35.2 C
Kottayam
Wednesday, May 8, 2024

മുഖ്യപ്രതി ടിക് ടോക് താരം, കോഴിക്കോട്ട് നിന്ന് ബംഗ്ലാദേശി യുവതിയെ വിളിച്ചുവരുത്തിയത് സ്ത്രീകള്‍; ബംഗളൂരുവില്‍ യുവതി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Must read

കോഴിക്കോട്: ബംഗ്ലാദേശി യുവതിയെ ബംഗളൂരുവില്‍ ക്രൂരപീഡനത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതിയായ 25കാരന്‍ റിഡോയ് ബാബു ടിക് ടോക് താരമെന്ന് പോലീസ്. ധാക്ക സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ടിക് ടോക് വീഡിയോ വലിയ പ്രചാരം നേടിയിരുന്നു. ഇത്തരം വീഡിയോ വഴി ബന്ധം സ്ഥാപിച്ച് യുവതികളെ ബംഗളൂരുവിലേക്കും മറ്റും ജോലി വാഗ്ദാനം ചെയത് നടത്തുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് കൈമാറി വന്നതായും പൊലീസിന് വിവരം ലഭിച്ചു.

ഹൃദയ് ബാബു എന്ന പേരിലും അറിയപ്പെടുന്ന ഇയാളാണ് കേസിലെ ഒന്നാം പ്രതിയെന്ന് കേസന്വേഷിക്കുന്ന രാമമൂര്‍ത്തി നഗര്‍ പൊലീസ് പറഞ്ഞു. രാമമൂര്‍ത്തിനഗറിലെ താമസസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ഇയാളും മറ്റൊരു പ്രതി സാഗറും പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

കാലിനു വെടിവെച്ചാണ് ഇവരെ കീഴ്പ്പെടുത്തിയത്. ഇവര്‍ ഉള്‍പ്പെടെ രണ്ടു സ്ത്രീകളടക്കം ബംഗ്ലാദേശ് സ്വദേശികളായ ആറു പേരെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അറസ്റ്റു ചെയ്തത്. ബംഗ്ലാദേശില്‍നിന്ന് യുവതികളെ കടത്തിക്കൊണ്ടുവരുന്ന സംഘത്തില്‍ പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു.

പീഡനത്തിനിരയായ യുവതിയും നേരത്തേ ഈ സംഘത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇവരുമായി തെറ്റിയ യുവതി കുറച്ചു കാലമായി കോഴിക്കോട്ടാണ് താമസിച്ചത്. ഇവരില്‍നിന്ന് യുവതി അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു. അത് തിരിച്ചുനല്‍കാത്തതിന്റെ വൈരാഗ്യമാണ് പീഡനത്തില്‍ കലാശിച്ചത്.

സംഘത്തിലെ സ്ത്രീകള്‍ ഇവരെ കോഴിക്കോട്ടുനിന്ന് വിളിച്ചുവരുത്തുകയായിരുന്നു. രാമമൂര്‍ത്തി നഗറിലെ താമസസ്ഥലത്ത് എത്തിച്ച യുവതിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.പീഡനത്തിനിരയായശേഷം യുവതി ഒരു സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോട്ടേക്ക് മടങ്ങി.

പ്രതികള്‍ പ്രചരിപ്പിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ട് അസം പൊലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്. യുവതിയെ പിന്നീട് കോഴിക്കോട്ടുനിന്ന് കണ്ടെത്തി പൊലീസ് ബംഗളൂരുവിലെത്തിച്ചിരുന്നു. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week