കൊച്ചി: കൊച്ചിയില്‍ മാരക മയക്കുമരുന്നു ശേഖരവുമായി എട്ടംഗ സംഘം പിടിയില്‍. ഗ്രാന്റെ കാസ ഹോട്ടലില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് 60 ഗ്രാം എംഡിഎംഎ പിടികൂടി. ഹോട്ടലില്‍ മുറിയെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് അറസ്റ്റ്. ലഹരി മരുന്ന് വില്‍ക്കാനെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരും ആണ് പിടിയിലായത്. സംഘത്തില്‍ ഒരു യുവതിയുമുണ്ട്.
ആലുവ സ്വദേശി റെച്ചു റഹ്‌മാന്‍, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂര്‍ സ്വദേശി ബിബീഷ് , കണ്ണൂര്‍ സ്വദേശി സല്‍മാന്‍, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ, കൊല്ലം സ്വദേശി തന്‍സീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വോഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മിന്നല്‍ പരിശോധന നടത്തിയത്. നൈജീരിയന്‍ സ്വദേശികളാണ് ലഹരി എത്തിച്ചതെന്നും പ്രതികള്‍ക്ക് എ0ഡിഎ0എ ലഭിച്ചത് ബെംഗളൂരുവില്‍ നിന്ന് എന്നാണ് മൊഴി. പ്രതികള്‍ നേരത്തെ ഗള്‍ഫില്‍ ലഹരി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഗള്‍ഫില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. പ്രതികള്‍ എം.ഡി.എം.എക്ക് പുറമെ കഞ്ചാവും ഉപയോഗിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ ഇവരുടെ നീക്കം എക്സൈസ് പരിശോധിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് പുലര്‍ച്ചെ പരിശോധന നടത്തിയത്. ഹോട്ടലുകളിലെ മൂന്ന് മുറികളിലായാണ് ഇടപാടുകള്‍ നടന്നിരുന്നത്.