ബെംഗളൂരു: ബെംഗളൂരുവിൽ ആട്ടിറച്ചി (മട്ടൻ) ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് പോത്തിറച്ചി (ബീഫ്) വിതരണം ചെയ്ത മലയാളി ഹോട്ടൽ പോലീസ് അടപ്പിച്ചു. ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിലുള്ള ‘കായലോരം’ ഹോട്ടലിലാണ് സംഭവം. ഭക്ഷണ കഴിക്കാനെത്തിയവരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഹോട്ടൽ ഉടമകളും ജീവനക്കാരുമായ രണ്ട് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു.
മലയാളികളായ ജിജു അലക്സാണ്ടർ, ഷിബു കെ.ബി എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഭിലാഷ് എന്ന മറ്റൊരു പങ്കാളി കൂടി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒന്നര വർഷമായി ബൊമ്മനഹള്ളിക്ക് സമീപം വിജയകരമായി പ്രവർത്തിച്ചുവരികയായിരുന്നു കായലോരം ഹോട്ടൽ. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ ഒരു കൂട്ടം യുവാക്കൾ ഇവിടെ നിന്നും ആട്ടിറച്ചി വിഭവങ്ങൾ ഓർഡർ ചെയ്തിരുന്നു. എന്നാൽ, തങ്ങൾക്ക് വിളമ്പിയ മാംസം ആട്ടിറച്ചിയല്ലെന്ന സംശയം ഇവർ പ്രകടിപ്പിച്ചു. തുടർന്ന് ഹോട്ടൽ ജീവനക്കാരോട് ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്.
ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉപഭോക്താക്കൾ ഉടൻ തന്നെ അവലഹള്ളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ഹോട്ടലിലെത്തി പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് മട്ടൻ എന്ന പേരിൽ വിതരണം ചെയ്തത് പോത്തിറച്ചിയാണെന്ന് കണ്ടെത്തിയത്. ഹോട്ടലിന്റെ മെനുവിൽ എവിടെയും പോത്തിറച്ചി ഉൾപ്പെടുത്തിയിരുന്നില്ലെന്നും, ഉപഭോക്താക്കളെ കബളിപ്പിച്ച് വൻ തുക ഈടാക്കാനാണ് മട്ടൻ എന്ന പേരിൽ ഇത് നൽകിയതെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് കായലോരം ഹോട്ടൽ പോലീസ് ഇടപെട്ട് പൂർണ്ണമായി അടപ്പിച്ചു സീൽ ചെയ്തു. ഹോട്ടലിൽ നിന്നും പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകൾ കൂടുതൽ വ്യക്തതയ്ക്കായി ഫൊറൻസിക് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.
കർണ്ണാടക ഗോവധ നിരോധന നിയമത്തിലെ (Karnataka Prevention of Slaughter and Preservation of Cattle Act-2020) വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ അവലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ നിലവിൽ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഹോട്ടലുകളിൽ നിന്നും മാംസാഹാരം കഴിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, ഇത്തരം വഞ്ചനകളോ മായം ചേർക്കലുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
English Summary
A popular Malayali restaurant named ‘Kayaloram’ at Isiri Hub in Bommanahalli, Bengaluru, was sealed by authorities for allegedly serving beef to customers under the guise of mutton. The fraud came to light after a group of customers grew suspicious of the meat served to them and alerted the Avalahalli police. Following an inspection, the police arrested two individuals from Kerala, identified as Jijoo Alexandar and Shibu K.B., while another partner, Abhilash, remains absconding. The police booked the accused under the Karnataka Prevention of Slaughter and Preservation of Cattle Act, 2020. The restaurant has been sealed, and meat samples have been sent for forensic examination.


