കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഗവര്‍ണര്‍ക്കെതിരെ പോസ്റ്റര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സര്‍വ്വകലാശാലയില്‍ എത്താനിരിക്കെയാണ് ‘ചാന്‍സലര്‍ ഗോ ബാക്ക്’ പോസ്റ്റര്‍ പതിച്ചത്. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവാണെന്നും എസ്എഫ്‌ഐ വിമര്‍ശിച്ചു. ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’, ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ എന്നെഴുതിയ കറുത്ത ബാനറുകളും ഉയര്‍ത്തിയിട്ടുണ്ട്.ഇന്ന് ഡല്‍ഹിയില്‍ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസം.
കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ പൊലീസ് ശക്തമാക്കി. ഇന്ന് മുതല്‍ കൂടുതല്‍ പൈലറ്റ് വാഹനങ്ങളും പട്രോളിങ് സംഘങ്ങളെയും ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു.
ക്യാംപസില്‍ മാത്രമല്ല, ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യമായി നിയമിക്കും. ‘Z+’ കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറുടെ സുരക്ഷ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ വെള്ളിയാഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സന്നാഹത്തിലടക്കം കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പൊലീസ് തീരുമാനിച്ചത്.
വൈകിട്ടാണ് ഗവര്‍ണര്‍ സര്‍വ്വകലാശാല ക്യാംപസില്‍ എത്തുക. ക്യാംപസിലെ വിവിഐപി ഗസ്റ്റ്ഹൗസില്‍ ഗവര്‍ണര്‍ തങ്ങും. വൈകിട്ട് 6.30 ന് കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന ഗവര്‍ണര്‍ റോഡ് മാര്‍ഗമാണ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ എത്തുക. മൂന്ന് ദിവസം യൂണിവേഴ്‌സിറ്റി ക്യാംപസില്‍ തങ്ങും. 18 ന് സര്‍വ്വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി.