മൂവാറ്റുപുഴ: ജപ്തി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി മൂവാറ്റുപുഴ അബര്‍ബന്‍ ബാങ്ക്. ജപ്തി ചെയ്ത് പൂട്ടിയ വീട് കുത്തിത്തുറന്നത് കോടതിയലക്ഷ്യ നടപടിയാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16ന് ബോര്‍ഡ് യോഗം ചേരും.
മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് ബാങ്ക് അധികൃതര്‍ ശനിയാഴ്ച ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് സംഭവം. നാല് കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് കുട്ടികള്‍ ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. പക്ഷേ കുട്ടികളെ കേള്‍ക്കാതെ അവരെ പുറത്താക്കിയാണ് ജപ്തി നടന്നതെന്ന് അജേഷ് പറഞ്ഞു.
തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ എത്തി വീടിന്റെ പൂട്ട് കുത്തിപ്പൊളിച്ചു. പണമടയ്ക്കാന്‍ സാവകാശം വേണമെന്നും എംഎല്‍എ ആവശ്യപ്പെടുകയായിരുന്നു. കുട്ടികള്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തെ ജപ്തി നടപടികള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അജേഷും ബാങ്കിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അജേഷിന്റെ പ്രതികരണം.
വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശികയായതിനായിരുന്നു ജപ്തി നടപടി. തന്റെ കടബാധിത തീര്‍ക്കാന്‍ സന്നദ്ധനായ എം എല്‍ എ മാത്യു കുഴല്‍നാടന് അജേഷ് നന്ദിയും അറിയിച്ചു. അതിനിടെ വായ്പാ കുടിശ്ശിക അടച്ചുതീര്‍ത്ത മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സിഐടിയുവിന്റെ സഹായം വേണ്ടെന്ന് അജേഷ് പറഞ്ഞു. അപമാനിച്ചവരുടെ പണം വേണ്ടെന്ന നിലപാടിലാണ് കുടുംബം.