തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോകിന്റെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തുവന്നു. ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍) ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകിനെതിരെ സര്‍ക്കര്‍ നടപടി ഉണ്ടായിരിക്കുന്നത്. നിലവില്‍ സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിന് യുവജനക്ഷേമ വകുപ്പിന്റെ അധിക ചുമതലയും ഉണ്ടായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലുമായി വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഡോ. ബി. അശോക് സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപണച്ചാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായ പദവിയിലിരുന്ന് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും ലേഖനങ്ങളും പരിശോധിച്ചതില്‍ നിന്ന് സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയതായെന്നാണ് ഉത്തരവില്‍ പറയുന്നത്. സജീവ് ദിവാകരന്‍, കെ.ഒ. അശോകന്‍ എന്നിവരില്‍ നിന്ന് ലഭിച്ച പരാതികളും നടപടിക്ക് കാരണമായി.
വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ബി അശോക് നടത്തിയത് സര്‍ക്കാറിനെതിരായ വിമര്‍ശനാത്മക പരാമര്‍ശങ്ങളാണെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കാന്‍ തക്ക വിധത്തിലുള്ള പ്രസ്താവനകള്‍ നടത്തിയെന്നും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, ഭരണനിര്‍വ്വഹണ പ്രക്രിയകള്‍, ഭരണപരമായ വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണനിര്‍വ്വഹണം, സര്‍ക്കാര്‍ മുന്‍ഗണനകള്‍, പൊതു ധനകാര്യം, സ്ഥാപനപരമായ പ്രവര്‍ത്തനം, നയരൂപീകരണം എന്നിവയെക്കുറിച്ചുള്ള പ്രസ്തുത പ്രസ്താവനകളുടെ സ്വഭാവവും പശ്ചാത്തലവും പരിശോധിക്കുമ്പോള്‍, ഒരു ഓള്‍ ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട മിതത്വം, വിവേചനാധികാരം, രാഷ്ട്രീയ നിഷ്പക്ഷത എന്നിവയ്ക്ക് നിരക്കാത്ത രീതിയിലാണ് ഉദ്യോഗസ്ഥന്‍ പൊതുമധ്യത്തില്‍ ഇടപെട്ടതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നു. ഇത് അഖിലേന്ത്യാ സര്‍വീസ് അംഗങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന സത്യസന്ധത, കര്‍ത്തവ്യനിഷ്ഠ, മിതത്വം, രാഷ്ട്രീയ നിഷ്പക്ഷത എന്നീ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ സൂചിപ്പിക്കുന്നതായും ഉത്തരവില്‍ പറയുന്നു. മുന്‍കൂര്‍ അനുമതി വാങ്ങേണ്ട സാഹചര്യങ്ങളില്‍ പോലും, സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഇത്തരം ആശയവിനിമയങ്ങള്‍ നടത്തിയത് തെറ്റാണെന്നാണ് ഉത്തരവില്‍ പറയുന്നത്.
അതേസമയം പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് ബി അശോക് രംഗത്തുവന്നത്. സ്പെന്‍ഷന്‍ ഓര്‍ഡറില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ ഒമ്പതിന് വോട്ടര്‍മാര്‍ പുറത്താക്കിയ സര്‍ക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.'ആഭ്യന്തര പ്രക്രിയയെപ്പറ്റി പരാമര്‍ശിച്ചു. അത് വിമര്‍ശനാത്മകമാണോ എന്ന് സംശയമുണ്ട് എന്നാണ് സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ പറഞ്ഞിരിക്കുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
സിവില്‍ സര്‍വീസ് നിയമങ്ങള്‍ അനുസരിച്ച്, സസ്പെന്‍ഷന്റെ കാരണം വ്യക്തമായി അതില്‍ പരാമര്‍ശിച്ചിട്ടില്ല. പക്ഷേ, ഇതിന്റെ പേരില്‍ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ഏപ്രില്‍ ഒമ്പതിന് കേരളത്തിലെ വോട്ടര്‍മാര്‍ ഡിസ്മിസ് ചെയ്ത സര്‍ക്കാരിന്റെ സസ്പെന്‍ഷന്‍ ഉത്തരവാണിത്. ഇത് തല്‍ക്കാലം മേശപ്പുറത്ത് ഇരിക്കട്ടെ. അടുത്ത സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ ഈ കാരണമില്ലാത്ത സസ്പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചോളും.പോകുന്നതിന് മുമ്പ് ശത്രുക്കളെന്ന് സംശയിക്കുന്നവരുടെ നേര്‍ക്ക് അവര്‍ ഒരു റൗണ്ട് വെടിയുതിര്‍ക്കുന്നു എന്നേയുള്ളു.
2026 ജനുവരി 25 മുതല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ പൊതുഭരണ വകുപ്പില്‍ നടക്കുന്നുണ്ട്. ട്രിബ്യൂണലില്‍ സംസ്ഥാന മുഖ്യമന്ത്രിയെ അഞ്ച് വട്ടം കയറ്റിയ ഇന്ത്യയിലെ ഏക ഐഎഎസ് അസോസിയേഷനാണിത്. അദ്ദേഹത്തിന്റെ ചട്ടവിരുദ്ധമായ എല്ലാ നടപടികളും റദ്ദാക്കി. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ച് മാത്രമേ കേരളത്തില്‍ ഐഎഎസ് കേഡര്‍ നടത്തിക്കൊണ്ടുപോകാന്‍ പറ്റുകയുള്ളു എന്ന അന്തിമ ഉത്തരവ് വാങ്ങി നല്‍കി. ഇത് സര്‍ക്കാരിന് വലിയ മനക്ലേശമുണ്ടാക്കി. പിന്നീട് എന്നെ സര്‍ക്കാര്‍ സര്‍വീസിന് പുറത്തേക്ക് ഓടിക്കാനുള്ള ശ്രമങ്ങള്‍ വരാന്‍ തുടങ്ങി.
അതിനായി നിരവധി ഉഡായിപ്പുകളും തന്ത്രങ്ങളും പ്രയോഗിച്ചു. എന്റെ 20 കൊല്ലം ജൂനിയര്‍ ഇരിക്കേണ്ട പോസ്റ്റിലേക്ക് മാറ്റാന്‍ ശ്രമിച്ചു. അതും ട്രിബ്യൂണല്‍ മരവിപ്പിച്ചു. അങ്ങനെ എല്ലാത്തിലും നാണംകെട്ട പരാജയം ഏറ്റുവാങ്ങി.ഇതിന്റെയെല്ലാം ക്ഷീണം മാറ്റാനാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകിട്ട് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കിയത്. അത് അംഗീകാരമായി കണക്കാക്കുന്നു. സര്‍ക്കാരിന് വാഴ്ത്തുപാട്ട് പാടാന്‍ ആവില്ല. ഈ സസ്പെന്‍ഷന്‍ ഒരു അംഗീകാരമായി കാണുന്നു. കുറച്ച് കഴിയുമ്പോള്‍ അത് ചവറ്റുകുട്ടയിലേക്ക് പോകും' -ബി അശോക് പറഞ്ഞു.

