കൊച്ചി:സിനിമയിൽ ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പോലീസിന്റെയും പക്കലുണ്ടെന്ന് നടനും സംവിധായകനുമായ ബാബുരാജ്. ലഹരി കാരിയർമാരിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിക്കുന്നതെന്നും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ താരം പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിനിമാ രംഗത്തു മാത്രമല്ല എവിടെയും ഇപ്പോൾ ലഹരി നിറയുകയാണെന്ന് ബാബുരാജ് പറഞ്ഞു. സിനിമാ സംഘടനകളുടെയും പൊലീസിന്റെയും കയ്യിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ മുഴുവൻ ലിസ്റ്റും ഉണ്ട്. ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവർ ഇത് ആർക്കു വേണ്ടിയാണ് കൊണ്ടു പോകുന്നതെന്ന് കൃത്യമായി പൊലീസിനോടു പറയും ‘അമ്മ’യുടെ ഓഫിസിൽ ലിസ്റ്റ് ഉണ്ട്. ഞങ്ങൾക്ക് അത് കൃത്യമായി അയച്ചു തരുന്നുണ്ടെന്നും ബാബുരാജ് പറഞ്ഞു.
“പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുമ്പോൾ ആർക്കു വേണ്ടിയാണിത് കൊണ്ടുപോവുന്നതെന്ന് പറയുന്നുണ്ട്. ഒരിക്കൽ ഇങ്ങനെ പിടിക്കപ്പെട്ടയാൾ മൊഴി കൊടുത്തിട്ട് ഒരു ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥൻ പിന്തുടർന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകെയാണ്. അന്ന് ആ വണ്ടി നിർത്തി തുറന്നു പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ ഇൻഡസ്ട്രി അന്ന് തീരും. അതൊക്കെ നഗ്നമായ സത്യങ്ങളാണ്. ആ ഉദ്യോഗസ്ഥൻ ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച് നിന്നത്.”
“പണ്ടൊക്കെ കുറച്ച് രഹസ്യമായാണ് ഇതൊക്കെ ചെയ്തു കൊണ്ടിരുന്നത്. ഒരു മറ ഉണ്ടായിരുന്നു. ഇപ്പോൾ ആ മറ മാറി, പരസ്യമായി ചെയ്യാൻ തുടങ്ങി. ഈ സിസ്റ്റം മാറണം, അല്ലാത്തതു കൊണ്ടാണ് ‘അമ്മ’യിൽ ഞങ്ങൾക്ക് മിണ്ടാതെ ഇരിക്കേണ്ടി വരുന്നത്.
ആരൊക്കെ ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്നതിന്റെ മുഴുവൻ ലിസ്റ്റും ‘അമ്മ’യിലുണ്ട്. വ്യക്തിപരമായി ഉപയോഗിക്കുമ്പോൾ പ്രശ്നമില്ല. ജോലിസ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടം പോലെ ചെയ്യൂ. ജോലിക്ക് വിളിക്കുമ്പോൾ ഫോണെടുക്കൂ. ഇതാണ് നിർമാതാക്കൾ പറഞ്ഞത്.” ബാബുരാജ് വ്യക്തമാക്കി.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഏഴു മണിക്ക് ഷൂട്ടിന് വരണമെന്ന് പറയും, അവർ വരും. നേരെ പോകുന്നത് കാരവാനിലേക്കായിരിക്കും. വരുമ്പോൾ കുളിച്ചിട്ടു പോലുമുണ്ടാവില്ല. എല്ലാം കാരവാനകത്തായിരിക്കും. എന്നിട്ട് ഷൂട്ടിങ്ങിനെത്തുന്നത് പത്തു മണിക്കായിരിക്കും. ഇവിടെയാണ് ഓൾഡ് ജനറേഷനും ന്യൂ ജനറേഷനും തമ്മിലുള്ള വ്യത്യാസമെന്നും ബാബുരാജ് പറഞ്ഞു