ഹൈദരാബാദ്:തെലുങ്ക് സിനിമാ രംഗത്തെ സൂപ്പർ സ്റ്റാറാണ് ജൂനിയർ എൻടിആർ. ആർആർആർ എന്ന സിനിമയുടെ വിജയത്തോടെ പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിച്ച ജൂനിയർ എൻടിആറിന് അമ്പരപ്പിക്കുന്ന ആരാധക വൃന്ദമുണ്ട്. ഡാൻസിലും ആക്ഷൻ രംഗങ്ങളിലും താരം കാണിക്കുന്ന മികവാണ് ഏവരെയും ആകർഷിക്കുന്നത്. താര കുടുംബങ്ങൾ കൊടികുത്തി വാഴുന്ന സിനിമാ മേഖലയാണ് ടോളിവുഡ്. ജൂനിയർ എൻടിആറും ഈ താര കുടുംബത്തിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ട്.
മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരവുമായിരുന്നു എൻടി രാമറാവുവിന്റെ കൊച്ചുമകനാണ് ജൂനിയർ എൻടിആർ. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് നന്ദമൂരി താരക രാമ റാവു എന്നാണ്. സിനിമാ ലോകത്ത് ഇദ്ദേഹം ജൂനിയർ എൻടിആർ എന്നാണ് അറിയപ്പെടുന്നത്. എൻടി രാമറാവുവിന്റെ കുടുംബത്തിൽ ഇദ്ദേഹത്തിന്റെ പേര് ഒപ്പം ചേർക്കാൻ കഴിഞ്ഞത് ജൂനിയർ എൻടിആറിനാണ്. അതേസമയം താരപുത്രനെന്ന പ്രിവിലേജുകളോെടെയല്ല ജൂനിയർ എൻടിആർ വളർന്ന് വന്നത്.
നന്ദമൂരി ഹരികൃഷ്ണ എന്നാണ് ഇദ്ദേഹത്തിന്റെ പിതാവിന്റെ പേര്. അമ്മ ശാലിനി ഭാസ്കറും. ഹരികൃഷ്ണയുടെ രണ്ടാം ഭാര്യയാണ് ശാലിനി. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ഇദ്ദേഹം ശാലിനിയെ വിവാഹം ചെയ്യുന്നത്. എൻടിആർ കുടുംബത്തിലെ കുട്ടികൾക്ക് ഡാൻസ് പഠിപ്പിക്കാൻ വന്ന അധ്യാപികയായിരുന്നു ശാലിനി ഭാസ്കർ. ഇതിനിടെ ഹരികൃഷ്ണയും ശാലിനിയും അടുത്തു. ഈ ബന്ധം അംഗീകരിക്കാൻ എൻടിആർ കുടുംബം തയ്യാറായില്ല.
സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ, മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു എന്നിവരാണ് ജൂനിയർ എൻടിആറിന്റെ പിതാവിന്റെ സഹോദരങ്ങൾ. ശാലിനി ഭാസ്കറിനെയും മകനെയും എൻടിആർ കുടുംബത്തിന്റെ ഭാഗമായി കാണാൻ ഇവർ തയ്യാറായില്ല. ശാലിനി ഹരികൃഷ്ണയുടെ രണ്ടാം ഭാര്യയാണെന്നതാണ് ഇതിന് കാരണം. ഹരികൃഷ്ണ മകന് താരക് എന്ന പേര് മാറ്റി ജൂനിയർ എൻടിആറെന്ന് പേരിട്ടതിൽ പോലും കുടുംബത്തിൽ നിന്ന് എതിർപ്പുണ്ടായി.
കുടുംബത്തിലെ പിൻമുറക്കാരനായല്ല താരകിനെ ബാലകൃഷ്ണയും ചന്ദ്രബാബു നായിഡുവും കണ്ടത്. അതിനാൽ തങ്ങളുടെ പിതാവിന്റെ പേര് ഇടുന്നതിൽ ഇവർക്ക് നീരസം തോന്നി. മകന് ജൂനിയർ എൻടിആറെന്ന് പേര് മാറ്റിയതിനെക്കുറിച്ച് ഹരികൃഷ്ണ തുറന്ന് സംസാരിച്ചിട്ടുണ്ട്. ആദ്യ ബന്ധത്തിലെ മക്കൾക്ക് ജാനകി രാം, കല്യാൺ രാം എന്നാണ് ഞാൻ പേര് നൽകിയത്. മൂന്നാമത്തെ മകന് തരക് രാം എന്ന് പേര് നൽകി.
ഒരു ദിവസം പിതാവ് മൂന്നാമത്തേയാൾ എന്ത് ചെയ്യുന്നെന്ന് ചോദിച്ചു. അവൻ പഠിക്കുകയാണെന്ന് പറഞ്ഞു. അവനെ തന്റെടുത്ത് എത്തിക്കാൻ അദ്ദേഹം പറഞ്ഞു. മകനെ കൊണ്ട് വന്നു. എന്താണ് പേരെന്ന് ചോദിച്ചപ്പോൾ തരക് എന്ന് പറഞ്ഞു. ഇവൻ എന്റെ അംശമാണ്. ഇവന് നന്ദമൂരി തരക രാമ റാവു എന്ന് പേരിടാൻ പിതാവ് പറഞ്ഞു. അങ്ങനെയാണ് താൻ മകന് ഈ പേരിടുന്നതെന്ന് ഹരികൃഷ്ണ വ്യക്തമാക്കി. എൻടിആർ കുടുംബത്തിലെ ഏറ്റവും വലിയ താരമായി ജൂനിയർ എൻടിആർ മാറിയെന്നതും ശ്രദ്ധേയമാണ്.