ക്രൈസ്തവ പ്രാർഥനാ കൂട്ടായ്മയ്ക്കു നേരെ ബജ്റങ് ദൾ അക്രമം; ഏഴു പേർക്ക് പരുക്ക്

ഛത്തീസ്ഗ‍ഡ് :ക്രൈസ്തവ കൂട്ടായ്മയ്ക്കു നേരെ തീവ്രഹിന്ദു സംഘടനയുടെ അതിക്രമം. ദർഗ് ജില്ലയിലെ അമലേശ്വർ ഗ്രാമത്തിൽ ഞായറാഴ്ചയുണ്ടായ സംഭവത്തിൽ 7 പേർക്കു പരുക്കേറ്റു. ഡെന്റൽ ഡോക്ടറായ വിജയ് സാഹുവിന്റെ വീട്ടിലെ പ്രാർഥനായോഗത്തിനു നേരെയാണു ബജ്റങ് ദൾ പ്രവർത്തകരുടെ അതിക്രമമുണ്ടായത്. മതപരിവർത്തനം ആരോപിച്ചായിരുന്നു കയ്യേറ്റമെന്നു ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് അരുൺ പന്നാലാൽ ആരോപിച്ചു. 

ജയ്ശ്രീറാം മുദ്രാവാക്യങ്ങളുമായി എത്തിയ നാൽപ്പതോളം പ്രവർത്തകർ വാതിൽ തകർത്ത് വീട്ടിനുള്ളിൽ കയറി കയ്യേറ്റം ചെയ്യുകയായിരുന്നു. പൈപ്പ് വെള്ളം വീട്ടിനുള്ളിലേക്കു തുറന്നുവിട്ട സംഘം സിസിടിവി ക്യാമറ നശിപ്പിക്കുകയും വൈദ്യുതി വിഛേദിക്കുകയും ചെയ്തു.

പൊലീസിൽ അറിയിച്ചെങ്കിലും അരമണിക്കൂറിനു ശേഷമാണ് എത്തിയത്. അനുമതിയില്ലാതെ സംഘം ചേർന്നതിന് വിജയ് സാഹുവിന്റെ ഭാര്യ പ്രീതി സാഹു ഉൾപ്പെടെ ഇരുപതോളം വിശ്വാസികളെ കസ്റ്റഡിയിലെടുത്തുവെന്നും ആരോപണമുണ്ട്.

2021ലും വിജയ് സാഹുവിന്റെ വീടിനു നേരെ അക്രമം നടന്നിരുന്നു. പ്രാർഥന നടത്താറുണ്ടെന്നും ഒരാളെപ്പോലും നിർബന്ധിച്ചു പങ്കെടുപ്പിക്കാറില്ലെന്നും വിജയ് സാഹു വിശദീകരിച്ചു. അതിക്രമത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണു വിവരം. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മണ്ഡലമായ പടാനിലാണ് അമലേശ്വർ ഗ്രാമം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News