വാഷിംഗ്ടണ്‍ ഡി.സി: യുക്രൈന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും തമ്മില്‍ ചര്‍ച്ച നടത്താന്‍ ധാരണയായി. കഴിഞ്ഞദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവര്‍ മക്രോണ്‍ പുടിനുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ജോ ബൈഡനും പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ധാരണയായത്.
ചര്‍ച്ച കഴിയുന്നതുവരെ റഷ്യ യുക്രൈനിലേക്ക് കടന്നു കയറരുത് എന്ന നിബന്ധനയോടെയാണ് യുഎസ് പ്രസിഡന്റ് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചിരിക്കുന്നത്. യുദ്ധമൊഴിവാക്കാനുള്ള അവസാന ശ്രമമായാണ് ഫ്രഞ്ച് പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയത്.
റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതുവരെ നയതന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് യുഎസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പ്രസ്താവനയില്‍ വ്യക്തമാക്കി. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഈ മാസം 24ന് യൂറോപ്പില്‍ കൂടുക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും ഇരു രാജ്യങ്ങളിലേയും പ്രസിഡന്റുമാര്‍ ചര്‍ച്ച നടത്തുക.
അതേസമയം, യുക്രൈനില്‍ വീണ്ടും വിഘടനവാദികളുടെ ആക്രമണം. അതിര്‍ത്തി നഗരമായ ഡോണെട്സ്‌കിലാണ് ആക്രമണം നടന്നിരിക്കുന്നത്. ഷെല്ലാക്രമണമാണ് നടന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്നാണ് യുക്രൈന്‍ അധികൃതര്‍ ആരോപിക്കുന്നത്. കഴിഞ്ഞയാഴ്ച ബിഘടനവാദികള്‍ നടത്തിയ ആക്രമണത്തില്‍ യുക്രൈന്റെ ഒരു സുരക്ഷാ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.