ബെംഗളൂരു: കാവേരി നദീജല പ്രശ്‌നത്തില്‍ ബെംഗളൂരുവില്‍ സെപ്തംബര്‍ 26 ന് ബി ജെ പി ആഹ്വാനം ചെയ്ത ബന്ദിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍. 150 കന്നഡ അനുകൂല സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കരിമ്പ് ഉല്‍പ്പാദകരുടെ അസോസിയേഷനും കര്‍ണാടക ജല സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.
ബന്ദിന്റെ ഭാഗമായി രാവിലെ 11 മണിക്ക് ടൗണ്‍ ഹാളില്‍ നിന്ന് മൈസൂര്‍ ബാങ്ക് സര്‍ക്കിളിലേക്ക് റാലി നടക്കും. ബെംഗളൂരു ബന്ദ് കന്നഡക്കാരുടെ ഐക്യത്തിന് വേണ്ടിയുള്ള റാലി ആഹ്വാനമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കാവേരി നദീജല തര്‍ക്കം രാഷ്ട്രീയത്തിനതീതമാണെന്നും ഇത് ഓരോ കന്നഡിഗനെയും ബാധിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യമുള്ള വിഷയമാണ് എന്നുമാണ് ബി ജെ പി പറയുന്നത്.
ബന്ദിന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (കെഎസ്ടിഒഎ) പ്രസിഡന്റ് കെ രാധാകൃഷ്ണ ഹൊള്ള പിന്തുണ പ്രഖ്യാപിച്ചു. കാവേരി നദീജലപ്രതിസന്ധി കര്‍ണാടകയിലെ ജനങ്ങളുടെ പ്രധാന ആശങ്കയായതിനാലാണ് കെഎസ്ടിഒഎ ബന്ദിനെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ബന്ദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി വ്യാപാരി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെറുകിട, പ്രാദേശിക സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടച്ചേക്കാം. പൊതുഗതാഗതത്തില്‍ കാര്യമായ തടസം ബന്ദ് സൃഷ്ടിച്ചേക്കാം. ബസ് സര്‍വീസുകളെയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളെയും ബന്ദ് ബാധിക്കും. സ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാങ്കുകള്‍ കോര്‍പ്പറേറ്റ് ഓഫീസുകള്‍ എന്നിവയേയും ബന്ദ് സാരമായി ബാധിക്കും. റെസ്റ്റോറന്റുകളും ഭക്ഷണശാലകളും അടച്ചിട്ടിരിക്കാനോ പരിമിതമായ സേവനങ്ങളില്‍ പ്രവര്‍ത്തിക്കാനോ തീരുമാനിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബന്ദ് അനുകൂല പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്.
ആശുപത്രികളും മെഡിക്കല്‍ സേവനങ്ങളും തുറന്ന് കിടക്കും. പൊതുജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആശുപത്രികള്‍, മരുന്ന് ഷാപ്പ്, മറ്റ് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ പോലീസ്, അഗ്‌നിശമനസേന, അടിയന്തര സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് തുടരും. വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും പലചരക്ക് കടകളും തുറന്ന് പ്രവര്‍ത്തിച്ചേക്കാം. ചില സര്‍ക്കാര്‍ ഓഫീസുകളെ ബന്ദ് ബാധിക്കുമെങ്കിലും അവശ്യ സേവനങ്ങള്‍ പ്രവര്‍ത്തനക്ഷമമായി തുടരും.