സഹപ്രവർത്തകയ്ക്കുനേരെ ക്രൂരമർദനം; അഭിഭാഷകനെ പുറത്താക്കി ബാർ അസോസിയേഷൻ

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്ന് താത്കാലികമായി പുറത്താക്കി. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച സംഭവത്തിലാണ് സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിനെതിരേ നടപടി. എന്താണ് നടന്നത് എന്നതിനെക്കുറിച്ച് ബെയ്ലിന്‍ ദാസ് ബാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

തങ്ങള്‍ ഇരയ്‌ക്കൊപ്പമാണെന്നും നീതി നേടിക്കൊടുക്കാന്‍ ഒപ്പം നില്‍ക്കുമെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി. താത്കാലികമായാണ് ബെയ്ലിനെ പുറത്താക്കിയത്. അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തങ്ങളോട് തട്ടിക്കയറി എന്ന് അഭിഭാഷകയുടേ ആരോപണത്തേക്കുറിച്ച് അറിയില്ല, ബാര്‍ അസോസിയേഷന്‍ പറഞ്ഞു.

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. ബെയ്ലിന്‍ ദാസിനെ ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജി. മുരളീധരന്‍ പറഞ്ഞെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫിസില്‍വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സീനിയര്‍ അഭിഭാഷകന്‍ യുവതിയെ മര്‍ദിച്ചതെന്നാണ് വിവരം. അടിയേറ്റ് താന്‍ ആദ്യം താഴെ വീണു. അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചു. കണ്ടുനിന്നവരാരും എതിര്‍ത്തില്ലെന്നും പരാതിക്കാരി പറയുന്നു. യുവതിയെ ജനല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മുഖത്ത് ചതവുണ്ട്. ഇവരെ കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News