ദോഹ: ലോകകപ്പ് ഫൈനല്‍ കാണാനുള്ള ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ക്ഷണം നിരസിച്ച് സൂപ്പര്‍ താരം കരിം ബെന്‍സേമ. ലോകകിരീടം നേടിയ ഫ്രഞ്ച് മുന്‍ താരങ്ങള്‍ക്കും പരിക്ക് കാരണം ലോകകപ്പ് നഷ്ടമായവര്‍ക്കും ഒപ്പം, ദോഹയിലേക്ക് പോകാനുള്ള ഇമ്മാനുവേല്‍ മാക്രോണിന്‍റെ ക്ഷണമാണ് ബെന്‍സേമ തള്ളിയത്. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനത്തിൽ സിനദിന്‍ സിദാന്‍ , ലോറന്‍റ് ബ്ലാങ്ക്, മിഷേൽ പ്ലാറ്റിനി, പോള്‍ പോഗ്ബ, എന്‍ഗോളോ കാന്‍റേ എന്നിവര്‍ക്കൊപ്പമുള്ള യാത്രയ്ക്കായിരുന്നു ക്ഷണം.
പരിക്ക് ഭേദമായിട്ടും ബെന്‍സേമയെ ടീമിലേക്ക് തിരിച്ചുവിളിക്കാത്തതിലെ നീരസം കാരണമാണ് പിന്മാറ്റമെന്നാണ് സൂചന. ബെന്‍സേമ കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിനായി സൗഹൃദ മത്സരം കളിച്ചിരുന്നെങ്കിലും, ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ പരിശീലകന്‍ ദെഷാം തയ്യാറായില്ല. ഖത്തറിലുള്ള 24 കളിക്കാരെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും പരിക്കേറ്റ കളിക്കാരെയോ മുന്‍ താരങ്ങളെയോ ഫൈനലിന് ക്ഷണിക്കേണ്ടത് തന്‍റെ കടമയല്ലെന്നുമാണ് ദെഷാം പ്രതികരിച്ചത്.
ചിലര്‍ വരും, ചിലര്‍ വരില്ല എന്നും ദെഷാം പറഞ്ഞിരുന്നു. കളത്തിന് പുറത്തെ കാരണങ്ങള്‍ കൊണ്ട് ദേശീയ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ബെന്‍സേമയുടെ ഏറ്റവും സ്വപ്നമായിരുന്നു 2022 ലോകകപ്പില്‍ കളിക്കുക എന്നത്. എന്നാല്‍, പരിക്ക് വില്ലനായി എത്തിയതോടെ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് താരം പുറത്തായത്. പക്ഷേ, പരിക്ക് ഭേദമായിട്ടും താരത്തെ ടീമിലേക്ക് വിളിക്കാന്‍ പരിശീലകന്‍ തയാറായില്ല.
കരീം ബെന്‍സേമയുടെ അഭാവത്തിലും ഒളിവര്‍ ജിറൂദും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മിന്നും ഫോമിലാണ്. ലോകകപ്പില്‍ കിലിയന്‍ എംബാപ്പെ അഞ്ച് ഗോളടിച്ചപ്പോള്‍ ഒലിവര്‍ ജിറൂദ് നാലു ഗോള്‍ നേടി. ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുളള ഗോള്‍ഡന്‍ ബൂട്ടിനായി ഇരുവരും ശക്തമായി രംഗത്തുണ്ട്. പോഗ്ബെയുടെയും കാന്‍റെയുടെയും അഭാവത്തില്‍ ഫ്രഞ്ച് മധ്യനിര അടക്കി ഭരിക്കാന്‍ അന്‍റോണിയോ ഗ്രീസ്മാനും ചൗമെനിക്കും സാധിച്ചിരുന്നു.