ഖത്തറിന് പിന്നാലെ ബഹ്‌റൈനും വ്യോമപാത അടച്ചു; യുഎഇയില്‍നിന്നുള്ള വിമാനങ്ങളും റദ്ദാക്കുന്നു

ഖത്തറിന് പിന്നാലെ ബഹ്‌റൈനും വ്യോമപാത അടച്ചു; യുഎഇയില്‍നിന്നുള്ള വിമാനങ്ങളും റദ്ദാക്കുന്നു

അബുദാബി: ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെതുടര്‍ന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നു. യുഎഇ വ്യോമപാതകള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണെന്ന് ലൈവ് ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ഫ്ളൈറ്റ് റഡാര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരമില്ല. ഖത്തറിലെ യുഎസ് സൈനികതാവളങ്ങളിലെ ആക്രമണത്തെതുടര്‍ന്ന് മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎഇ വിമാനകമ്പനിയായ ഫ്ളൈ ദുബായ് അറിയിച്ചു.

ഇറാന്റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഖത്തര്‍ വ്യോമപാത നേരത്തേ അടച്ചിരുന്നു. പിന്നാലെ സുരക്ഷാനടപടികളുടെ ഭാഗമായി താത്കാലികമായി വ്യോമപാത അടച്ചിടുകയാണെന്ന് ബഹ്‌റൈനും അറിയിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഖത്തർ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളില്‍നിന്നുള്ള വ്യോമഗതാഗതം നിശ്ചലമായ അവസ്ഥയിലാണെന്ന് ഫ്‌ളൈറ്റ് റഡാര്‍ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു.

നിലവിലെ സംഭവവികാസങ്ങളെത്തുടര്‍ന്ന് കൊച്ചി-ഷാര്‍ജ വിമാനം മസ്‌കറ്റില്‍ ഇറക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാത്രി 7.15-ന് പുറപ്പെട്ട വിമാനമാണ് പറന്നുയര്‍ന്നശേഷം തിരിച്ചിറക്കിയത്. ഖത്തര്‍ വ്യോമപാത അടച്ചതിനെത്തുടര്‍ന്നാണ് സര്‍വീസ് മാറ്റിവെച്ചത്. ചൊവ്വാഴ്ച കണ്ണൂരില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്കും തിരിച്ചുമുള്ള പല സര്‍വീസുകളും വൈകുമെന്ന് അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News