കൊച്ചി:മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി ആയത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന്‍ നേടിയത്.
ബിഗ്‌ബോസ് മൂന്നാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സൂര്യ ജെ മേനോന്‍. നടിയും മോഡലുമൊക്കെയായ സൂര്യ കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ ഡിജെ മാരില്‍ ഒരാളാണ്. അവിടുന്ന് മോഡലിങ്ങ് രംഗത്തേക്ക് പ്രവേശിച്ചതോടെയാണ് സൂര്യ സിനിമയിലെക്ക് കൂടി ചുവടുവെക്കുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് മലയാളികള്‍ സൂര്യയെ കുറിച്ച് കൂടുതല്‍ അറിയാന്‍ തുടങ്ങിയത്.
താരത്തിന്റെ വസ്ത്രധാരണത്തെയും മേക്കപ്പിനേയും നിരവധി പേര്‍ സോഷ്യല്‍മീഡിയകളില്‍ വിമര്‍ശിക്കാറുണ്ട്. തനിക്കെതിരെ വരുന്ന അത്തരം വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ബുള്ളിയിങ് നടത്തുന്നവര്‍ക്കുമെതിരെ തന്റെ പുതിയ മേക്കോവറിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് സൂര്യ. നാടന്‍ വസ്ത്രം ധരിച്ച് വന്നപ്പോള്‍ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞ് നിരവധി പേര്‍ പരിഹസിച്ചു. മോഡേണ്‍ ആയി ഒരുങ്ങി വന്നപ്പോള്‍ അതിനെയും ചിലര്‍ വിമര്‍ശിക്കുകയും തെറിവിളിക്കുകയും ചെയ്തു. ഇതോടെ മാറേണ്ടത് താന്‍ അല്ല തന്നെ വിമര്‍ശിക്കുന്നവരുടെ ചിന്താഗതികളാണ് എന്നാണ് താന്‍ മനസിലാക്കിയെന്നാണ് സൂര്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഒപ്പം പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും സൂര്യ പങ്കുവെച്ചു. ബാലാമണിയില്‍ നിന്നും ഹോളിവുഡ് അന്ന ബെല്ലെയിലേക്ക് ഒരു എത്തിനോട്ടം എന്ന തലക്കെട്ടോടെയാണ് സൂര്യ പുത്തന്‍ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.
ഒരു ബിഗ്ഗ്ബോസ് മത്സരാര്‍ഥി എന്നതിലുപരി എല്ലാവരെയും പോലെ ഇഷ്ടാനിഷ്ടങ്ങള്‍ ഉള്ള ഒരു മനുഷ്യനാണ് ഞാനും. വിവിധ രീതികളില്‍ ഉള്ള മേക്കോവര്‍ ചെയ്യുക എന്നത് ഒരു പാഷന്‍ ആയി കൊണ്ട് നടക്കുന്ന വ്യക്തി കൂടി ആണ് ഞാന്‍. നൃത്തം ചെയ്യുന്ന കൊണ്ട് അതില്‍ മാത്രം ശ്രദ്ധിക്കാം എന്ന് കരുതി മറ്റുള്ള കഴിവുകള്‍ ഞാന്‍ മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ എന്റെ എഴുത്ത് ഉള്‍പ്പെടെ നിങ്ങളിലേക്ക് എത്തുകയില്ലായിരുന്നു. മിറര്‍ റൈറ്റിങ് ഉള്‍പ്പെടെ പരീക്ഷിച്ചതും അത്തരം എന്റെ ചില പരീക്ഷണങ്ങള്‍ ആയിരുന്നു.
