പത്തനംതിട്ട: നാലുകുരുന്നുകള്‍ക്ക് പുതുജീവനേകി കുഞ്ഞുമാലാഖ ആലിന്‍ ഷെറിന്‍ എബ്രഹാം നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മടങ്ങി. അവയവദാന ചരിത്രത്തില്‍ പുതുചരിത്രം രചിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് നാടൊന്നിച്ച് വിടനല്‍കിയത്. നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സിഎസ്ഐ പള്ളിയിലായിരുന്നു സംസ്‌കാരം.
മസ്തിഷ്‌ക മരണ ശേഷം അവയവ ദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കുഞ്ഞുമകള്‍ ആലിനെ ഒരു നോക്കു കാണാന്‍ ജനസാഗരമാണ് മല്ലപ്പള്ളിയിലെ നെടുങ്ങാടപ്പള്ളിയെന്ന കൊച്ചുഗ്രാമത്തിലേക്ക് ഞായറാഴ്ച ഒഴുകിയെത്തിയത്. ആശുപത്രിയിലും ആലിന്റെ വീട്ടിലും പള്ളിയിലുമായാണ് പൊതുദര്‍ശനമുണ്ടായിരുന്നത്.
രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ ഇവിടെ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയി. പള്ളിയിലും പൊതുദര്‍ശനത്തിന് സൗകര്യമുണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും പള്ളിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, വി എന്‍ വാസവന്‍ തുടങ്ങിയവര്‍ അന്തിമോചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അവയവ ദാനത്തില്‍ രാജ്യത്ത് തന്നെ മാതൃകയാണ് ആലിനെന്ന് കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. ആലിന് അന്തിമോപചാരം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലിന്റെ അച്ഛനും അമ്മയ്ക്കും സല്യൂട്ട് എന്ന് കമല്‍ഹാസന്‍ എംപിയും പറഞ്ഞു.
ആലിന്‍ ഷെറിന് ആദരാഞ്ജലി അര്‍പ്പിക്കാനായി കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്നും ജനങ്ങള്‍ ഒഴുകി എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ആലിന്റെ അവയവങ്ങള്‍ സ്വീകരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ആലിന്റെ കരള്‍ സ്വീകരിച്ച തിരുവനന്തപുരം സ്വദേശിയായ ശ്രേയയുടെ മുത്തച്ഛന്‍ ചന്ദ്രന്‍ കണ്ണീരോടെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.
തങ്ങളുടെ കൊച്ചുമകള്‍ക്ക് ജീവിതം തിരിച്ചുനല്‍കിയ മാലാഖക്കുഞ്ഞിനെയും അവളുടെ കുടുംബത്തെയും കാണാന്‍ വേണ്ടി മാത്രമാണ് വന്നതെന്ന് ചന്ദ്രന്‍ വികാരാധീനനായി പറഞ്ഞു. ‘ആലിനെ ആലിനെ അവസാനമായി ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു. അവള്‍ കാരണമാണ് എന്റെ കൊച്ചുമകള്‍ ജീവിച്ചിരിക്കുന്നത്.
അവളുടെ കുടുംബാംഗങ്ങളെ കണ്ട് നന്ദി പറയണമെന്ന് ഉണ്ടായിരുന്നു. ആലിന്റെ അപ്പൂപ്പനെ കണ്ടു, നന്ദി പറഞ്ഞു. മാലാഖയെ കണ്ടു. എന്റെ കൊച്ചുമകള്‍ക്ക് പുതുജീവന്‍ കിട്ടിയതിന് ആ കുഞ്ഞ് നിമിത്തമായി. പക്ഷെ അവരുടെ കുടുംബത്തിന്റെ വേദനയെ കുറിച്ച് ആലോചിക്കുമ്പോള്‍ എന്ത് പറയണമെന്ന് അറിയില്ല,’ ഇടറലോടെ ചന്ദ്രന്‍ പറഞ്ഞു.
വൈകീട്ട് മൂന്നരയ്ക്ക്‌ശേഷം പള്ളിയില്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിയോടെ ജില്ലാ ഭരണകൂടത്തിന്റെ ചുമതലയില്‍, പ്രത്യേക പോലീസ് സേന ആലിന്‍ ഷെറിന ആദരവ് അര്‍പ്പിച്ചു. ബ്യൂഗിള്‍ സല്യൂട്ട് അടക്കമുള്ള പോലീസ് ബഹുമതികളോടെയായിരുന്നു സംസ്‌കാരം. നെടുങ്ങാടപ്പള്ളി വാലുമണ്ണില്‍ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകള്‍, പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ മസ്തിഷ്‌കമരണത്തെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞിന്റെ അവയവദാനം നടത്തി മാതൃകയായത്.
ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ എം.സി. റോഡില്‍ പള്ളം ബോര്‍മ കവലയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിന്‍. വെള്ളിയാഴ്ച ഉച്ചയോടെ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിന്‍ ആന്‍ ജോണിയും അവയവദാനത്തിന് തീരുമാനിച്ചത്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് പത്തുമാസം പ്രായമുള്ള ഈ കുരുന്ന്. ആലിന്റെ വൃക്കകളും കരളും ഹൃദയവാല്‍വും നാലുകുട്ടികള്‍ക്കാണ് പുതുജീവനേകുന്നത്. ഇതില്‍ രണ്ടുപേര്‍ അവയവങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. വാല്‍വ് എസ്‌ഐടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൃത്യമായ സ്വീകര്‍ത്താവിനെ ലഭിച്ചാല്‍ അവ നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലിന്‍ ചികിത്സയിലിരുന്ന അമൃത ആശുപത്രിയില്‍ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേര്‍ക്കായി നല്‍കാനാണ് തീരുമാനം.
1. കെ-സോട്ടോ (K-SOTTO)
കേരളത്തിലെ അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഔദ്യോഗിക സർക്കാർ സംവിധാനമാണ് Kerala State Organ and Tissue Transplant Organization (K-SOTTO).
- രജിസ്ട്രേഷൻ: അവയവദാനത്തിന് താല്പര്യമുള്ളവർക്ക് കെ-സോട്ടോയുടെ വെബ്‌സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരു ‘അവയവദാന കാർഡ്’ (Donor Card) ലഭിക്കും.
- നടപടിക്രമം: ഒരാൾക്ക് മസ്തിഷ്ക മരണം (Brain Death) സംഭവിച്ചതായി ഡോക്ടർമാരുടെ പാനൽ സ്ഥിരീകരിച്ചാൽ മാത്രമേ അവയവങ്ങൾ എടുക്കുകയുള്ളൂ. കെ-സോട്ടോയുടെ വെയിറ്റിംഗ് ലിസ്റ്റിലുള്ള മുൻഗണന ക്രമമനുസരിച്ചാണ് അർഹരായ രോഗികൾക്ക് അവയവങ്ങൾ നൽകുന്നത്.
- മൃതസഞ്ജീവനി: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ദാതാവിന്റെ കുടുംബത്തിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇതിലൂടെ ഉണ്ടാകില്ല.
2. എന്താണ് ‘ഗ്രീൻ കോറിഡോർ’ (Green Corridor)?
അവയവങ്ങൾ ദാതാവിന്റെ ശരീരത്തിൽ നിന്ന് മാറ്റിക്കഴിഞ്ഞാൽ അവ കൃത്യസമയത്തിനുള്ളിൽ സ്വീകർത്താവിന്റെ ശരീരത്തിൽ വെച്ചുപിടിപ്പിക്കേണ്ടതുണ്ട്. ഇതിനായി പോലീസ് ഒരുക്കുന്ന പ്രത്യേക ഗതാഗത പാതയാണിത്.
- സമയത്തിന്റെ പ്രാധാന്യം: ഹൃദയം (4-6 മണിക്കൂർ), കരൾ (8-12 മണിക്കൂർ) എന്നിങ്ങനെ ഓരോ അവയവത്തിനും നിശ്ചിത സമയപരിധിക്കുള്ളിൽ മാറ്റിവെക്കൽ പൂർത്തിയാക്കണം.
- പോലീസ് ഇടപെടൽ: ആംബുലൻസിനും പൈലറ്റ് വാഹനങ്ങൾക്കും കടന്നുപോകാൻ ആ പാതയിലെ എല്ലാ ട്രാഫിക് സിഗ്നലുകളും പച്ചയാക്കി മാറ്റുകയും മറ്റ് വാഹനങ്ങൾ തടയുകയും ചെയ്യുന്നു.
- വേഗത: സാധാരണ എടുക്കുന്ന സമയത്തിന്റെ പകുതി സമയം കൊണ്ട് അവയവങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇത് സഹായിക്കുന്നു. ആലിന്റെ കാര്യത്തിൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അവയവങ്ങൾ എത്തിച്ചത് ഇത്തരമൊരു ഗ്രീൻ കോറിഡോറിലൂടെയായിരുന്നു.
3. ആർക്കൊക്കെ അവയവം നൽകാം?
- ജീവിച്ചിരിക്കുമ്പോൾ: ഒരു വൃക്ക, കരളിലെ ഒരു ഭാഗം എന്നിവ അടുത്ത ബന്ധുക്കൾക്ക് നൽകാം.
- മരണശേഷം (Cadaver Donation): മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്ന് വൃക്കകൾ, കരൾ, ഹൃദയം, ശ്വാസകോശം, നേത്രപടലം (കണ്ണ്), തൊലി, അസ്ഥികൾ എന്നിവ ദാനം ചെയ്യാം.
അവയവദാനം മറ്റൊരാൾക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ്. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും അനുയോജ്യമായ അവയവങ്ങൾ ലഭിക്കാതെ മരണപ്പെടുന്നത്. ആലിൻ ഷെറിനെപ്പോലെയുള്ളവരുടെ ഓർമ്മകൾ ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും.
Ten-month-old Alin Sherin Abraham was laid to rest with full state honors at St. Thomas CSI Church in Nedungadapally, after becoming a symbol of hope through organ donation. Alin sustained critical injuries in a tragic car accident on MC Road and was later declared brain-dead. Despite their immense grief, her parents, Arun Abraham and Sherin Ann, took the courageous decision to donate her organs, effectively saving the lives of four other children

