KeralaNews

നിലമ്പൂരില്‍ ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍

നിലമ്പൂര്‍: നിലമ്പൂരില്‍ ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ് നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയില്‍ നിന്നു അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത നിലമ്പൂര്‍ സ്വദേശി തുപ്പിനിക്കാടന്‍ ജംഷീര്‍ (ബംഗാളി ജംഷീര്‍-31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21), എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കൂലിത്തല്ല് ക്വട്ടേഷന്‍, തീവയ്പ് കേസ്, വധശ്രമം (നിലമ്പൂര്‍ രാധാ കൊലക്കേസ്) ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ബംഗാളി ജംഷീര്‍. ആന്ധ്രയില്‍ നിന്നു വന്‍ തോതില്‍ മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിനകത്തും പുറത്തുമായി സംഘത്തിലെ ചില യുവാക്കള്‍ പലപ്പോഴായി പിടിയിലായി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഷമീറും മുമ്പ് ബാല പീഡന (പോക്‌സോ) കേസില്‍ പിടിയിലായി ജാമ്യത്തിലാണ്.

സാമ്പത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചു വരുത്തി പ്രത്യേകം പരിശീലിപ്പിച്ച ബാലന്‍മാരെ കൂടെ നിര്‍ത്തി വിഡിയോയും ഫോട്ടോയും എടുത്തു സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പേരുദോഷമുണ്ടാക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. നവംബര്‍ മൂന്നിനു പോക്‌സോ കേസില്‍ മമ്പാട് മേപ്പാടം വള്ളിക്കാടന്‍ അയ്യുബ് (30), ചന്ത്രോത്ത് അജിനാസ്(30) എന്നിവരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അനേഷണത്തിലാണ് ഇത്തരത്തിലുള്ള തട്ടിപ്പിനെ കുറിച്ച് പോലീസിനു വിവരം ലഭിച്ചത്.

അവര്‍ ഈ കേസിലും ഉള്‍പ്പെട്ടതായി തെളിവ് ലഭിച്ചിട്ടുണ്ട്. ഈ സംഘം കെണിയില്‍പ്പെടുത്തി മര്‍ദിച്ച് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടി എടുത്ത സംഭവത്തിലെ ഇരയായ മധ്യവയസ്‌കന്‍ നിലന്പൂര്‍ പോലീസിന് മുന്പാകെ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഈ സംഘം ഇത്തരത്തില്‍ പലരെയും കെണിയില്‍പ്പെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. പലരും സംഘത്തിന്റെ ഭീഷണി ഭയന്നും നാണക്കേടു കൊണ്ടും പരാതികള്‍ നല്‍കാത്തതാണ് ഇവര്‍ക്കു തുണയാകുന്നത്.

ഓരോ ഇരയെയും അവരെ വിളിച്ചു വരുത്തേണ്ട സൗകര്യപ്രദമായ സ്ഥലങ്ങളും നേരത്തെ കണ്ടെത്തുന്ന സംഘം ബാലന്‍മാരെയും സ്ഥലത്തു മുന്‍കൂട്ടി എത്തിച്ചു പരിശീലനം കൊടുക്കും. കെണിയില്‍ വീഴുന്നവരെ ബാലന്റെ ബന്ധുക്കളാണെന്നു പറഞ്ഞ് സംഘത്തിലെ ചില ആളുകള്‍ പെട്ടെന്ന് ഓടിയെത്തി മോചിപ്പിച്ചു ഇരയെ മര്‍ദിക്കും. അപ്പോള്‍ മറ്റൊരു സംഘം വന്നു ഇരയെ മര്‍ദനത്തില്‍ നിന്നു രക്ഷപ്പെടുത്തി സമാധാനിപ്പിച്ചു പ്രശ്‌നം രാജിയാക്കാം എന്നുപറഞ്ഞു വാഹനത്തില്‍ കയറ്റി നിലന്പൂര്‍ ഒസികെ ഓഡിറ്റോറിയത്തിനു സമീപമുള്ള ബംഗാളി ജംഷീറിന്റെ ആഡംബര ഓഫീസിലേക്കു കൂട്ടി കൊണ്ടുവരും.

അവിടെ വച്ച് ജംഷീര്‍ വക്കീല്‍ ഗുമസ്ഥനായി അഭിനയിച്ച് വക്കീല്‍മാരെയും പോലീസ് ഓഫീസര്‍മാരെയും വിളിക്കുന്ന പോലെ അഭിനയിച്ചു ഇരയെ സമ്മര്‍ദത്തിലാക്കി വലിയ തുകയ്ക്കു ഒത്തു തീര്‍പ്പാക്കും. തുച്ഛമായ തുകയോ ഭക്ഷണം, വസ്ത്രം എന്നിവയോ വാങ്ങിക്കൊടുത്തു ബാലന്‍മാരെ പറഞ്ഞുവിടും. വലിയ പങ്ക് ജംഷീര്‍ കൈക്കലാക്കും. വീതംവയ്പില്‍ തര്‍ക്കിക്കുന്നവരെ ഭയപ്പെടുത്തി ഒഴിവാക്കും. ജംഷീര്‍ ആഡംബര വീടും കാറുമൊക്കെ ഇത്തരത്തില്‍ സംഘടിപ്പിച്ചാണു ജീവിതം നയിക്കുന്നത്.

പുതിയതായി വാങ്ങിയ ടാറ്റ നെക്‌സോണ്‍് കാര്‍ സര്‍വീസ് ചെയ്യാന്‍ ജംഷീര്‍ പെരിന്തല്‍മണ്ണയിലെ ഷോറൂമിലെത്തിയതായി പോലീസിനു രഹസ്യ വിവരം ലഭിച്ചതോടെ അവിടെ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഷമീറിനെ മന്പാട്ടു നിന്നാണ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker