FootballNewsSports

ബെല്‍ജിയത്തെ ആദ്യാവസാനം വിറപ്പിച്ചു, പൊരുതി കീഴടങ്ങി കാനഡ

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ ലോക രണ്ടാം റാങ്ക് ടീമായ ബെല്‍ജിയത്തെ വിറപ്പിച്ച് കീഴടങ്ങി കാനഡ. ബെല്‍ജിയത്തിന്‍റെ സുവർണ തലമുറ 1-0ന് മാത്രമാണ് വിജയിച്ചത്. 44-ാം മിനുറ്റില്‍ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു വിജയഗോള്‍. അറ്റാക്കുകളുടെ മാലപ്പടക്കം സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗ് പിഴവാണ് കാനഡയെ പിന്നോട്ടടിച്ചത്. 22 ഷോട്ടുകളുതിർത്തെങ്കിലും ഒന്നുപോലും വലയിലാക്കാന്‍ കാനഡയ്ക്ക് കഴിയാതെ പോയി. ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാർഗറ്റിലേക്കായിരുന്നു. 

ബെല്‍ജിയത്തിന്‍റെ ഏകാധിപത്യം മൈതാനത്ത് പ്രതീക്ഷിച്ച മത്സരത്തില്‍ ആദ്യ മിനുറ്റുകളില്‍ അതിവേഗ അറ്റാക്കുമായി വിസ്മയിപ്പിച്ചു കാനഡ. ലോക റാങ്കിംഗിലെ രണ്ടാംസ്ഥാനക്കാരായ ബെല്‍ജിയത്തെ നിസ്സാരമായി നേരിടുന്ന കാനഡ താരങ്ങളെയാണ് കണ്ടത്. എട്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്താനുള്ള സുവർണാവസരം കാനഡ നശിപ്പിച്ചു. കിക്കെടുത്ത അല്‍ഫോന്‍സോ ഡേവിസിന് ബെല്‍ജിയത്തിന്‍റെ സ്റ്റാർ ഗോളി ക്വർടയെ മറികടക്കാനായില്ല. ഗോള്‍ പോസ്റ്റിന്‍റെ വലത് ഭാഗത്തേക്കുള്ള ഡേവിസിന്‍റെ ഇടംകാലന്‍ കിക്ക് ക്വാർട അനായാസം പറന്നുതടുത്തു. 12-ാം മിനുറ്റില്‍ ലര്യായുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. പിന്നീടും തുടർച്ചയായ ആക്രമണവുമായി ബെല്‍ജിയത്തെ പ്രതിരോധത്തിലാക്കി കാനഡ. 

കാനഡയുടെ പ്രസിംഗില്‍ കിതയ്ക്കുന്നതിനിടെ 23-ാം മിനുറ്റില്‍ ഹസാർഡിന്‍റെ മുന്നേറ്റം ബെല്‍ജിയത്തിന് ഗോളാക്കി മാറ്റാനായില്ല. തൊട്ടുപിന്നാലെയും തുടർച്ചയായി ക്വർടയെ പരീക്ഷിക്കുന്ന കനേഡിയന്‍ താരങ്ങളെ കണ്ടു. ബെല്‍ജിയത്തിന്‍റെ നീക്കങ്ങളെല്ലാം കനേഡിയന്‍ മതിലില്‍ നിഷ്പ്രഭമായി. ലോംഗ് പാസുകളില്‍ നിന്ന് കാനഡ ഡിഫന്‍സ് പൊളിക്കുക മാത്രമായി ബെല്‍ജിയത്തിന് മുന്നിലുള്ള ഏക പോംവഴി. അങ്ങനെ 44-ാം മിനുറ്റില്‍ ഓള്‍ഡർവേറേള്‍ഡിന്‍റെ ലോംഗ് ബോളില്‍ നിന്ന് ലഭിച്ച അവസരം മുതലാക്കി മിച്ചി ബാറ്റ്ഷുവായി ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. എന്നാല്‍ ഗോള്‍ വീണ ശേഷവും കാനഡയുടെ അറ്റാക്കിന് പഞ്ഞംവന്നില്ല. 

രണ്ടാംപകുതിയും കാനഡയുടെ ആക്രമണം കൊണ്ട് ആവേശമായിരുന്നു. തുടരെ തുടരെ ആക്രമണങ്ങളുമായി കാനഡ എതിരാളികളെ വിസ്മയിപ്പിച്ചു. അതേസമയം അവസാന പത്ത് മിനുറ്റുകളില്‍ കെവിന്‍ ഡിബ്രുയിന്‍ ഗോള്‍ ശ്രമങ്ങള്‍ നയിച്ചെങ്കിലും ലീഡുയർത്താന്‍ ബെല്‍ജിയത്തിനായില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button