ഇടുക്കി: കുഞ്ചിത്തണ്ണിയിൽ ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ. വെള്ളത്തൂവൽ, മുതിരപ്പുഴ സ്വദേശികളായ 17 വയസ്സുകാരാണ് പൊലീസ് പിടിയിലായത്. കുഞ്ചിത്തണ്ണി സ്വദേശി പൂതക്കുഴി ജെഫിൻ സോബിയുടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന ബൈക്ക് കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. മൂന്നാർ ഹെർക്സ് അണക്കെട്ടിന്റെ പരിസരത്തുനിന്നാണ് വാഹനം നഷ്ടപ്പെട്ടത്.
ഇയാൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് രാജാക്കാട്, അടിമാലി, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നാല് ബൈക്കുകൾ കൂടി ഇവര്‍ മോഷ്ടിച്ചതായി കണ്ടെത്തി.
ബൈക്കുകൾ നമ്പർപ്ലേറ്റുകൾ അഴിച്ചുമാറ്റിയും, രൂപമാറ്റം വരുത്തിയും വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ.അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കും.
വർക്കല നഗരസഭക്ക് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസ്, പെരുമാതുറ കൊട്ടാരം തുരുത്തിൽ അങ്ങതിൽ പുത്തൻവീട്ടിൽ സജീബ് എന്നിവരാണ് അറസ്റ്റിലായത്. നഗരസഭക്ക് മുന്നിലെ ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന കൊല്ലം സ്വദേശിയായ യുവാവിന്റെ ബൈക്കാണ് മോഷണം പോയത്. പൊലീസ് അന്വേഷണത്തിൽ പുത്തൻചന്ത ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.
മദ്യലഹരിയിലായിരുന്ന പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. ബൈക്ക് മോഷ്ടിച്ച ശേഷം പ്രതികൾ നമ്പർ പ്ലേറ്റ് നിരീക്ഷണ കാമറകളിൽ പതിയാത്ത വിധത്തിൽ മറച്ചുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ ഫവാസിനെതിരെ വധശ്രമത്തിനും ആംഡ് ആക്ട് പ്രകാരവും കഠിനംകുളം സ്റ്റേഷനിൽ കേസുണ്ട്.