തിരുവനന്തപുരം: ബെവ്‌കോ ഔട്ട്ലെറ്റുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ നഷ്ടം ആയിരം കോടി പിന്നിട്ടുവെന്നും ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഔട്ട്ലെറ്റുകള്‍ തുറക്കണമെന്നും എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു. ഔട്ട്ലെറ്റുകള്‍ ഇനിയും അടഞ്ഞ് കിടന്നാല്‍ നഷ്ടം പെരുകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഉടന്‍ തന്നെ ഔട്ട് ലെറ്റുകള്‍ തുറന്നില്ലെങ്കില്‍ കടവാടക, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി സര്‍ക്കാര്‍ സഹായിക്കേണ്ടി വരുമെന്നും യോഗേഷ് ഗുപ്ത മുന്നറിയിപ്പ് നല്‍കി.
ഈ സാഹചര്യം ഒഴിവാക്കാനാണ് ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ തന്നെ ഔട്ട്‌ലെറ്റ് തുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം കണക്കിലെടുത്തു മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളുകയുള്ളു.
നേരത്തെ മദ്യത്തിന്റെ ഹോം ഡെലിവറിയെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഹോം ഡെലിവറിയിലേക്ക് കടക്കേണ്ടന്ന നിലപാടാണ് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ സ്വീകരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പിന്റെ നിലപാട് അറിഞ്ഞശേഷമായിരിക്കും ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ബാറുകള്‍, ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നേരത്തെയുള്ള നിലപാട്.