തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ (ദേവീന്ദര്‍ സിങ്) തിരുവനന്തപുരത്ത് കസ്റ്റഡിയില്‍. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് റെയില്‍വേ പോലീസ് ബുധനാഴ്ച രാവിലെ ബണ്ടിചോറിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കരുതല്‍ തടങ്കലില്‍ തുടരുകയാണ്.
കഴിഞ്ഞദിവസം എറണാകുളം ടൗണ്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ബണ്ടിചോറിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പഴയ കേസുമായി ബന്ധപ്പെട്ട് അഡ്വ. ആളൂരിനെ കാണാനെത്തിയതാണെന്നും ആളൂര്‍ അന്തരിച്ചവിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് അഭിഭാഷകരുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചശേഷമാണ് ബണ്ടിചോറിനെ പോലീസ് വിട്ടയച്ചത്. ഇതിനുപിന്നാലെയാണ് ബണ്ടിചോര്‍ തിരുവനന്തപുരത്ത് എത്തിയത്.
ബണ്ടിചോര്‍ തിരുവനന്തപുരത്ത് എത്തിയത് സംശയത്തോടെയാണ് പോലീസ് നിരീക്ഷിക്കുന്നത്. ബുധനാഴ്ച രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് ആര്‍പിഎഫുകാരാണ് ബണ്ടിചോറിനെ കണ്ടത്. തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയും ഇവര്‍ ബണ്ടിചോറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
എന്തിനാണ് ബണ്ടിചോര്‍ തിരുവനന്തപുരത്ത് എത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. ഇയാള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞത്. ഇതോടെയാണ് ബണ്ടിചോറിനെ കസ്റ്റഡിയില്‍വെയ്ക്കാന്‍ പോലീസ് തീരുമാനിച്ചത്. ബണ്ടിചോറിന്റെ മൊഴികളും മറ്റും വിശദമായി പരിശോധിച്ചശേഷമേ ഇനി വിട്ടയക്കൂ.
നേരത്തേ തിരുവനന്തപുരത്തെ മോഷണക്കേസിലാണ് ബണ്ടിചോറിനെ ശിക്ഷിച്ചിരുന്നത്. പൂജപ്പുര ജയിലില്‍ കഴിയവേ ഇയാള്‍ പലതവണ മാനസികവിഭ്രാന്തിയും പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ കോയമ്പത്തൂരില്‍ മോഷണക്കേസില്‍ ഉള്‍പ്പെട്ട് അവിടെ ജയിലില്‍ കഴിഞ്ഞതായാണ് വിവരം. ഇതിനുശേഷമാണ് ബണ്ടിചോര്‍ വീണ്ടും കേരളത്തിലെത്തിയതെന്നും കരുതുന്നു.


