ചെന്നൈ: പ്രശസ്ത ഭരതനാട്യം നര്‍ത്തകന്‍ സാക്കിര്‍ ഹുസൈനെ തമിഴ്നാട്ടിലെ ശ്രീരംഗം രംഗനാഥര്‍ കോവിലില്‍നിന്ന് പുറത്താക്കിയതായി പരാതി. മതം പറഞ്ഞ് ആക്ഷേപിച്ചാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് പുറത്താക്കിയത്. ഇദ്ദേഹത്തെ ദേഹോപദ്രവമേല്‍പിച്ചതായും ആരോപണമുണ്ട്. മര്‍ദ്ദനമേറ്റ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, സംഭവം വിവാദമായതോടെ തമിഴ്നാട് ദേവസ്വം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഘപരിവാര്‍ പ്രവര്‍ത്തകനായ രംഗരാജന്‍ നരസിമ്മന്റെ നേതൃത്വത്തില്‍ ഒരു സംഘം സാക്കിര്‍ ഹുസൈനെ ക്ഷേത്രത്തില്‍ വെച്ച് കഴുത്തിനു പിടിച്ച് തള്ളി മര്‍ദിച്ചത്. വധഭീഷണി മുഴക്കുകയും ചെയ്തു.
പ്രമുഖ ക്ഷേത്രങ്ങള്‍ പതിവായി സന്ദര്‍ശിക്കുന്ന സാക്കിര്‍ ഹുസൈന് തമിഴ്നാട്ടിലെ പ്രമുഖരായ നര്‍ത്തകരില്‍ ഒരാളാണ്. തമിഴ്നാട് സര്‍ക്കാറിന്റെ ‘കലൈമാമനി’ പുരസ്‌കാര വും ഇദ്ദേഹം നേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് മതത്തിന്റെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടി വന്നതെന്നും കടുത്ത മാനസികാഘാതത്തിലാണെന്നും സാക്കിര്‍ ഹുസൈന്‍ പറഞ്ഞു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയത്. പ്രളയസമയത്തും കോവിഡ് കാലത്തും ക്ഷേത്രത്തിലടക്കം സേവന പ്രവര്‍ത്തനം നടത്തിയിരുന്നു.
എന്നാല്‍, സംഭവത്തില്‍ ക്ഷേത്രഭരണാധികാരികള്‍ക്ക് ബന്ധമില്ലെന്നും ക്ഷേത്രജീവനക്കാര്‍ ആരും സാക്കിര്‍ ഹുസൈനെ തടഞ്ഞിട്ടില്ലെന്നും ശ്രീരംഗം ക്ഷേത്രം ജോ. കമീഷണര്‍ മാരിമുത്തു അറിയിച്ചു.