കൊച്ചി: ജാമ്യ ഇളവ് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ പിതാവിനെ കാണാനാവാതെ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവിനെ കാണാനായിരുന്നു കോടതി മഅ്ദനിക്ക് ജാമ്യ ഇളവ് നൽകിയത്. പത്ത് ദിവസമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മഅ്ദനി.
ഡോക്ടര്‍മാര്‍ യാത്ര വിലക്കിയതോടെ, ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും യാഥാര്‍ഥ്യമായിട്ടില്ല. സുപ്രീം കോടതി അനുവദിച്ച ജാമ്യ ഇളവ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മകനെ കാണാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് മഅ്ദനിയുടെ പിതാവ്.
മകനെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ കടുത്ത ആസ്മ തന്റെ യാത്രക്ക് തടസ്സമാണെന്നും മഅ്ദിയുടെ പിതാവ് പറഞ്ഞു. ആരോഗ്യാവസ്ഥ മോശമായതിനാല്‍ മഅ്ദനിയുടെ ബംഗളൂരുവിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാണ്. രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും ക്രിയാറ്റിന്‍ അളവ് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്നതുമാണ് ആരോഗ്യാവസ്ഥ ആശങ്കയിലാക്കുന്നത്.
പിതാവിനെ കാണാന്‍ സുപ്രീംകോടതി അനുവദിച്ച ജാമ്യ ഇളവില്‍ കഴിഞ്ഞ 26നാണ് മഅ്ദനി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി സ്വദേശത്തേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മഅ്ദനിയെ രാത്രി തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.