കൊച്ചി:മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.
മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.
എന്നാല്‍ ഇപ്പോഴിതാ മഞ്ജു വാര്യരെക്കുറിച്ച് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം ബാലാജി ശര്‍മ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് തന്റെ പ്രിയ താരങ്ങളായ മഞ്ജു വാര്യര്‍, ഉണ്ണിമുകുന്ദന്‍ , കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരെക്കുറിച്ചുമെല്ലാം ബാലാജി പറയുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍ എന്നത് തന്റെ ചങ്ക് ആണെന്നും സിനിമയില്‍ സാമ്പത്തികമായും, സാമൂഹികമായും ഒരു സ്ഥാനം ഉറപ്പിച്ച നല്ല ഒരു നടന്‍ ആണെന്നും ബാലാജി പറയുന്നു. ഉണ്ണിമുകുന്ദന്‍ തന്റെ ചോട്ടാഭായി ആണെന്നും ബാലാജി വ്യക്തമാക്കി.
ഞാനൊക്കെ മലയാള സിനിമയില്‍ വരും മുന്‍പേ കണ്ടിട്ടുള്ള ഒരാള്‍ ആണ് മഞ്ജു വാര്യര്‍. അഭിനയപ്രതിഭയുള്ള, സിനിമയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങി നിന്ന നമ്മള്‍ അന്തം വിട്ടുനോക്കി നിന്ന ഒരാള്‍ ആണ് മഞ്ജു. ഞാന്‍ ആദ്യമായി അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കരിങ്കുന്നം സിക്‌സസ് എന്ന സിനിമയില്‍ ആണ്. എന്നെ ആദ്യമായി കണ്ട ഉടനെ ചാടി എഴുന്നേറ്റിട്ട് നമസ്‌കാരം സാര്‍ എന്ന് പറഞ്ഞു. ഞാന്‍ അതിശയിച്ചു തിരിഞ്ഞുനോക്കി. എന്നാല്‍ എന്നോട് തന്നെയാണ് ആ നമസ്‌കാരം എന്ന് മഞ്ജു പറഞ്ഞു. അങ്ങനെ ഡൌണ്‍ റ്റു എര്‍ത്ത് ആയിട്ടുള്ള ഒരു വ്യക്തിയാണ് അവര്‍.
ഇത് കള്ളക്കളിയാണോ എന്ന് ഞാന്‍ ഒബ്‌സര്‍വ് ചെയ്തു. ഈ ഒരു ഡൗണ്‍ ടു എര്‍ത്ത് ഒക്കെ നമ്മുടെ അടുത്ത് കാണിക്കുന്നത് സിന്‍സിയര്‍ ആണോ എന്ന്. കുറേദിവസം ഞാന്‍ അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവര്‍ അതെ രീതിയില്‍ ആണ് നിലനില്‍ക്കുന്നത്. എപ്പോള്‍ ഷൂട്ടിങ് വിളിച്ചാലും നല്ല എനെര്‍ജിയോടെ നില്‍ക്കും. അഭിനയത്തോടുള്ള പാഷന്‍ ഒക്കെയും കണ്ടുനിന്നുപോകും. ആ സിനിമക്ക് ശേഷം അഭിനയിക്കുന്നത് മോഹന്‍ലാലില്‍ ആണ്. പല ആളുകളില്‍ നിന്നും മനസിലാക്കിയതും അവര്‍ വളരെ ഡൌണ്‍ റ്റു എര്‍ത്തായ ഒരാള്‍ ആണെന്നാണ്. വെറുതെ പുകഴ്ത്തി പറയുന്നതല്ല ഞാന്‍ അവരെ ബഹുമാനിച്ചു പോയി. ബഹുമാനിച്ചു പോകും എന്നും ബാലാജി പറയുന്നു.
വില്ലന്‍ വേഷങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അധികമായും ബാലാജി എത്തിയിട്ടുള്ളത്. അലകള്‍, കായംകുളം കൊച്ചുണ്ണി, മൂന്നുമണി എന്നീ ഹിറ്റ് സീരിയലുകളിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത ബാലാജി ഇപ്പോള്‍ മൗനരാഗം പരമ്പരയില്‍ ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പം ബിഗ്സ്‌ക്രീനില്‍ സ്ഥാനം ഉറപ്പിച്ച ബാലാജിക്ക് അനായാസ അഭിനയവും ഒഴുക്കോടെയുള്ള സംഭാഷണവുമാണ് ഇദ്ദേഹത്തിന്റെ കൈമുതല്‍
ചെറുപ്പം മുതലേ അഭിനയത്തോട് അഭിനിവേശമുള്ള ബാലാജി സ്‌കൂളില്‍ പഠിക്കുമ്പോഴും കലാരംഗത്ത് സജീവമായിരുന്നു. വീട്ടില്‍ ഏകമകനായിരുന്ന അദ്ദേഹം ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത വെള്ളിക്കപ്പ് എന്ന നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തിയത്. ഒരു അമ്മാവന്‍ കഥാപാത്രമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. പതിനാറാമത്തെ വയസ്സില്‍ എയര്‍ഫോഴ്‌സില്‍ ജോലി കിട്ടിയ ബാലാജി അതിനൊപ്പം തന്നെ ഡിഗ്രിയും എല്‍എല്‍ബിയും എടുത്തു.
ജോലിയില്‍ നിന്നും അവധിയെടുത്തുവന്ന സമയത്താണ് ‘മീന്‍ തോണി’ എന്ന അവാര്‍ഡ് സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് എയര്‍ഫോഴ്‌സിലെ ജോലി രാജിവച്ച ശേഷം അഭിയത്തില്‍ സജീവമായി. മികച്ച ഉദ്യോഗം രാജി വച്ച് അഭിയത്തില്‍ എത്തിയെങ്കിലും സിനിമയിലും സീരിയലിലും ബാലാജി സ്ഥാനം ഉറപ്പിക്കുകയായിരുന്നു. എഴുത്തുകാരന്‍ മഹേഷ് മിത്ര വഴിയാണ് ബാലാജി ,രാജസേനന്റെ നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന സിനിമയിലും പടയൊരുക്കം എന്ന സീരിയലിലും തുടക്കം കുറിച്ചത്. ദൂരദര്‍ശനില്‍ ആഴ്ചതോറും വരുന്ന സീരിയല്‍ ആയിരുന്നു പടയൊരുക്കം.