ഒരാളുടെ വസ്ത്രം മേക്കപ്പ് എന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യം മാത്രമാണ്. നിങ്ങള്‍ക്ക് ഇഷ്ടപെട്ട വസ്ത്രം ചിലപ്പോ മറ്റുള്ളവരുടെ ഇഷ്ടക്കേടായിരിക്കും. ആരെയും പൂര്‍ണമായി തൃപ്തിപ്പെടുത്തി ജീവിക്കാനും നമുക്ക് ആര്‍ക്കും കഴിയില്ല. ഒരു സീസണല്‍ ബിഗ് ബോസ് മത്സരാര്‍ഥി എന്നതിലുപരി എന്റെ കരിയറില്‍ ഉള്ള ആഗ്രഹങ്ങള്‍ വലുതാണ്. അത് കൊണ്ട് തന്നെ പുതിയ ആശയങ്ങളും നിങ്ങള്‍ക്ക് എന്നില്‍ കാണാന്‍ സാധിച്ചേക്കാം. വ്യത്യസ്തമായി ചിന്തിക്കുന്നവരെ അന്നും ഇന്നും ജനം പ്രാന്തന്‍ എന്ന് പറഞ്ഞിട്ടേ ഉള്ളൂ. അന്നത്തെ പല പ്രാന്തന്‍ ആശയങ്ങളുമായിരുന്നു പില്‍കാലത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതും.
ഒരേ രീതിയില്‍ വസ്ത്രം ധരിക്കണം പെരുമാറണം എന്ന ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാടന്‍ വസ്ത്രം ധരിച്ച് വന്നപ്പോള്‍ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞ് പരിഹസിച്ചു. മോഡേണ്‍ ആയി ഒരുങ്ങി വന്നപ്പോള്‍ അതിനേയും. അതില്‍ നിന്നും മനസിലാക്കേണ്ടത് ഒന്നാണ്…. മാറേണ്ടത് ഞാന്‍ അല്ല. നമ്മള്‍ ഓരോരുത്തരുടെയും ചിന്തകള്‍ ആണ്. ഡിംപല്‍ പറഞ്ഞത് പോലെ ഒരാളുടെ വസ്ത്രത്തെയോ മേക്കപ്പിനെയോ കുറിച്ച് ഒരിക്കലും കമന്റ് പറയരുത്’ എന്നായിരുന്നു സൂര്യയുടെ കുറിപ്പ്.
അതേ സമയം ബിഗ് ബോസില്‍ പോയി തിരിച്ച് വന്നതിന് ശേഷം തനിക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു എന്നാണ് സൂര്യ പറയുന്നത്. പന്ത്രണ്ട് സിനിമകളില്‍ നിന്നും അല്ലാതെയുമായി അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഞാനിപ്പോള്‍ മിസ് കേരള ടോപ് ഫൈവില്‍ വന്നിട്ടുണ്ടെന്നും സൂര്യ പറയുന്നു. സൂര്യയെ പ്രശസ്തിയിലെത്തിച്ചത് ലേഡീ ഡിജെ ആയി വന്നതോടെയായിരുന്നു. അതേ കുറിച്ചും അഭിമുഖത്തില്‍ താരം സൂചിപ്പിച്ചിട്ടുണ്ട്.
ഡിജെ പ്രൊഫഷണില്‍ ആദ്യകാലത്തുള്ള സ്ത്രീകളില്‍ ഒരാള്‍ ആയിരുന്നു ഞാന്‍. വളരെ ചുരുക്കം പെണ്‍കുട്ടികള്‍ മാത്രമേ ആ സമയത്ത് ഡിജെ രംഗത്ത് ഉണ്ടായിരുന്നുള്ളു. അധികം പേര്‍ക്ക് ഈ മേഖലയെ കുറിച്ച് അറിയില്ലായിരുന്നു. പണ്ട് മുതലേ എനിക്ക് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഞാനീ മേഖല തിരഞ്ഞെടുത്തത്. അങ്ങനെ ഒരു വര്‍ഷത്തോളം ഞാന്‍ ഡിജെ രംഗത്ത് വര്‍ക്ക് ചെയ്തു. കുറേ നാള്‍ കഴിഞ്ഞതോടെ ആ കരിയര്‍ ഉപേക്ഷിച്ച് മറ്റൊന്ന് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ സൂര്യ തിരക്കഥ ഒരുക്കിയ നറുമുഖി എന്ന സിനിമയുടെ തിരക്കിലാണ് താരം. തമിഴില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂര്യ തന്നെയാണ് നായികയാവുന്നതും.