ബെംഗളൂരുവിൽ വാഹനാപകടം: രണ്ട് മലയാളികളക്കം 7 പേർ മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടം: രണ്ട് മലയാളികളക്കം 7 പേർക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് മൂന്ന് വാഹനങ്ങൾ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തിൽ  രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15-ഓടെ ദൊബ്ബാസ്‌പേട്ട്–ഹൊസ്കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്‌യുവികൾ, ഒരു കാന്റർ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. എസ്‌യുവി 700-ൽ യാത്രചെയ്തിരുന്ന ആറ് പേരും മരിച്ചു. വിനോദയാത്ര പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇതിൽ അഞ്ച് പേർ ഒരേ കോളേജിലെ വിദ്യാർഥികളാണ്. ഭരത് (18), അശ്വിൻ നായർ (17), ഏദൻ ജോർജ്, അർഹാൻ ഷെരീഫ്, ഭരത് എന്നിവരെ തിരിച്ചറിഞ്ഞു. ഇതിൽ അശ്വിനും ഏദനും മലയാളികളാണ്. ഒരാളെ തിരിച്ചറിയാനുണ്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരൻ ഗഗൻ (26) ആണ് മരിച്ച ബൈക്ക് യാത്രക്കാരൻ.

അമിതവേഗതയിലെത്തിയ മഹിന്ദ്ര എസ്‌യുവി 700 ആദ്യം ഒരു ബൈക്കിലിടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന കാന്റർ ട്രക്കിൽ ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ പിൻ ആക്‌സിൽ ഒടിഞ്ഞുമാറുകയും ട്രക്ക് സർവീസ് റോഡിലേക്ക് മറിയുകയും ചെയ്തു. ഈ ആക്‌സിലിൽ തട്ടി പുറകിൽവന്ന മാരുതി ബ്രെസ്സയും അപകടത്തിൽപ്പെട്ടു.

അപകടത്തെത്തുടർന്ന് എസ്.ടി.ആർ.ആറിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനുകൾ ഉപയോഗിച്ചാണ് തകർന്ന വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയത്. രണ്ടാമത്തെ എസ്‌യുവിലെ യാത്രക്കാരും ട്രക്ക് ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെട്ടു. സുലിബെലെ പോലീസ് സംഭവസ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News