കൊച്ചി: ഷൈനിന്റെ പേര് പുറത്തു വന്നത് ഷൈൻ അഭിനയിച്ച സിനിമകളെ ബാധിക്കുമെന്ന വിൻസിയുടെ വാക്കുകൾക്ക് പ്രതികരണവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇതൊക്കെ വീഡിയോ ഇടുന്നതിനു മുൻപ് വിൻസി ആലോചിക്കണമായിരുന്നു എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വിൻ സിക്ക് താൻ പിന്തുണ കൊടുത്തിരുന്നു എന്നും പിന്നീട് മാറ്റി പറയുമ്പോൾ പിന്തുണ കൊടുത്തവർ എന്ത് ചെയ്യുമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇങ്ങനെയാണെങ്കിൽ പെൺകുട്ടികൾക്ക് പിന്തുണ കൊടുക്കാൻ ബുദ്ധിമുട്ടാകും എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
‘ഇതൊക്കെ വീഡിയോ ഇടുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു. വീഡിയോ ഇട്ട് ഓരോന്ന് പറഞ്ഞിട്ട് പിന്നെ ഇങ്ങനെ മാറ്റി പറഞ്ഞിട്ട് കാര്യമില്ല. ഞാനൊക്കെ ആ കുട്ടിക്ക് സപ്പോർട്ട് നൽകിയതാണ്. ഇപ്പോൾ പിന്തുണ കൊടുത്തവർ എന്ത് പറയാൻ. ഇങ്ങനെയാണെങ്കിൽ ആരെങ്കിലും മുന്നോട്ട് വരുമ്പോൾ പിന്തുണ കൊടുക്കാൻ ബുദ്ധിമുട്ടാകും. നമ്മൾ പിന്തുണ കൊടുത്തിട്ട് പിന്നെ നാളെ ആ പെൺകുട്ടി മാറ്റി പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യും. ഇതൊക്കെ സ്ഥിരം കാണുന്നതും കേൾക്കുന്നതുമാണ്’. ഭാഗ്യലക്ഷ്മി പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിച്ച് ഷൈൻ ടോം ചാക്കോ സിനിമാ സെറ്റിൽ മോശമായി പെരുമാറി എന്ന് നടി വിൻ സി അലോഷ്യസ് സിനിമാസംഘടനകൾക്ക് പരാതി നൽകിയിരുന്നു. നടന്റെ പേര് പുറത്തുവിടരുത് എന്ന് വിൻ സി പറഞ്ഞെങ്കിലും സിനിമാ സംഘടനകളിൽ നിന്ന് നടന്റെ പേര് പുറത്തുവന്നിരുന്നു . നടന്റെ പേര് പുറത്തുവന്നത് നടൻ അഭിനയിച്ച സിനിമകളെ ബാധിക്കുമെന്ന് ഭയമുണ്ടെന്നും തന്നോട് വിശ്വാസ വഞ്ചന കാണിച്ച സംഘടനയിൽ നിന്ന് പരാതി പിന്വലിക്കുമെന്നും വിൻ സി അലോഷ്യസ് പറഞ്ഞിരുന്നു.
ഇപ്പോൾ ലഹരി കേസിൽ ഷൈൻ ടോം ചാക്കോ അറസ്റിലായിരിക്കുകയാണ്. താൻ ലഹരി ഉപയോഗിക്കരുനെന്നും ലഹരി മരുന്ന് വിൽക്കുന്നവരുമായി ബന്ധമുണ്ടെന്നും ഷൈൻ ടോം ചാക്കോ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. താരത്തെ വൈദ്യ പരിശോധനക്ക് വിധേയനാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

