കൊച്ചി:ദൈനംദിന ബേങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ നിരവധി മാറ്റങ്ങളാണ് ആഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്ത് വരുന്നത്.ശമ്പളം,ഇ എം ഐ അടവ്, എ ടി എം സേവനം അടക്കമുള്ളവയേയും ഈ മാറ്റങ്ങള്‍ ബാധിക്കും. വിശദമായി അറിയാം:
ശമ്പളം,ഇ എം ഐ അടവ്
ആഗസ്റ്റ് മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എന്‍ എ സി എച്ച്) സൗകര്യം ലഭ്യമാകും. നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ)യുടെ ബള്‍ക് പെയ്‌മെന്റ് സംവിധാനമാണിത്. ഡിവിഡന്റ്, പലിശ, ശമ്പളം,പെന്‍ഷന്‍ അടക്കമുള്ളവ ഒന്നിച്ച് അടക്കാം.വൈദ്യുതി,ഗ്യാസ്, ടെലിഫോണ്‍ ബില്ലുകള്‍, വായ്പായടവ് തുടങ്ങിയവയും ഒന്നിച്ച് അടക്കാം.
എ ടി എം പണം പിന്‍വലിക്കല്‍ ചെലവേറും
ആര്‍ ബി ഐ ജൂണില്‍ പ്രഖ്യാപിച്ച എ ടി എമ്മിലെ ഇന്റര്‍ചേഞ്ച് ഫീസ് പരിഷ്‌കരണം ആഗസ്റ്റ് മുതലാണ് നിലവില്‍ വരിക. ഇതുപ്രകാരം ഫീസ് 15 രൂപയില്‍ നിന്ന് 17 രൂപയാകും. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് എ ടി എം പരിലാപലനത്തിന്റെ പശ്ചാത്തലത്തില്‍ ഫീസ് വര്‍ധിപ്പിച്ചത്. ഈ ഫീസ് നിരക്കും ഉപഭോക്താക്കളെയാണ് ആത്യന്തികമായി ബാധിക്കുക. എ ടി എമ്മിലെ സാമ്പത്തികയിതര ഇടപാടുകള്‍ക്കുള്ള ഫീസ് അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയാക്കും.അക്കൗണ്ടുള്ള ബേങ്കിന്റെതല്ലാത്ത എ ടി എമ്മുകളില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോഴാണ് ഇന്റര്‍ചേഞ്ച് ഫീസ് വരുന്നത്.
നിരക്ക് മാറ്റവുമായി പോസ്റ്റ് ഓഫീസ് ബേങ്ക്
ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബേങ്കി(ഐ പി പി ബി)ന്റെ വാതില്‍പ്പടി സേവനങ്ങള്‍ക്ക് ഇനി മുതല്‍ പണം നല്‍കണം. ഈ സേവനത്തിന് ആഗസ്റ്റ് മുതല്‍ 20 രൂപയും ജി എസ് ടിയും നല്‍കണം.
നിരക്ക് പരിഷ്‌കരിച്ച് ഐ സി ഐ സി ഐ ബേങ്ക്
ആഗസ്റ്റ് മുതല്‍ പണമിടപാട്, എ ടി എം ഇന്റര്‍ചേഞ്ച് എന്നിവയുടെ പരിധിയും ചെക്ക് ബുക്ക് നിരക്കും ഐ സി ഐ സി ഐ ബേങ്ക് പരിഷ്‌കരിക്കും. ആഭ്യന്തര സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കായിരിക്കും ഇത് ബാധകം. സൗജന്യ ഇടപാടുകള്‍ നാലെണ്ണം മാത്രമായിരിക്കും. അധികം വരുന്ന ഓരോ ഇടപാടിനും 150 രൂപ വീതമാണ് ഫീസ്.