ന്യൂഡെല്‍ഹി: ഇന്‍ഡ്യന്‍ സ്റ്റാര്‍ടപുകളുടെ ഫന്‍ഡിംഗ് മരവിപ്പിക്കലിനിടെ, എഡ്‌ടെക് കംപനിയായ ബൈജൂസ് അതിന്റെ ഗ്രൂപ് കംപനികളിലുടനീളം 2,500 ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപോര്‍ട്.
ജൂണ്‍ 27, 28 തീയതികളില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റെടുത്ത രണ്ട് കംപനികളായ Toppr, WhiteHat Jr എന്നിവിടങ്ങളില്‍ നിന്ന് 1,500 ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടപ്പോള്‍, ജൂണ്‍ 29 ന്, അതിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ പെട്ട ഏകദേശം 1,000 ജീവനക്കാര്‍ക്ക് ഇ-മെയില്‍ അയച്ചു’, ഉറവിടങ്ങളെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപോര്‍ട് ചെയ്തു.
ഇന്‍ഡ്യയില്‍ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ടപായ ബെംഗ്ളുറു ആസ്ഥാനമായുള്ള ബൈജൂസ്, ടോപ്‌ആര്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നിവയില്‍ സെയില്‍സ്, മാര്‍കറ്റിംഗ്, ഓപറേഷന്‍സ്, കണ്ടന്റ്, ഡിസൈന്‍ ടീമുകളിലുടനീളമുള്ള മുഴുവന്‍ സമയ, കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപോര്‍ട് പറയുന്നു. ‘ഗ്രൂപ് കംപനികളിലുടനീളം ഉള്ളടക്കം, ഡിസൈന്‍ തുടങ്ങിയ ജീവനക്കാരെ ഗണ്യമായി കുറച്ചിരിക്കുന്നു. ഈ ടീമുകളില്‍ ചിലത് ആരുമില്ലാതായി മാറി. പ്രധാന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു’, വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സ്‌കൂളുകളും കോളജുകളും, ട്യൂഷന്‍ സെന്ററുകളും വീണ്ടും തുറന്നതോടെ എഡ്‌ടെക് വിപണി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബൈജൂസിന്റെ ഏറ്റവും പുതിയ നടപടികള്‍. എഡ്‌ടെക് യൂണികോണ്‍ ആയ ബൈജൂസ് കഴിഞ്ഞ വര്‍ഷം ഏകദേശം 2.5 ബില്യണ്‍ ഡോളറിന് കുറഞ്ഞത് 10 മറ്റ് കംപനികളെയെങ്കിലും ഏറ്റെടുത്തിട്ടുണ്ട്.
അണ്‍കാഡമി, വൈറ്റ്ഹാറ്റ് ജൂനിയര്‍, വേദാന്റു, ഫ്രണ്ട്റോ, ഉദയ്, ലിഡോ ലേണിംഗ് തുടങ്ങിയ എഡ്‌ടെക് പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്ത് പതിനായിരത്തിലധികം സ്റ്റാര്‍ടപ് ജീവനക്കാരെ പിരിച്ചുവിട്ടു. ബൈജൂസ് അതിന്റെ ടോപര്‍ ലേണിംഗ് പ്ലാറ്റ്‌ഫോമിലെ 300 ജീവനക്കാരോടും കോഡിംഗ് പ്ലാറ്റ്‌ഫോമായ വൈറ്റ്ഹാറ്റ് ജൂനിയറിലെ മറ്റൊരു 300 ജീവനക്കാരോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായി ബുധനാഴ്ച ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.
300 മില്യന്‍ ഡോളറിന് ബൈജൂസ് ഏറ്റെടുത്ത ഓണ്‍ലൈന്‍ കോഡിംഗ് പ്രൊവൈഡറായ വൈറ്റ്ഹാറ്റ് ജൂനിയര്‍, 300 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നേരത്തെ, ഏപ്രില്‍-മെയ് മാസങ്ങളില്‍ ഓഫീസിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 1,000-ലധികം ജീവനക്കാര്‍ രാജിവെച്ചിരുന്നു. ‘ഞങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനും ദീര്‍ഘകാല വളര്‍ച്ചയ്ക്കായി ബിസിനസ് മികച്ച രീതിയില്‍ നടത്തുന്നതിനും ഞങ്ങളുടെ ജീവനക്കാര്‍ക്ക് ശുഭാപ്തിവിശ്വാസം നല്‍കുന്നു’, വൃത്തങ്ങള്‍ വ്യക്തമാക്കി.
