ബെംഗളൂരു: മലയാളി ഉള്‍പ്പെടെ ഐ.ടി. കമ്പനി മേധാവികളായ രണ്ടുപേരെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മറ്റൊരു കമ്പനിയുടെ ഉടമ അറസ്റ്റില്‍. ബെംഗളൂരുവിലെ ജിനെറ്റ് ബ്രോഡ്ബാന്‍ഡ് കമ്പനിയുടെ ഉടമയായ അരുണ്‍ കുമാര്‍ ആസാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ബി.എം. ലക്ഷ്മി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
ബെംഗളൂരുവിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശബരീഷ് എന്ന ജോക്കര്‍ ഫെലിക്‌സ്, സന്തോഷ്, വിനയ് റെഡ്ഡി എന്നിവരാണ് ബുധനാഴ്ച തുമകുരുവില്‍നിന്ന് പിടിയിലായത്.
ബിസിനസ് രംഗത്തെ വൈരം കാരണം അരുണ്‍ കുമാറാണ് മൂന്നംഗസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇതനുസരിച്ചാണ് ജോക്കര്‍ ഫെലിക്‌സ് അടക്കമുള്ളവര്‍ കൃത്യം നടത്തിയതെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.
ചൊവ്വാഴ്ച വൈകിട്ടാണ് എയറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി. ഫണീന്ദ്ര സുബ്രഹ്‌മണ്യം, സി.ഇ.ഒ.യും കോട്ടയം സ്വദേശിയുമായ ആര്‍.വിനുകുമാര്‍ എന്നിവരെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബെംഗളൂരു അമൃതഹള്ളിയിലെ ഓഫീസിലേക്ക് വടിവാളുകളുമായി ഇരച്ചെത്തിയ അക്രമിസംഘം ആദ്യം ഫണീന്ദ്രയെയും പിന്നാലെ അക്രമം തടയാനെത്തിയ വിനുകുമാറിനെയും വെട്ടിക്കൊല്ലുകയായിരുന്നു.
കൊല്ലപ്പെട്ട ഫണീന്ദ്രയും വിനുകുമാറും നേരത്തെ ജിനെറ്റ് കമ്പനിയില്‍ ജോലിചെയ്തിരുന്നവരാണ്. 2022-ല്‍ ഇരുവരും കമ്പനി വിടുകയും എയറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ സ്വന്തമായി പുതിയ സ്ഥാപനം ആരംഭിക്കുകയും ചെയ്തു. ജിനെറ്റിലെ എന്‍ജിനീയര്‍മാര്‍ അടക്കമുള്ളവര്‍ക്കും ഇവിടെ ജോലിനല്‍കി.
മാത്രമല്ല, ജിനെറ്റ് കമ്പനിയെക്കാള്‍ കുറഞ്ഞനിരക്കില്‍ ഫൈബര്‍നെറ്റ് സേവനങ്ങളും നല്‍കി. എയറോണിക്‌സിന്റെ കടന്നുവരവ് തങ്ങളുടെ ബിസിനസിനെ ബാധിച്ചതോടെ അരുണ്‍ കുമാറിന് എയറോണിക്‌സ് കമ്പനി മേധാവികളോട് പകയായി. എയറോണിക്‌സ് എം.ഡി.യായ ഫണീന്ദ്രക്കെതിരേ ഇയാള്‍ ഭീഷണി മുഴക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് ജിനെറ്റിലെ മുന്‍ജീവനക്കാരനായ ഫെലിക്‌സിന് ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയത്.
ഫെലിക്‌സും കേസിലെ മറ്റൊരു പ്രതിയുമായ സന്തോഷും നേരത്തെ ജിനെറ്റ് കമ്പനിയില്‍ ഫണീന്ദ്രക്കും വിനുകുമാറിനും ഒപ്പം ജോലിചെയ്തിരുന്നവരാണ്. കൃത്യം നടത്താനായി സുഹൃത്തായ വിനയ് റെഡ്ഡിയെയും ഇവര്‍ കൂടെക്കൂട്ടി. തുടര്‍ന്ന് ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗസംഘം ചൊവ്വാഴ്ച വൈകിട്ടോടെ കൃത്യം നടത്തുകയായിരുന്നു.
അതിനിടെ, കൊലപാതകത്തിന് ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൃത്യം നടത്തിയതിന് ശേഷം പ്രദേശത്തെ റോഡിലൂടെ മൂന്നുപ്രതികളും ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്.
VIDEO | Bengaluru double-murder: CCTV footage shows two of the accused, who allegedly killed a managing director and a chief executive officer of a company, fleeing spot after committing the crime.
— Press Trust of India (@PTI_News) July 13, 2023
(Source: Third Party) pic.twitter.com/scntpM5dRP