കോഴിക്കോട്: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തിന് പിന്നാലെ ഉടലെടുത്ത മിത്ത് വിവാദം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി. സ്പീക്കര്‍ ഗണപതിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് നടക്കുന്ന പ്രതിഷേധങ്ങള്‍ തങ്ങള്‍ക്ക് അനുകൂല വോട്ടാക്കി മാറ്റാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആഹ്വാനം. ശബരിമല പ്രക്ഷോഭത്തിന് സമാന അവസരമാണ് വന്നിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
മഹിളാ മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തിലായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ആഹ്വാനം. പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ശബരിമല പ്രക്ഷോഭത്തിന്റെ ഗുണം ബിജെപിക്ക് ലഭിച്ചില്ല. എന്നാല്‍ ഇത്തവണ അതുണ്ടാകരുതെന്നും സാഹചര്യം ബിജെപിക്ക് അനുകൂലമാക്കി മാറ്റണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
‘ശബരിമല പ്രക്ഷോഭത്തിന് സമാന അവസരം വന്നിരിക്കുന്നു. ശബരിമലയില്‍ തല്ലുകൊണ്ടതിന് ഗുണമുണ്ടായില്ല. ശബരിമല പ്രക്ഷോഭത്തിന്റെ ഗുണം ബിജെപിക്ക് കിട്ടിയില്ല. തല്ലുകൊണ്ടതും ജയിലില്‍ പോയതും ബിജെപി പ്രവര്‍ത്തകര്‍. പക്ഷെ തിരഞ്ഞെടുപ്പില്‍ നേട്ടം വേറെ ചിലര്‍ കൊണ്ടുപോയി. ഇത്തവണ അതുണ്ടാകരുത്. ശബരിമല പ്രക്ഷോഭത്തിന് സമാന അവസരം വന്നിരിക്കുകയാണ്. അമ്മര്‍മാര്‍ ഉള്‍പ്പടെ രംഗത്തിറങ്ങണം. എട്ട് മാസം കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പാണ്. ഇത്തവണ ബിജെപിക്ക് അനുകൂലമാക്കി മാറ്റണം’, മഹിളാമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.