ആകാശ് എജ്യുകേഷണല്‍ സര്‍വീസസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഓഹരി ഉടമകള്‍ക്കുള്ള പേയ്‌മെന്റുകള്‍ വൈകിപ്പിച്ചുവെന്ന റിപോര്‍ടുകള്‍ക്കിടയിലാണ് ബൈജൂന്റെ പിരിച്ചുവിടലുകള്‍ വന്നത്, ഏറ്റെടുക്കല്‍ നടപടികള്‍ നടന്നുവരികയാന്നെനും ഓഗസ്റ്റില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കംപനി അറിയിച്ചു. ഡെല്‍ഹി ആസ്ഥാനമായുള്ള ഓഫ്‌ലൈന്‍ ടെസ്റ്റ് സേവന ദാതാക്കളായ ആകാശിനെ ബൈജു കഴിഞ്ഞ വര്‍ഷം ഒരു ബില്യണ്‍ ഡോളറിനാണ് ഏറ്റെടുത്തത്.
ഏപ്രിലില്‍, അണ്‍കാഡമി ഏകദേശം 600 ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും അധ്യാപകരെയും പിരിച്ചുവിട്ടു. ഏകദേശം 6,000-ത്തോളം ജീവനക്കാരുള്ള കംപനിയിലെ 10 ശതമാനം പേരെയാണ് പിരിച്ചുവിട്ടത്. നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തങ്ങളുടെ ജീവനക്കാരില്‍ ഒരു ചെറിയ ഭാഗത്തോട് (2.6 ശതമാനം അല്ലെങ്കില്‍ ഏകദേശം 150 ജീവനക്കാര്‍) പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായി ജൂണില്‍ അണ്‍കാഡമി പറഞ്ഞിരുന്നു.
ബൈജൂസ് ആപ് ഏകദേശം 150 ദശലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ പ്രതിദിനം ശരാശരി 71 മിനിറ്റ് ആപ് ചിലവഴിക്കുന്നു. തിങ്ക് & ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കംപനി ഔദ്യോഗികമായി വിളിച്ചിരുന്നത്. ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ചാന്‍-സകര്‍ബര്‍ഗ് ഇനിഷ്യേറ്റീവ്, നാസ്പേഴ്‌സ് ലിമിറ്റഡ്, ടൈഗര്‍ ഗ്ലോബല്‍ മാനജ്‌മെന്റ്, സെക്വോയ ക്യാപിറ്റല്‍ ഇന്‍ഡ്യ എന്നിവയുള്‍പെടെ പ്രമുഖ ആഗോള നിക്ഷേപകരുമുണ്ട് ഇതിന്.
കോവിഡ് -19 മഹാമാരി സമയത്ത് സ്കൂളുകളും ട്യൂഷന്‍ഗ് സെന്ററുകളും അടച്ചിടാന്‍ നിര്‍ബന്ധിതമായതിനെത്തുടര്‍ന്ന് മാതാപിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ഇതോടെ രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസുകളുടെ ജനപ്രീതി കുതിച്ചുയര്‍ന്നു. യുഎസ്, യുകെ, ബ്രസീല്‍, ഇന്‍ഡോനേഷ്യ, മെക്‌സികോ, ഓസ്‌ട്രേലിയ എന്നിവയുള്‍പെടെയുള്ള രാജ്യങ്ങളിലെ സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കുന്ന ഇന്‍ഡ്യയിലെയും മറ്റിടങ്ങളിലെയും അധ്യാപകരുമായി സഹകരിച്ച് ബൈജൂസ് അതിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചതായി ഈ വര്‍ഷം ആദ്യം ബ്ലൂംബെര്‍ഗ് റിപോര്‍ട് ചെയ്തിരുന്നു.
ബൈജൂസ് ഈ വര്‍ഷം 800 മില്യന്‍ ഡോളര്‍ സമാഹരിച്ച് അതിന്റെ മൂല്യം 22 ബില്യന്‍ ഡോളറായി ഉയര്‍ത്തിയിരുന്നു. ബിസിനസ് അതിവേഗം വിപുലീകരിക്കുന്നതിനായി ഒരു ബില്യന്‍ ഡോളറിന്റെ വിദേശ ഏറ്റെടുക്കല്‍ ധനസഹായം സമാഹരിക്കുന്നതിനുള്ള ചര്‍ചകളും കംപനി നടത്തുന്നതായി റിപോര്‍ടുണ്ട്. അതിനിടെയാണ് ചിലവ് ചുരുക്കലിന്റെ ഭാഗമായയുള്ള പിരിച്ചുവിടലുകളും നടക്കുന്നത്.