KeralaNewsPolitics

ബാലകൃഷ്ണ പിള്ളയുടെ കോടികളുടെ സ്വത്തുക്കള്‍ ആര്‍ക്ക്?തമ്മിലടിച്ച് മക്കള്‍

കൊല്ലം: അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളയുടെ പേരിലുളള കോടികളുടെ സ്വത്തുക്കള്‍ക്ക് വേണ്ടി മക്കള്‍ തമ്മിലുളള തര്‍ക്കം തുടരുന്നു. ബാലകൃഷ്ണ പിള്ളയുടെ മക്കളായ ഉഷ മോഹന്‍ദാസ്, കെബി ഗണേഷ് കുമാര്‍, ബിന്ദു ബാലകൃഷ്ണന്‍ എന്നിവര്‍ തമ്മിലുളള സ്വത്ത് തര്‍ക്ക പരിഹരിക്കാന്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലും ഒത്തുതീര്‍പ്പായില്ല. കോടതി നിര്‍ദേശ പ്രകാരമായിരുന്നു മധ്യസ്ഥ ചര്‍ച്ച. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇനി കോടതി തീരുമാനമായിരിക്കും നിര്‍ണായകം.

ആര്‍ ബാലകൃഷ്ണ പിള്ളയുടെ പേരില്‍ വ്യാജ വില്‍പത്രം തയ്യാറാക്കിയെന്നാണ് മൂത്ത മകളായ ഉഷ മോഹന്‍ദാസ് ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ഉഷ കൊട്ടാരക്കര സബ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. അച്ഛന്‍ ബാലകൃഷ്ണ പിളളയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ ഉണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഉഷ വ്യക്തമാക്കിയിരിക്കുന്നത്.

29 ഇടങ്ങളിലായി 50 ഏക്കറോളം വരുന്ന സ്ഥലം, വാളകത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ബിഎഡ് കോളേജ് അടക്കമുളള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊടൈക്കനാലില്‍ ഇരുനില കെട്ടിടവും അടക്കം 33 വസ്തുവകകളുടെ വിവരങ്ങള്‍ ആണ് ഉഷ മോഹന്‍ദാസ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ 270 പവന്‍ വരുന്ന സ്വര്‍ണവും ബാലകൃഷ്ണ പിള്ളയുടെ സ്വത്തുക്കളുടെ കൂട്ടത്തില്‍ ഉളളതായി പറയുന്നു. സ്വത്തുക്കളുടെ മൂന്നിലൊരു ഭാഗം വേണം എന്നതാണ് ഉഷ മോഹന്‍ദാസിന്റെ ആവശ്യം.

ഇതിന് മുന്‍പ് മൂവരും തമ്മില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഏറ്റവും ഒടുവിലത്തെ മധ്യസ്ഥ ചര്‍ച്ചയില്‍ മൂന്നിലൊന്ന് സ്വത്ത് എന്ന ആവശ്യം ഉഷ മോഹന്‍ദാസ് ഉന്നയിച്ചപ്പോള്‍ മറുപടി പറയാന്‍ കെബി ഗണേഷ് കുമാര്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരമാണ് ഇന്നലെ വീണ്ടും ചര്‍ച്ച നടത്തിയത്. എന്നാല്‍ മൂന്നിലൊന്ന് സ്വത്ത് ഉഷയ്ക്ക് നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് കെബി ഗണേഷ് കുമാര്‍ സ്വീകരിച്ചത്.

ഇതോടെയാണ് ഇനി കോടതി കാര്യങ്ങള്‍ തീരുമാനിക്കട്ടെ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഉഷ മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ കൊട്ടാരക്കര സബ് കോടതി വിശദമായ വാദം കേള്‍ക്കും. ആര്‍ ബാലകൃഷ്ണ പിള്ളയുടെ മരണശേഷമാണ് മക്കള്‍ക്കിടയില്‍ സ്വത്തിന്റെ പേരിലും പാര്‍ട്ടിയുടെ പേരിലുമുളള തര്‍ക്കം ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button