തിരുവനന്തപുരം : നട്ടെല്ലിന്റെ വളവ് കാരണമുള്ള പുറംവേദനയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർഥിനി ശസ്ത്രക്രിയയ്ക്കിടെ മരിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ബന്ധുക്കൾ പരാതി നൽകി.
കാഞ്ഞിരംകുളം കാക്കലംകാനം അനീറ്റാ ഭവനിൽ സെൽവരാജിന്റെയും അനിതയുടെയും മകൾ അലീന(13) ആണ് വ്യാഴാഴ്ച മരിച്ചത്. നെല്ലിമൂട് സെയ്ന്റ് ക്രിസോസ്റ്റം ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച ബന്ധുക്കൾ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു.
അവിടെ ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ മൃതദേഹപരിശോധനയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.