തൊടുപുഴ: ഒരു ലോഡ് മദ്യം കിട്ടിയാല്‍ എന്തു ചെയ്യാന്‍. അങ്ങിനെ ഒരു അവസ്ഥയാണ് ഇടുക്കി നാടുകാണിയിലുണ്ടായത്. ഹൈറേഞ്ചിലെ ബിവറേജസ് ഗോഡൗണിലേക്ക് മദ്യവുമായിപ്പോയ ലോറി മറിഞ്ഞു.റോഡില്‍ നിന്ന് നിയന്ത്രണം വിട്ട ലോറി ഇരുപതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
മറിഞ്ഞ ലോറിയിലെ മദ്യക്കുപ്പികള്‍ക്കിടയില്‍പ്പെട്ട് ലോറി ഡ്രൈവര്‍ തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ഇസ്മയില്‍(47)മരിച്ചു.അപകട സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിക്കൂടിയതിനാല്‍. ലോറിയുടെ അടുത്തേക്ക് പോലീസ് ആരെയും കടത്തിവിട്ടിരുന്നില്ല.ഇതു മൂലം അപകടത്തില്‍ പെട്ട ഡ്രൈവറെ രക്ഷിക്കാനായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഡ്രൈവര്‍ മദ്യ കെയ്‌സുകള്‍ക്കിടയില്‍ ഉണ്ടെന്ന് അറിയിച്ചെങ്കിലും മദ്യം സംരക്ഷിയ്ക്കുന്നതിനായി ലോറി മറിഞ്ഞയിടത്ത് തെരച്ചില്‍ നടത്താന്‍ പോലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ഏറെ നേരം കഴിഞ്ഞാണ് ഇസ്മയിലിനെ കണ്ടെത്താനായതെന്ന് ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ ഡ്രൈവര്‍ സുരക്ഷിത സ്ഥാനത്തക്ക് മാറിയെന്ന് ബന്ധുക്കളിലൊരാള്‍ വിവരമറിയിച്ചതിനാലാണ് നാട്ടുകാരെ ലോറിയുടെ അടുത്തേക്ക് കടത്തിവിടാതിരുന്നതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്തായാലും രാത്രിയോടെ വാഹനത്തിലുണ്ടായിരുന്ന 100 കെയ്‌സ് ബിയര്‍,ബിയര്‍ പാര്‍ലറുകള്‍ക്ക് കൈമാറി. 503 കെയ്‌സില്‍ 400 കെയ്‌സ് പൊട്ടിനശിച്ചു.