വീടിനുള്ളില്‍ ഒരുനില നീന്തല്‍ക്കുളം,ഫുട്‌ബോള്‍ സ്‌റ്റേഡിയം; സതാദ്രു ദത്തയുടെ കൊൽക്കത്തയിലെ വീടുകളിലെ റെയ്ഡില്‍ ഞെട്ടി അന്വേഷണസംഘം; മെസിയോടൊപ്പമുള്ള ചിത്രത്തിന് ഈടാക്കിയത് 30 ലക്ഷം രൂപ

മെസ്സിയോടൊപ്പമുള്ള ചിത്രത്തിന് 30 ലക്ഷം രൂപ; സതാദ്രു ദത്തയുടെ കൊൽക്കത്തയിലെ വീടുകളിൽ റെയ്ഡ്

കൊൽക്കത്ത: കൊൽക്കത്തയിൽ ലയണൽ മെസ്സി പങ്കെടുത്ത പരിപാടിയുടെ പ്രധാന സംഘാടകനായ സതാദ്രു ദത്തയുടെ വസതികളിൽ പരിശോധന നടത്തി ബംഗാൾ പോലീസ്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടി അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസിന്റെ നടപടി. സംഭവത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പിഴവുകൾക്കപ്പുറം സാമ്പത്തിക ക്രമക്കേടുകളിലേക്കും വിരൽ ചൂണ്ടുന്ന തെളിവുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ദത്തയുടെ വീട്ടിലെ പോലീസ് പരിശോധ, ഈ കേസിൽ വലിയ വഴിത്തിരിവ് ഉണ്ടാക്കി എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) വെള്ളിയാഴ്ചയാണ് റിഷറയിലുള്ള ദത്തയുടെ മൂന്നുനില വീട്ടിൽ പരിശോധന നടത്തിയത്.

ഇത് നടപടിക്രമങ്ങളുടെ ഭാഗമായുള്ള പരിശോധനയാണെന്നും പ്രത്യേകിച്ച് രേഖകൾ ഒന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. അതേസമയം, ഒരു നിലയിലെ നീന്തൽക്കുളം, ടെറസിലെ ഫുട്‌ബോൾ ഗ്രൗണ്ട്, വലിയ ഓഫീസ് സ്ഥലം എന്നിവയുൾപ്പെടെ അസാധാരണമായ ചില കാര്യങ്ങൾ വീട്ടിൽ നടത്തിയ പരിശോധനയിൽ വെളിച്ചത്തുവന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനുപിന്നാലെ, ശനിയാഴ്ച പുലർച്ചെയോടെ ബിധാൻനഗർ പോലീസ് ഡിറ്റക്ടീവ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു സംഘം റിഷറ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പിന്നീടാണ് അഞ്ച് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ദത്തയുടെ വീട്ടിലെത്തി വീണ്ടും പരിശോധന നടത്തിയത്. പരിശോധന നടത്തുമ്പോൾ വീട്ടുവേലക്കാരി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അന്വേഷണത്തിന്റെ ഭാഗമായി സഹായിയെ ചോദ്യം ചെയ്യുകയും വീട്ടിലെ എല്ലാ മുറികളും പരിശോധിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഡിസംബർ 13-ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസ്സി പരിപാടിക്കിടെ ഉണ്ടായ പ്രശ്‌നങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പോലീസ് ദത്തയെ അറസ്റ്റ് ചെയ്തിരുന്നു. പരിപാടിയുടെ പ്രധാന സംഘാടകനെന്ന നിലയിൽ, അന്ന് ആസൂത്രണത്തിലും നടപ്പാക്കലിലും സംഭവിച്ച ഗുരുതരമായ വീഴ്ചകളുടെ ഉത്തരവാദി ദത്തയാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസിന്റെ നടപടി.

പരിപാടിയുമായി ബന്ധപ്പെട്ട് ഏകദേശം 100 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുള്ളതായും അതിൽ അന്വേഷണം നടത്തിവരികയാണ് എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഘാടക സമിതിയുടെയും അതിന്റെ സഹ സംഘാടകരുടെയും ഭാരവാഹികൾ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും മെസ്സിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

സംഘാടകർ മെസ്സിയോടൊപ്പമുള്ള ചിത്രങ്ങൾക്ക് 10 ലക്ഷം മുതൽ 30 ലക്ഷം രൂപവരെ ഈടാക്കിയതായി പോലീസ് അവകാശപ്പെട്ടു. എന്നിരുന്നാലും, ഈ പണമിടപാടുകളുടെ ഔദ്യോഗിക രേഖകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. പണം നേരിട്ട് കൈപ്പറ്റിയതാകാമെന്നും കണക്കിൽപ്പെടാത്ത വരുമാനമായി ഇതിനെ കണക്കാക്കുന്നുണ്ടെന്നും അന്വേഷകർ വിശ്വസിക്കുന്നു.

ടിക്കറ്റ് വിൽപ്പനയെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. വിറ്റ ടിക്കറ്റുകളിൽ പകുതിയോളം ടിക്കറ്റുകളുടെയും രേഖകൾ നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. യുവഭാരതി സ്റ്റേഡിയത്തിന് ഏകദേശം 66,000 സീറ്റുകളുണ്ട്. പകുതി ടിക്കറ്റുകൾ മാത്രമാണ് വിറ്റതെന്നും ബാക്കിയുള്ളവ സൗജന്യമായി വിതരണം ചെയ്തുവെന്നുമാണ് സംഘാടകർ അവകാശപ്പെടുന്നത്.

എന്നാൽ പോലീസ് ഈ വിശദീകരണം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സാമ്പത്തികമായി വലിയ ചെലവ് വരുന്ന ഇത്തരമൊരു പരിപാടി നടത്തുമ്പോൾ പകുതിയോളം ടിക്കറ്റുകൾ സൗജന്യമായി നൽകുന്നത് വലി നഷ്ടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് പറയുന്നു. അത്തരമൊരു നഷ്ടം സഹിച്ച് സംഘാടകർ പരിപാടി നടത്താൻ സാധ്യതയുള്ളതായി കരുതുന്നില്ലെന്നും എസ്‌ഐടി വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News