ന്യൂഡൽഹി: രാജ്യത്ത് ഡിസിജിഐ അടിയന്തിര അനുമതി നൽകിയ കൊവാക്‌സിൻ സ്വീകരിച്ച് ഒരാൾ മരിച്ചെന്ന വാർത്ത നിഷേധിച്ച് ഭാരത് ബയോടെക്ക്.
ഡിസംബറിൽ കൊവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുത്ത് മരിച്ച മദ്ധ്യപ്രദേശ് സ്വദേശിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഭാരത് ബയോടെക്ക് പങ്കുവെച്ചു. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വാക്‌സിൻ സുരക്ഷിതമാണെന്നും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വാക്‌സിൻ ഡോസ് സ്വീകരിച്ച് 10 ദിവസങ്ങൾക്ക് ശേഷമാണ് 42 കാരനായ ദീപക് മറാവി മരിക്കുന്നത്. വാക്‌സിൻ ഡോസ് സ്വീകരിച്ചല്ല അദ്ദേഹം മരിച്ചതെന്ന് പ്രഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വാക്‌സിൻ സ്വീകരിച്ച 23,500റോളം പേരിൽ ഇതുവരെ ഇത്തരത്തിൽ അസ്വസ്ഥതകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഭാരത് ബയോടെക് അറിയിച്ചു. വാക്‌സിൻ കുത്തിവയ്പ്പും മരണവും തമ്മിൽ ബന്ധമില്ലെന്ന് മദ്ധ്യപ്രദേശ് മെഡിക്കൽ ലീഗൽ ഇൻസ്റ്റിറ്റിയൂട്ടും വിശദീകരിച്ചു.