ന്യൂഡൽഹി : കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന് മൂക്കിലൂടെ നൽകാവുന്ന വാക്‌സിൻ പരീക്ഷണത്തിന് ഒരുങ്ങി ഭാരത് ബയോടെക്. വാക്സിന്റെ ആദ്യഘട്ട പരീക്ഷണം ആരംഭിക്കുന്നതിന് അനുമതി തേടി ഭാരത് ബയോടെക് അപേക്ഷ സമർപ്പിച്ചു. കുത്തിവെപ്പിനേക്കാൾ കൂടുതൽ ഫലപ്രദമായിരിക്കും നേസൽ വാക്സിൻ എന്നും അനുമതി ലഭിച്ചാലുടൻ പരീക്ഷണം ആരംഭിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു.
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇൻട്രാനേസൽ കൊറോണ വാക്‌സിൻ പരീക്ഷണത്തിന് കമ്പനി അനുമതി തേടിയിരിക്കുന്നത്. സെന്റ് ലൂയിസിലെ വാഷിംഗ്ടൺ സ്‌കൂൾ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നത്.
വാക്‌സിന്റെ പ്രീക്ലിനിക്കൽ ട്രയലുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഫെബ്രുവരി മാർച്ച് മാസത്തോടെ രാജ്യത്ത് ആദ്യഘട്ട പരീക്ഷണം ആരംഭിക്കാനാണ് തീരുമാനമെന്ന് ഭാരത് ബയോടെക് ചെയർമാൻ കൃഷ്ണ എല്ല അറിയിച്ചു.
രാജ്യത്തൊട്ടാകെ കൊവാക്‌സിന്റെ രണ്ട് ഡോസ് കുത്തിവെയ്പ്പ് നടത്താൻ 2.6 ബില്ല്യൺ സിറിഞ്ചുകൾ ആവശ്യമാണ്. കുത്തിവെയ്പ്പ് നടത്തുന്നത് മലിനീകരണത്തിന് കാരണമാകാൻ സാധ്യതയുള്ളതിനാലാണ് മൂക്കിലൂടെ നൽകുന്ന ഇൻട്രാനേസൽ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതെന്ന് കൃഷ്ണ എല്ല പറഞ്ഞു. ഇൻട്രാനേസൽ വാക്‌സിനുകളുടെ വിലയും കൊവാക്‌സിനേക്കാൾ കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.