മദ്യപാനം ചോദ്യം ചെയ്തു; ബംഗളൂരുവിൽ വയോധികയെ മകളും കൊച്ചുമകനും ചേർന്ന് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ബംഗളൂരു: കെങ്കേരിയിലെ ഫ്‌ലാറ്റില്‍ മദ്യപാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വയോധികയെ മകളും കൊച്ചുമകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. കെങ്കേരി സ്വദേശിനിയായ ജയമ്മ (70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകള്‍ ഭാഗ്യലക്ഷ്മി, കൊച്ചുമകന്‍ കുശാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്.

ക്രിക്കറ്റ് ബാറ്റും മരവടിയും ഉപയോഗിച്ച് തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേല്‍പ്പിച്ചാണ് പ്രതികള്‍ വയോധികയുടെ ജീവനെടുത്തത്. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ ഫ്‌ലാറ്റിലെ ഹാളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു ജയമ്മയുടെ മൃതദേഹം.

അയല്‍വാസിയായ ധനഞ്ജയ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മൂന്ന്-നാല് മാസമായി ഫ്‌ലാറ്റിന്റെ ഒന്നാം നിലയില്‍ താമസിച്ചുവരികയായിരുന്നു ഭാഗ്യലക്ഷ്മിയും മകന്‍ കുശാലും. ഇരുവരും സ്ഥിരമായി മദ്യപിച്ച് ഫ്‌ലാറ്റില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ഇവരുടെ ശല്യം സഹിക്കവയ്യാതെ ഫ്‌ലാറ്റിലെ മറ്റ് താമസക്കാര്‍ കുശാലിന്റെ പിതാവായ കൃഷ്ണ നായിക്കിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കുശാലിനെ ലഹരിവിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാല്‍, ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ലഹരിവിമോചന കേന്ദ്രത്തില്‍ നിന്നും തിരിച്ചെത്തിയ കുശാല്‍ അമ്മ ഭാഗ്യലക്ഷ്മിയോടൊപ്പം വീണ്ടും മദ്യപാനവും വഴക്കും ആരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവരെ തിരുത്താനും ഒപ്പം താമസിക്കാനുമായി ജയമ്മ ഫ്‌ലാറ്റിലേക്ക് എത്തുന്നത്. കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളായി ഈ ഫ്‌ലാറ്റില്‍ നിന്ന് രൂക്ഷമായ തര്‍ക്കങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി.

ജൂണ്‍ 21-ന് രാത്രിയും ഇതേ രീതിയില്‍ ഫ്‌ലാറ്റില്‍ നിന്ന് വലിയ ബഹളവും ജയമ്മയുടെ നിലവിളിയും കേട്ടിരുന്നു. തുടര്‍ന്ന് പിറ്റേന്ന് തിങ്കളാഴ്ച രാവിലെയും ഇരുവരുടെയും മദ്യപാന ശീലത്തെ ജയമ്മ ചോദ്യം ചെയ്തതോടെ പ്രകോപിതരായ മകളും കൊച്ചുമകനും ചേര്‍ന്ന് കൈയിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റും വടിയും ഉപയോഗിച്ച് ജയമ്മയെ അടിച്ചുകൊല്ലുകയായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് കെങ്കേരി പോലീസ് അറിയിച്ചു.

In a shocking incident in Kengeri, Bengaluru, a 70-year-old woman named Jayamma was brutally beaten to death with a cricket bat and a wooden stick by her daughter, Bhagyalakshmi, and grandson, Kushal. The horrific crime took place inside their flat following a violent dispute that erupted when Jayamma questioned the duo’s persistent and severe alcoholism. Acting on a complaint filed by a neighbor who witnessed the frequent altercations, the Kengeri police swiftly arrested both suspects from the crime scene and recovered the blood-stained weapons, subsequently registering a murder case for further investigation.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News