തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചവയിൽ മൂന്ന് ബില്ലുകളുടെ അനുമതി തടഞ്ഞുവച്ചിരിക്കുകയാണെന്ന് രാജ്‌ഭവന്റെ വാർത്താക്കുറിപ്പ്. ലോകായുക്ത ഭേദഗതി ബില്ലിൽ മാത്രമാണ് രാഷ്‌ട്രപതി ഒപ്പിട്ടത്.
പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാനാവുന്ന പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുള്ള ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. 2022ആഗസ്റ്റ് 30ന് നിയമസഭ പാസാക്കിയെങ്കിലും തടഞ്ഞുവച്ചിരുന്ന ബിൽ കഴിഞ്ഞ നവംബറിലാണ് ഗവർണർ രാഷ്ട്രപതിക്കയച്ചത്.
ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്നൊഴിവാക്കുന്ന കേരള യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ (ഭേദഗതി 2) 2022, യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2021 എന്നിവയ്ക്കാണ് രാഷ്‌ട്രപതി അനുമതി നിഷേധിച്ചത്.
ഇതോടെ സർവകലാശാലകളുടെ നിയന്ത്രണത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഇതിൽ ലോകായുക്ത ബില്ലിന് മാത്രമാണ് അനുമതി ലഭിച്ചത്. മൂന്ന് ബില്ലുകളിൽ തീരുമാനം എടുത്തിട്ടില്ല.
ബില്ലുകളിൽ ഒപ്പിടാത്തതിന് ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് രാഷ്ട്രപതിക്ക് ബിൽ അയച്ചത്. 1999ൽ രാഷ്ട്രപതിയുടെ അനുമതി നേടിയ ശേഷമാണ് ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചത്. അതിനാൽ ഭേദഗതിക്കും രാഷ്ട്രപതിയുടെ അനുമതി വേണമെന്നായിരുന്നു ഗവർണറുടെ നിലപാട്. ബിൽ നിയമമായാൽ സർക്കാരിന് സ്വന്തം കേസിൽ വിധിപറയാൻ സാഹചര്യമുണ്ടാവുമെന്നും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമാക്കുമെന്നും വിലയിരുത്തിയാണ് ഗവർണർ ബില്ലിൽ ഒപ്പിടാതിരുന്നത്.