കൊച്ചി: നടനും സംവിധായകനുമായ ബേസില്‍ ജോസഫ് പുതിയ നിര്‍മാണ കമ്പനിയുമായി രംഗത്ത്. ‘ബേസില്‍ ജോസഫ് എന്റര്‍ടെയിന്‍മെന്റ്‌സ്’ എന്ന പേരിലാണ് ബേസില്‍ തന്റെ നിര്‍മാണ കമ്പനി ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം പുതിയ തുടക്കത്തിന്റെ വിവരം ആരാധകരുമായി പങ്കുവെച്ചത്.
‘വീണ്ടും ഒരു പുതിയ യാത്ര തുടങ്ങുകയാണ്. ഇതുവരെ ചെയ്യാത്ത കാര്യം പരീക്ഷിക്കാനാണ് ശ്രമം സിനിമ നിര്‍മാണം. എങ്ങനെ ചെയ്യണം എന്ന് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ ഒരുറപ്പ് ഉണ്ട് കൂടുതല്‍ മികച്ചതും ധീരവുമായ പുതുമയുള്ള കഥകള്‍ പറയണം. ഈ വഴി നമ്മളെ എവിടെയെത്തിക്കുമെന്ന് കാത്തിരിക്കാം. ‘ബേസില്‍ ജോസഫ് എന്റര്‍ടെയിന്‍മെന്റ്‌സിലേക്ക്’ സ്വാഗതം,’ എന്നാണ് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ബേസിലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ താര സുഹൃത്തുക്കളും ആരാധകരും ആശംസകളുമായി എത്തി. ആദ്യ കമന്റ് ടൊവീനോ തോമസിന്റേതായിരുന്നു. ‘അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷന്‍ ഞാന്‍ അല്ലേ നായകന്‍?’ എന്നാണ് ടൊവീനോയുടെ ചോദ്യത്തിന് ബേസിലിന്റെ മറുപടി: ‘ആദ്യത്തെ പടത്തില്‍ ഞാന്‍ തന്നെ നായകന്‍. നിന്നെ വേണേല്‍ വില്ലന്‍ ആക്കാം.’ ടൊവീനോയും രസകരമായ മറുപടിയുമായി രംഗത്തെത്തി: ‘ഇടി പടം ആണോ? നിന്നെ നല്ല ഇടി ഇടാന്‍ കഴിയുന്നുവെങ്കില്‍ വില്ലന്‍ ആവാനും മടിയില്ല.’
ബോളിവുഡ് താരം രണ്‍വീര്‍ സിങ്, നിഖില വിമല്‍, ആന്റണി പെപ്പെ തുടങ്ങി നിരവധി പ്രമുഖര്‍ ബേസിലിന് ആശംസകള്‍ നേര്‍ന്നു. ചരിഞ്ഞ പിസാ ഗോപുരം നേരെയാക്കാന്‍ ശ്രമിക്കുന്ന കുഞ്ഞു സൂപ്പര്‍ഹീറോയെ ആസ്പദമാക്കിയ രസകരമായ അനിമേഷന്‍ വിഡിയോയിലൂടെയാണ് ബേസില്‍ തന്റെ നിര്‍മാണ കമ്പനി പ്രഖ്യാപിച്ചത്. കൂളിംഗ് ഗ്ലാസ് ധരിച്ച് കൈയില്‍ കോലുമിഠായിയും തലയില്‍ ‘മിന്നല്‍ മുരളി’യുടെ റഫറന്‍സുമുള്ള കുഞ്ഞ് സൂപ്പര്‍ഹീറോയാണ് കമ്പനിയുടെ ലോഗോ. ബേസിലിന്റെ സ്വതസിദ്ധമായ ചിരിയും വിഡിയോയില്‍ കേള്‍ക്കാം. സിനിമാ ലോകത്ത് പുതുമുഖ കഥകളും പരീക്ഷണങ്ങളും അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ട് തന്നെ കമ്പനി ആരംഭിച്ചതാണെന്നും, വരാനിരിക്കുന്ന പ്രോജക്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബേസില്‍ വ്യക്തമാക്കി.
Malayalam actor-director Basil Joseph launches his new production house ‘Basil Joseph Entertainments’, announcing the beginning through social media.


