ്ങൾ വിധിയിൽ പരാമർശിക്കുന്നുണ്ട്.

കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിൽ വിചാരണ നടന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാരാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടതെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ഇത്തരത്തിൽ തീരുമാനം എടുത്തതെന്നാണ് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ കേസുമായി ബന്ധപ്പെട്ട വസ്തുതകൾ മറച്ചുവെച്ച് പ്രതികളിൽ ഒരാൾ സുപ്രീം കോടതിയെ കബളിപ്പിച്ചുകൊണ്ട് നേടിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് സർക്കാർ തുടർനടപടികൾ സ്വീകരിച്ചതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഇല്ലാത്ത അധികാരം ഉപയോഗിച്ചു കൊണ്ടാണ് ഗുജറാത്ത് സർക്കാർ ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയതെന്നും ആ ഉത്തരവ് തങ്ങൾ റദ്ദാക്കുകയാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന വിധിപ്രസ്താവത്തിൽ പറയുന്നു. തങ്ങൾക്ക് അധികാരമില്ല എന്ന് മനസ്സിലായിട്ടും ഗുജറാത്ത് സർക്കാർ അത്തരം ഒരു നടപടിയുമായി മുന്നോട്ടുപോയത് തികച്ചും തെറ്റായ ഒരു നടപടിയെന്ന് കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button