കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്ന് ദിലീപ്. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായെന്നാണ് ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ബിഷപ്പുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടന്ന് അവകാശപ്പെട്ടു. ബിഷപ്പ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യം. വീട്ടിലെ റെയ്ഡിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് ബാലചന്ദ്രകുമാർ ബിഷപ്പിനൊപ്പം നിൽക്കുന്ന ഫോട്ടോകളും ചാറ്റുകളുടെ പ്രിൻ്റ് ഔട്ടുമാണ്. 10 ലക്ഷത്തിലധികം ബാലചന്ദ്രകുമാർ വിവിധ ആവശ്യങ്ങൾ പറഞ്ഞ് കൈപ്പറ്റിയിട്ടുണ്ട്. സിനിമ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതും നിസരിച്ചപ്പോള്‍ എഡിജിപി ബി സന്ധ്യയെ ഫോണിൽ വിളിച്ച് ചില കാര്യങ്ങൾ പറയുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്നത് മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും. ആദ്യഘട്ടത്തിൽ ഓരോ പ്രതികളെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അതേസമയം, ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചു.
ദിലീപിൻ്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എത്തണമെന്നാണ് ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്ന നിർദ്ദേശം. ബുധനാഴ്ച ആയിരിക്കും ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുക്കുക. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെയാണ് ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍. അന്വേഷണസംഘം മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷനോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.