ബെംഗളൂരു: ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചതിന് ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട പോലീസിന് തിരിച്ചു പണികൊടുത്ത് യുവാവ്. ഹെല്‍മറ്റ് ധരിച്ചില്ലെന്നതിന് തെളിവ് കാണിക്കാന്‍ ഫെലിക്‌സ് രാജ് എന്ന യുവാവ് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തെളിവ് ഇല്ലെങ്കില്‍ ഫൈന്‍ അടയ്ക്കില്ലെന്നും ഫെലിക്‌സ് പറഞ്ഞു. ഇതോടെ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നതിന്റെ ദൃശ്യം പോലീസ് ഹാജരാക്കി.
ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് ബെംഗളൂരു ട്രാഫിക് പോലീസ് യുവാവിന് ചലാന്‍ അയക്കുകയായിരുന്നു. എന്നാല്‍ ചലാന്റെ കൂടെ അയച്ച ഫോട്ടോയില്‍ ഇദ്ദേഹത്തിന്റെ സ്‌കൂട്ടറും അതിന്റെ നമ്പര്‍ പ്ലേറ്റും മാത്രമേ കാണിച്ചിരുന്നുള്ളു. ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നതിന്റെ ദൃശ്യം കാണിച്ചിരുന്നില്ല. ഇതോടെ പോലീസിനെ വെല്ലുവിളിച്ച് ഇദ്ദേഹം രംഗത്തെത്തുകയായിരുന്നു.
ഒന്നുകില്‍ നിയമലംഘനത്തിന്റെ ഫോട്ടോ കൊണ്ടുവരിക, അല്ലെങ്കില്‍ കേസ് പിന്‍വലിക്കുക എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെ ബെംഗളൂരു ട്രാഫിക് പോലീസ് നിയമലംഘനത്തിന്റെ ഫോട്ടോ ട്വീറ്റിനു താഴെ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ബെംഗളൂരു പോലീസിനെ അഭിനന്ദിച്ച യുവാവ്, എല്ലാവര്‍ക്കും ഇതുപോലെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും ഓര്‍മിപ്പിച്ചു. പിഴത്തുക അടയ്ക്കുമെന്നും ഇയാള്‍ വ്യക്തമാക്കി.