മുസ്തഫിസുർ റഹ്‌മാനെ ഒഴിവാക്കണം; കൊൽക്കത്തയോട് ബിസിസിഐ, നീക്കം അസാധാരണം

മുംബൈ: ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്‌മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബിസിസിഐ. മുസ്തഫിസുറിനെ കൊൽക്കത്ത ടീമിൽ എടുത്തതോടെ ഉയർന്ന വലിയ പ്രതിഷേധങ്ങൾക്കിടെയാണ് ബോർഡിന്റെ അസാധാരണമായ നടപടി.

ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രതിഷേധങ്ങളെ തുടർന്ന് തുടക്കത്തിൽ കാത്തിരിക്കാനും സാഹചര്യം മനസിലാക്കി നടപടികളിലേക്ക് കടക്കാനുമായിരുന്നു ബോർഡ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് രാഷ്ട്രീയ സമ്മർദവും വർധിച്ചതോടെയാണ് ബിസിസിഐ ഒടുവിൽ ഈ നിലപാടെടുത്തത്.

ന്യൂനപക്ഷങ്ങൾക്കെതിരെ ബംഗ്ലദേശിലുണ്ടായ അക്രമങ്ങളിൽ ഇന്ത്യയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഹിന്ദുക്കളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നത് തടയാൻ ബംഗ്ലദേശ് സർക്കാർ ശ്രമിക്കാതിരിക്കുമ്പോൾ അവരുടെ താരങ്ങളെ ഐപിഎലിൽ ഉൾപ്പെടുത്തുന്നതെന്തിനെന്ന ചോദ്യമാണ് ബിജെപി നേതാക്കളും ഹിന്ദു സംഘടനകളും ഉയർത്തിയത്. താരത്തെ ടീമിലെടുത്തതിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളിലൊരാളായ ഷാരൂഖ് ഖാനെതിരേ ബിജെപി എംഎൽഎ സംഗീത് സോം രംഗത്തെത്തുകയും ചെയ്തിരുന്നു. ഷാരൂഖിനെ ‘രാജ്യദ്രോഹി’ എന്നു വിളിച്ച് എംഎൽഎ അധിക്ഷേപിച്ചിരുന്നു.

മികച്ച ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റായ മുസ്തഫിസുറിന്റെ അഭാവം കൊൽക്കത്തയ്ക്ക് വലിയ തിരിച്ചടിയാകും. ഈഡൻ ഗാർഡൻസ് പിച്ചിന്റെ വേഗം കുറഞ്ഞ സ്വഭാവം നന്നായി വിനിയോഗിക്കാൻ പോന്ന ബൗളറായിരുന്നു മുസ്തഫിസുർ. താരത്തിന്റെ സ്ലോ ബോളുകളും കട്ടറുകളുമെല്ലാം ബാറ്റർമാരെ ബുദ്ധിമുട്ടിക്കാൻ പോന്നതായിരുന്നു.

ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.20 കോടിക്കാണ് കെകെആർ മുസ്തഫിസുർ റഹ്‌മാനെ സ്വന്തമാക്കിയത്. ഐപിഎൽ ലേലത്തിൽ കരാർ ലഭിച്ച ഏക ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് മുസ്തഫിസൂർ. നേരത്തെ, താരത്തെ കളിപ്പിച്ചാൽ ഐപിഎൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News